കേരള ബാങ്കിനായി കാത്തിരിക്കാം

User

 

കേരളബാങ്കിനുള്ള അവസാന കടമ്പയും കടന്നു. ജില്ലാ സഹകരണ ബാങ്കുകളുടെ പൊതുയോഗത്തില്‍ ലയനത്തിന് അംഗീകാരം നേടുകയെന്നതായിരുന്നു പ്രധാനമായും ബാക്കിയുണ്ടായിരുന്ന കടമ്പ. അത്, സര്‍ക്കാര്‍ ലക്ഷ്യമിട്ടരീതിയില്‍ പൂര്‍ണമായി ഫലം കണ്ടില്ലെങ്കിലും , കേരളബാങ്ക് രൂപവത്കരണത്തിന് വിലക്കുവീഴുന്ന രീതിയിലായില്ലെന്നത് ആശ്വാസകരമാണ്. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച 19 ഉപാധികള്‍ പൂര്‍ത്തിയാക്കിയതിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെയും നബാര്‍ഡിനെയും അറിയിച്ചു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഇരു സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരെക്കണ്ട് കേരളബാങ്കിനായി ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദീകരിച്ചത്. നബാര്‍ഡും റിസര്‍വ് ബാങ്കും കേരളത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്നാണ് മന്ത്രി നല്‍കിയ വിശദീകരണം. ഇനി കാത്തിരിപ്പിന്റെ നാളുകളാണ്. സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് തുടര്‍നടപടി സ്വീകരിക്കേണ്ടത് റിസര്‍വ് ബാങ്കാണ്. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം ഇനി സര്‍ക്കാരിന് ലഭിക്കണം. ഇതിന് ശേഷമാണ് ജില്ലാബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കേണ്ടത്.

ജില്ലാ ബാങ്ക് പൊതുയോഗത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലയനപ്രമേയം അംഗീകരിക്കണമെന്നായിരുന്നു നേരത്തെ റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദ്ദേശം. ഒമ്പത് ജില്ലാ ബാങ്കുകളിലാണ് ഈ നിബന്ധന പാലിക്കപ്പെട്ടത്. നാലിടത്ത് കേവല ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചു. മലപ്പുറം ജില്ലാബാങ്ക് ലയനത്തെ അംഗീകരിച്ചില്ല. ഇതായിരുന്നു പൊതുയോഗത്തിന് ശേഷമുള്ള അവസ്ഥ. മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന നിബന്ധന റിസര്‍വ് ബാങ്ക് നിര്‍ബന്ധമാക്കുമോയെന്ന ആശങ്കയായിരുന്നു നിലവിലുണ്ടായിരുന്നത്. കേരള സഹകരണ നിയമത്തില്‍ കേവല ഭൂരിപക്ഷത്തോടെ ലയന പ്രമേയം പാസാക്കിയാല്‍ മതിയെന്ന വ്യവസ്ഥയാണുള്ളത്. ഇതനുസരിച്ച് 13 ജില്ലാ ബാങ്കുകളും ലയനത്തെ അനുകൂലിച്ചുവെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതില്‍ അവ്യക്തതയും ആശയക്കുഴപ്പവുമുണ്ടാകാതിരിക്കാനാണ് മന്ത്രിയുടെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്ക്- നബാര്‍ഡ് ഉദ്യോഗസ്ഥരെ കണ്ടത്. 14 ജില്ലാ ബാങ്കിലെയും മൊത്തത്തിലുള്ള അംഗങ്ങളുടെ കണക്കെടുത്താല്‍ ഇതില്‍ മൂന്നില്‍ രണ്ടുപേരും കേരളബാങ്കിനെ അനുകൂലിക്കുന്നവരാണെന്ന കണക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

