കേരള ബാങ്ക് – മലപ്പുറം ജില്ലാ ബാങ്ക് പ്രമേയം വീണ്ടും പരാജയപ്പെട്ടു.32 നെതിരെ 98 വോട്ടുകൾക്ക് പ്രമേയം തള്ളി.

adminmoonam

കേരള ബാങ്ക് – മലപ്പുറം ജില്ലാ ബാങ്ക് പ്രമേയം വീണ്ടും പരാജയപ്പെട്ടു.32 നെതിരെ 98 വോട്ടുകൾക്ക് പ്രമേയം തള്ളുകയായിരുന്നു.മലപ്പുറം ജില്ലാ സഹകരണ ബാങ്ക് സംസ്ഥാന സഹകരണ ബാങ്കിലേക്ക് ലയിക്കുന്നതിനുള്ള അനുമതി തേടിക്കൊണ്ട് രണ്ടാമത്തെ തവണ നടത്തിയ പ്രത്യേക പൊതുയോഗത്തിലും പ്രമേയം പരാജയപ്പെട്ടു. 32 നെതിരെ 98 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. രാവിലെ മലപ്പുറം ജില്ലാ ബാങ്ക് കോൺഫറൻസ് ഹാളിൽ നടന്ന പൊതുയോഗം കളക്ടറുടെ നിരീക്ഷണത്തിലായിരുന്നു. മലപ്പുറം ജില്ലാ ജോയിന്റ് രജിസ്ട്രാർ പൊതു യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ജില്ലയിൽ വോട്ടിങ്ങ് അവകാശമുള്ള എ ക്ലാസ് മെമ്പർമാരായി 131 അംഗങ്ങളാണ് ഉള്ളത്. ഇതിൽ 130 അംഗങ്ങൾ വോട്ട് ചെയ്തു. 98 പേർ എതിർത്തും 32 പേർ അനുകൂലിച്ചും വോട്ട് ചെയ്തപ്പോൾ ഒരംഗം വോട്ട് ചെയ്യാൻ എത്തിയിരുന്നില്ല. എതിർത്ത് വോട്ട് ചെയ്തവരിൽ ഒരാൾ ബിജെപി ഭരിക്കുന്ന ബാങ്ക് പ്രതിനിധിയാണ്. വോട്ട് ചെയ്യാൻ എത്താതിരുന്നത് യുഡിഎഫ് പ്രതിനിധിയാണ്.

കഴിഞ്ഞ തവണ നടത്തിയ അതേ രീതിയിലാണ് ഇത്തവണയും പൊതു യോഗം നടന്നത്. പ്രമേയം ഇത്തവണയും പരാജയപ്പെടുത്താൻ മലപ്പുറത്തെ യുഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയില്ലെന്ന് മാത്രമല്ല കേവല ഭൂരിപക്ഷം പോലും ലഭിച്ചില്ല. രണ്ടാമതും പ്രമേയം പരാജയപ്പെട്ട സാഹചര്യത്തിൽ സർക്കാർ എന്ത് തീരുമാനമെടുക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. എന്നാൽ മലപ്പുറം ജില്ലാ ബാങ്കിന്റെ കൂടി പ്രമേയ അനുമതി ലഭിച്ചാൽ മാത്രമേ ആർബിഐയുടെ അനുമതി ലഭിക്കുകയുള്ളൂ എന്ന് നിയമവിദഗ്ധർ പറയുന്നു. ഈ സാഹചര്യത്തിൽ കേരള കേരള ബാങ്കിന്റെ വരവ് നീണ്ടു പോകാനാണ് സാധ്യത.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!