കേരള ബാങ്കിന്റെ കടന്നു വരവിൽ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ആശങ്കവേണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി
കേരള ബാങ്കിന്റെ കടന്നുവരവിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഒട്ടും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കട്ടപ്പനയിൽ നടക്കുന്ന അറുപത്തിയാറാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാഥമിക സഹകരണ സംഘങ്ങൾ ഇപ്പോൾ പ്രവർത്തിച്ചു വരുന്ന രീതിയിൽ തന്നെയാണ് ഇനിയും പ്രവർത്തിക്കേണ്ടത്. അതിൽ ഒരു മാറ്റവുമില്ല. പ്രാഥമിക സഹകരണ സംഘം പ്രതിനിധികളാണ് കേരള ബാങ്കിന്റെ ഭരണസമിതിയെന്നും മന്ത്രി പറഞ്ഞു. മാത്രവുമല്ല കേരള ബാങ്കിന്റെ പ്രവർത്തന സൗകര്യങ്ങളുടെ ടച്ച് പോയിന്റ് ആയി പ്രവർത്തിക്കാൻ പ്രാഥമിക സഹകരണ ബാങ്കുകൾക് ആകുമെന്ന് മന്ത്രി അറിയിച്ചു.
മന്ത്രി എം.എം. മാണി മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ജനപ്രതിനിധികൾ, സഹകരണ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ, സഹകാരികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം “കേരള ബാങ്ക് “എന്ന വിഷയത്തിൽ സെമിനാർ നടക്കും. വൈകിട്ട് നടക്കുന്ന സഹകരണ ഘോഷയാത്രയിൽ അയ്യായിരത്തിലധികം സഹകാരികൾ പങ്കെടുക്കും. രാവിലെ സഹകരണസംഘം രജിസ്ട്രാർ ഡോക്ടർ പി.കെ.ജയശ്രീ ഐ.എ.എസ് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.