സമ്മര്‍ദ്ദം നിറഞ്ഞ
പൊതുയോഗം

സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു ജില്ലാ ബാങ്കുകളുടെ പൊതുയോഗം. എല്ലാ ജില്ലാ ബാങ്കുകളിലും ഒരേ ദിവസം ഒരേസമയത്തായിരുന്നു പൊതുയോഗം. ഒരു പൊതുതിരഞ്ഞെടുപ്പിന്റെ സമ്മര്‍ദ്ദം സഹകാരികളില്‍ നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്. എത്ര ജില്ലാ ബാങ്കുകള്‍ ലയനത്തെ അനുകൂലിക്കും എത്രയിടത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കും എന്നീ കാര്യങ്ങളിലായിരുന്നു ആകാംക്ഷ. ഏഴിടത്ത് ഹൈക്കോടതി നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. പൊതുയോഗത്തില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് പ്രതിപക്ഷ കക്ഷികളുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ഇടപെടല്‍. കോട്ടയം, തൃശൂര്‍, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ജില്ലാകളക്ടര്‍മാരെ ഹൈക്കോടതി നിരീക്ഷകരാക്കി. എന്നാല്‍, ഒരിടത്തും പ്രശ്‌നമൊന്നുമില്ലാതെയാണ് പൊതുയോഗം പൂര്‍ത്തിയാക്കിയത്.

ആദ്യം കൊല്ലത്താണ് ഫലപ്രഖ്യാപനം നടന്നത്. ഇവിടെ കൈപൊക്കിയായിരുന്നു തിരഞ്ഞെടുപ്പ്. മറ്റിടങ്ങളില്‍ രഹസ്യബാലറ്റ് ഉപയോഗിച്ചു. ആലപ്പുഴയിലാണ് അവസാനം ഫലം പുറത്തുവന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലാബാങ്കുകളുടെ പൊതുയോഗമാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലയനത്തെ അനുകൂലിച്ചത്. കോട്ടയം, എറണാകുളം, വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ കേവല ഭൂരിപക്ഷത്തോടെ പാസായി. കാസര്‍കോട്ട് ബി.ജെ.പി. നിലപാട് നിര്‍ണായകമായിരുന്നു. വോട്ടവകാശമുള്ള 65 അംഗങ്ങളാണ് കാസര്‍കോട് ജില്ലാബാങ്കിലുണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ ബി.ജെ.പി. അനുകൂലികളാണ്. ഇവര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. നാല് അംഗങ്ങള്‍ പങ്കെടുത്തില്ല. ബാക്കിയുള്ള 50 പേരില്‍ 34 പേര്‍ പ്രമേയത്തെ അനുകൂലിച്ചും 16 പേര്‍ എതിര്‍ത്തും വോട്ടുചെയ്തു. പങ്കെടുത്ത് വോട്ടുചെയ്യുന്നവരുടെ എണ്ണമാണ് ഭൂരിപക്ഷം നിര്‍ണയിക്കുന്നതിന് കണക്കാക്കുക. ബി.ജെ.പി. ബഹിഷ്‌കരിച്ചതോടെ 34 പേരുടെ പിന്തുണ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടാക്കി. വായ്പാസംഘങ്ങള്‍ക്ക് മാത്രമായി വോട്ടവകാശം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരിച്ചതെന്നാണ് ബി.ജെ.പി.യുടെ വിശദീകരണം.

ജില്ല, ആകെ വോട്ടു ചെയ്തവര്‍, അനുകൂലിച്ചവര്‍ , എതിര്‍ത്തവര്‍ എന്ന ക്രമത്തില്‍ :

തിരുവനന്തപുരം: 112 – 94 – 18 , കൊല്ലം : 110 – 86 -24, പത്തനംതിട്ട : 102 -81 -21 , കോട്ടയം : 120 – 79 – 40, ആലപ്പുഴ : 172 – 116 -52, ഇടുക്കി : 73 – 42 – 31, എറണാകുളം : 159 – 102 – 56, തൃശ്ശൂര്‍ : 155 – 106 – 48 , പാലക്കാട് : 93 – 63 – 28, മലപ്പുറം : 129 – 32 – 97 , കോഴിക്കോട് : 106 – 83 – 23 , വയനാട് : 33 – 20- 13, കണ്ണൂര്‍ : 128 – 95 -29, കാസര്‍കോട് : 50 – 34 -16.
കണ്ണൂരില്‍ നാലു വോട്ടും എറണാകുളം ,കോട്ടയം എന്നിവിടങ്ങളില്‍ ഓരോ വോട്ടു വീതവും അസാധുവായി.

