കേരള ബാങ്ക് ഡിജിറ്റലാകാന്‍ അടുത്ത ഏപ്രില്‍ വരെ കാക്കണം

[mbzauthor]
കേരള ബാങ്കില്‍ ആധുനിക ബാങ്കിങ് സേവനങ്ങള്‍ ഉറപ്പാക്കാന്‍ ഇനിയും കാത്തിരിക്കണമെന്ന് മന്ത്രി വി.എന്‍. വാസവന്‍. 2022 ഏപ്രിലോടെ എല്ലാ ആധുനിക ബാങ്കിങ് സൗകര്യങ്ങളും ഇടപാടുകാര്‍ക്ക് നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മന്ത്രി വിശദീകരിച്ചു.
ജില്ലാ – സംസ്ഥാന ബാങ്കുകളുടെ ലയനത്തിന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച 19 വ്യവസ്ഥകളില്‍ ഒന്നായിരുന്നു കോര്‍ ബാങ്കിങ്. സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകളെ ഏകീകരിക്കുകയും അവയെ കോര്‍ ബാങ്കിങ്ങിലൂടെ ബന്ധിപ്പിക്കുകയും വേണമെന്നായിരുന്നു വ്യവസ്ഥ. അതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലായെന്ന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള ബാങ്ക് രൂപീകരണത്തിന് അന്തിമാനുമതി റിസര്‍വ് ബാങ്ക് നല്‍കിയത്. കേരള ബാങ്ക് നിലവില്‍വന്ന് ഒന്നര വര്‍ഷമായിട്ടും കോര്‍ ബാങ്കിങ് നടപടികള്‍ അന്തിമഘട്ടത്തിലാണ് എന്നുതന്നെയാണ് ബാങ്കിന്റെയും സര്‍ക്കാരിന്റെയും വിശദീകരണം.

ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി., മൊബൈല്‍ ബാങ്കിങ്, ഇമിഡിയറ്റ് പെയ്മെന്റ് സിസ്റ്റം ( ഐ.എം.പി.എസ്. ),  ഇന്റര്‍നെറ്റ് ബാങ്കിങ്, യു.പി.ഐ., സി.ടി.എസ്, എ.ടി.എം., മൈക്രോ എ.ടി.എം., ആധാര്‍ എനേബിള്‍ഡ് പെയ്മെന്റ് സിസ്റ്റം, ഇ-കെ.വൈ.സി., സി.കെ.വൈ.സി., പബ്ലിക് ഫിനാന്‍സ് മാനേജ്മെന്റ് സിസ്റ്റം, നാഷണല്‍ ഓട്ടോമാറ്റഡ് ക്ലിയറിങ് ഹൗസ് എന്നിങ്ങനെ ന്യൂജനറേഷന്‍ ബാങ്കുകളോട് കിടപിടിക്കുന്ന തരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി കേരള ബാങ്ക് തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതിനുള്ള സേവനദാതാക്കളെ തിരഞ്ഞെടുക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ചേര്‍ന്നുള്ള കേരള ബാങ്കിന് നിലവില്‍ 769 ശാഖകളാണുള്ളത്. ഇപ്പോള്‍ ഓരോ ജില്ലാ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും പ്രത്യേകം സോഫ്റ്റ്‌വെയറിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വ്യത്യസ്ത കോര്‍ ബാങ്കിങ് സൊല്യൂഷനില്‍ പ്രവര്‍ത്തിക്കുന്ന കേരള ബാങ്കിന്റെ ജില്ലാ ഓഫീസുകളിലെ ഐ.ടി. സംയോജനം സങ്കീര്‍ണമായ ഒരു പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.