അന്തിമാനുമതി
കോടതി നിരീക്ഷണത്തില്‍

കേരളബാങ്ക് രൂപവത്കരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാരിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നബാര്‍ഡ്, റിസര്‍വ് ബാങ്ക് എന്നീ സ്ഥാപനങ്ങളെ സമീപിക്കുന്നതിനോ ചര്‍ച്ച നടത്തുന്നതിനോ സര്‍ക്കാരിന് തടസ്സമില്ല. പക്ഷേ, ഇതു സംബന്ധിച്ച് അന്തിമ ഉത്തരവിറക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അത് കോടതിയുടെ അനുമതിയോടെ മാത്രമായിരിക്കണമെന്നാണ് നിര്‍ദ്ദേശം. ഉദ്വേഗം നിറഞ്ഞ വാദങ്ങളും നിരീക്ഷണങ്ങളുമായിരുന്നു ഹൈക്കോടതിയില്‍ കേസ് പരിഗണിച്ച ഘട്ടത്തിലെല്ലാം ഉണ്ടായത്. മൂന്നു ഘട്ടമായാണ് കേസ് പരിഗണിച്ചത്. രണ്ടു ഘട്ടങ്ങളിലെ വാദത്തിലും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന സ്വരമായിരുന്നു കോടതിയുടേത്. കോടതിയുടെ അനുമതിയില്ലാതെ കേരളബാങ്ക് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ക്കും ഉത്തരവുകള്‍ക്കും വിലക്കുണ്ടായിരുന്നു. ജില്ലാബാങ്ക് പൊതുയോഗത്തിന് മുമ്പ് കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇത്. പൊതുയോഗത്തിന് നിരീക്ഷകനെ നിയോഗിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോടതി സ്വരം കടുപ്പിക്കുന്നുവെന്ന തോന്നലായിരുന്നു ഈ ഘട്ടത്തിലുണ്ടായിരുന്നത്. എന്നാല്‍, മാര്‍ച്ച് 12 ന് നല്‍കിയ ഉത്തരവില്‍ കോടതി സര്‍ക്കാരിന് ആശ്വാസകരമാകുന്ന നിലപാടാണ് സ്വീകരിച്ചത്.

ജില്ലാ സഹകരണ ബാങ്കുകളിലെ എല്ലാ പൊതുയോഗങ്ങളും കഴിഞ്ഞതായും ഒന്നൊഴികെ എല്ലാ ബാങ്കുകളും ലയന തീരുമാനം അംഗീകരിച്ചതായും അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.കെ. രവീന്ദ്രനാഥ് കേസ് പരിഗണിച്ച ഘട്ടത്തില്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതില്‍ ഒമ്പത് ജില്ലാ ബാങ്കുകള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലും നാലെണ്ണം കേവല ഭൂരിപക്ഷത്തിലുമാണ് പ്രമേയം പാസാക്കിയത്. കേരള സഹകരണ നിയമമനുസരിച്ച് കേവലഭൂരിപക്ഷത്തില്‍ പ്രമേയം പാസാക്കിയാല്‍ മതിയാകും. ഇതുള്‍പ്പടെയുള്ള എല്ലാ വിവരങ്ങളും റിസര്‍വ് ബാങ്കിനും നബാര്‍ഡിനും അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും എ.എ.ജി. കോടതിയെ അറിയിച്ചു.

ജോര്‍ജ് പൂത്തോട്ടമായിരുന്നു പരാതിക്കാര്‍ക്കായി ഹാജരായ അഭിഭാഷകരില്‍ പ്രധാനി. കേവല ഭൂരിപക്ഷമെന്നത് റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു. അതിനാല്‍, റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും തീരുമാനമുണ്ടാകുന്നതുവരെ കോടതി ഇത് സംബന്ധിച്ച് ഒരു ഉത്തരവിറക്കരുതെന്നും അദ്ദേഹം വാദിച്ചു. പൊതുയോഗ നടപടികള്‍ റിസര്‍വ് ബാങ്കിനെയും നബാര്‍ഡിനെയും അറിയിച്ച സാഹചര്യത്തില്‍ അതിനുള്ള നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, റിസര്‍വ് ബാങ്കിന്റെയോ നബാര്‍ഡിന്റെയോ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഒരു നടപടിയും ഉണ്ടാകാന്‍ പാടില്ല. സര്‍ക്കാരിന്റെ അപേക്ഷ ആര്‍.ബി.ഐ.യും നബാര്‍ഡും വിശദമായി പരിശോധിച്ച് തീരുമാനമെടുക്കട്ടെ. നബാര്‍ഡിന്റെയും റിസര്‍വ് ബാങ്കിന്റെയും അനുമതിയില്ലെങ്കിലും ലയനം നടത്താമെന്നാണ് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ പറഞ്ഞത്. എന്നാല്‍, ലയനം സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ അന്തിമ ഉത്തരവ് ഇറക്കാന്‍ പാടില്ല. അത് കോടതിയുടെ തീരുമാനത്തിന് ശേഷമായിരിക്കണം. ഇതാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.

ഇനി റിസര്‍വ് ബാങ്ക്
തീരുമാനിക്കും

കേരളബാങ്ക് രൂപവത്കരണത്തില്‍ ഇനി റിസര്‍വ് ബാങ്കിന്റെ നിലപാടാണ് നിര്‍ണായകമാവുക. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവര്‍ രേഖാപരമായി എന്തു മറുപടി നല്‍കുമെന്ന് വ്യക്തമായിട്ടില്ല. ലയനത്തിന് പൊതുയോഗത്തിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെന്നത് പൊതുനിബന്ധനയാണെന്നാണ് ആര്‍.ബി.ഐ.-നബാര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഇതില്‍ അവര്‍ മാറ്റം വരുത്തിയാല്‍ അത് കേരളത്തിന് നേട്ടമാകും.

സഹകരണ മന്ത്രിയുടെ നേതൃത്വത്തില്‍ നബാര്‍ഡിന്റെയും റിസര്‍വ് ബാങ്കിന്റെയും ഉദ്യോഗസ്ഥരെ നേരില്‍ക്കണ്ട് കേരളബാങ്ക് സംബന്ധിച്ച കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് റിസര്‍വ് ബാങ്കാണ്. വായ്‌പേതര സംഘങ്ങള്‍ക്ക് കേരളബാങ്ക് ഭരണസമിതിയില്‍ പ്രാതിനിധ്യം നല്‍കണം, ലയനത്തിന് മുമ്പ് ഓഹരിമൂല്യം നിശ്ചയിക്കണം എന്നിങ്ങനെ നബാര്‍ഡ് ഏര്‍പ്പെടുത്തിയ അധിക നിബന്ധന പാലിക്കാനാവാത്തതാണെന്ന് സര്‍ക്കാര്‍ നബാര്‍ഡ് ചെയര്‍മാനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന് എതിര്‍പ്പില്ലെങ്കില്‍ നിബന്ധന ഒഴിവാക്കാവുന്നതേയുള്ളുവെന്നാണ് നബാര്‍ഡ് നല്‍കിയ ഉറപ്പെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്തായാലും റിസര്‍വ് ബാങ്കിന്റെ തീരുമാനമാണ് ഇനി നിര്‍ണായകം. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ആര്‍.ബി.ഐ. നിലപാട് നിര്‍ണായകമാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന നിര്‍ദ്ദേശത്തില്‍ ആര്‍.ബി.ഐ. ഇളവ് നല്‍കിയാല്‍ കേരളബാങ്ക് രൂപവത്കരണം വേഗത്തിലാകും. കോടതിയിലെ കേസുകളിലും വേഗം തീര്‍പ്പുണ്ടാകും.

മലപ്പുറം ജില്ലാബാങ്കിന്റെ നിലനില്‍പ് സംബന്ധിച്ചുള്ളതാണ് പിന്നീടുള്ള പ്രശ്‌നം. യു.ഡി.എഫുമായി സര്‍ക്കാരിന് രാഷ്ട്രീയ സമന്വയം ഉണ്ടാക്കാനായില്ലെങ്കില്‍ മലപ്പുറം ജില്ലാബാങ്ക് കേരളബാങ്കിനു പുറത്തുതന്നെ നില്‍ക്കും. പക്ഷേ, ഇപ്പോഴത്തെ സഹകരണ നിയമത്തില്‍ സെന്‍ട്രല്‍ സൊസൈറ്റി എന്ന നിലയില്‍ ജില്ലാബാങ്കുകള്‍ക്ക് നിലനില്‍ക്കാന്‍ വ്യവസ്ഥയില്ല. കേരളബാങ്ക് വരുന്നതോടെ ജില്ലാബാങ്കുകള്‍ അസാധുവാകുമെന്നാണ് വ്യവസ്ഥ. ഇതില്‍ മാറ്റംവരുത്തിയാലെ മലപ്പുറം ജില്ലാബാങ്കിന് നിലനില്‍ക്കാനാകൂ. അതിനുള്ള വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ടിവരും. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ബാങ്കായതിനാലും ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ പരിധിയിലുള്ളതിനാലും മലപ്പുറം ജില്ലാബാങ്കിനെ അസാധുവാക്കാന്‍ സര്‍ക്കാരിനാവില്ല. അതിന് റിസര്‍വ് ബാങ്കും നബാര്‍ഡും അംഗീകാരം നല്‍കുകയുമില്ല. ഇതിലെ അംഗങ്ങളായ പ്രാഥമിക വായ്പാ സംഘങ്ങള്‍ക്ക് കേരളബാങ്കില്‍ അംഗങ്ങളാകാനാവുമോ മലപ്പുറം ജില്ലയില്‍ മൂന്നു തട്ടിലുള്ള വായ്പാഘടന നിലനില്‍ക്കുമോ എന്നതൊക്കെ തര്‍ക്കവിഷയങ്ങളാണ്. അതിനാല്‍, കേരളബാങ്ക് വന്നാലും മലപ്പുറവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ നീളുകയും നിയമത്തര്‍ക്കങ്ങള്‍ തുടരുകയും ചെയ്യും.

സാങ്കേതിക സംവിധാനത്തിന്
23 കമ്പനികള്‍

കേരളബാങ്ക് രൂപവത്കരണത്തില്‍ റിസര്‍വ് ബാങ്ക് അനുമതിക്കുള്ള നടപടികള്‍ ഒരു വശത്തും നിയമത്തര്‍ക്കം മറുവശത്തും തുടരുന്നതിനിടയില്‍ മറ്റ് ഒരുക്കങ്ങളുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍. കേരളബാങ്കിന് സാങ്കേതിക സംവിധാനമൊരുക്കാനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. 23 കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്നാണ് സൂചന. കോര്‍ബാങ്കിങ്, എ.ടി.എം. സ്വിച്ച് തുടങ്ങിയ സാങ്കേതിക സംവിധാനമൊരുക്കുന്നതിനുള്ളതാണ് ടെന്‍ഡര്‍. നേരത്തെ ടാസ്‌ക്‌ഫോഴ്‌സ് പ്രവര്‍ത്തിച്ചിരുന്ന ഘട്ടത്തില്‍ ഒരു ടെന്‍ഡര്‍ നടത്തിയിരുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കിയുള്ളതാണ് ഇപ്പോഴത്തെ നടപടി. ആദ്യത്തെ ടെന്‍ഡറില്‍ നല്ലകമ്പനികളുടെ പങ്കാളിത്തം ഇല്ലാതായതാണ് ഇത് റദ്ദാക്കാന്‍ കാരണമായത്.

കേരളബാങ്കിനായി ഒരുക്കേണ്ട സംവിധാനങ്ങളെക്കുറിച്ച് കമ്പനികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കിക്കഴിഞ്ഞു. ദേശീയതലത്തില്‍ ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്‍നിര സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ കേരളബാങ്കിനായുള്ള ടെന്‍ഡറില്‍ പങ്കെടുത്തിട്ടുണ്ട്. നേരത്തെ രൂപവത്കരിച്ച ഐ.ടി. ഉപസമിതിയുടെ നേതൃത്വത്തിലാണ് ഇപ്പോഴും ടെന്‍ഡര്‍ നടപടികളും വിലയിരുത്തലുകളും നടത്തുന്നത്. കേരളബാങ്കിന് ഒരു മുഖ്യ ചുമതലക്കാരനില്ലെന്നത് ഒരു പ്രശ്‌നമായി അലട്ടുന്നുണ്ട്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചെങ്കിലും യോഗ്യതയുള്ളവരാരും അപേക്ഷിച്ചിട്ടില്ലെന്നാണ് സൂചന. അതാണ് നിയമനം വൈകുന്നത്.

കേരള ബാങ്ക് ഉടന്‍
– മന്ത്രി കടകംപള്ളി

കേരളബാങ്ക് രൂപവത്കരണത്തിനുള്ള ലയനതീരുമാനത്തിന് മലപ്പുറം ജില്ലാബാങ്ക് ഒഴികെ ബാക്കി പതിമൂന്നിടത്തും പൊതുയോഗം അംഗീകാരം നല്‍കിയെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള ബാങ്ക് എന്ന വലിയ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ നിശ്ചയിച്ച രീതിയില്‍ തന്നെ കേരള ബാങ്ക് നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.

ലയനത്തിന് എതിരായ നിലപാട് തുടക്കം മുതല്‍ കൈക്കൊണ്ടു വന്ന യു.ഡി.എഫ് നേതൃത്വത്തിന് തിരിച്ചടിയാണ് ലയന തീരുമാനത്തിന് ലഭിച്ച അംഗീകാരം. വ്യാജ കത്തുകളും കോടതിക്കേസുകളും നിരവധിയുണ്ടായി. പൊതുയോഗത്തില്‍ അലങ്കോലമുണ്ടാകുമെന്ന വ്യാജപ്രചരണം അഴിച്ചു വിട്ടു. ഒമ്പതു ജില്ലകളില്‍ കളക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് വോട്ടിങ് നടന്നത്. കേരളത്തിലൊരിടത്തും ഒരുവിധ പ്രശ്‌നങ്ങളും ഉണ്ടാകാതെയാണ് വോട്ടിങ് നടപടികള്‍ പൂര്‍ത്തിയായത്. ജില്ലാ സഹകരണ ബാങ്കുകളുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ 68 ശതമാനം സംഘങ്ങളും കേരള ബാങ്കിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. മലപ്പുറം ഒഴികെയുള്ള 13 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുന്നതിനുള്ള തീരുമാനം പാസ്സാക്കി. നിലവിലെ സംസ്ഥാന സഹകരണ നിയമമനുസരിച്ച് ജില്ലാ സഹകരണ ബാങ്കുകളുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് വോട്ട് ചെയ്യുന്നവരുടെ കേവല ഭൂരിപക്ഷം മാത്രമാണ് ലയനതീരുമാനത്തിന് വേണ്ടത്്- അദ്ദേഹം അറിയിച്ചു.

കേരളബാങ്ക് ചാപിള്ളയാകും
ശൂരനാട് രാജശേഖരന്‍

ലയനതീരുമാനത്തിന് അഞ്ചു ജില്ലാ ബാങ്ക് പൊതുയോഗത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകാരം നേടാനാവാതെ വന്നതിനാല്‍ സര്‍ക്കാരിന്റെ കേരളാബാങ്ക് എന്ന ആശയം ചാപിള്ളയാകുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡോ. ശൂരനാട് രാജശേഖരന്‍ പറഞ്ഞു.

കേരളബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് 19 റിട്ട് ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്. ഈ ഹര്‍ജികളില്‍ കോടതിയില്‍ നിന്ന് അന്തിമതീരുമാനം വന്നശേഷം മാത്രമേ കേരളബാങ്ക് രൂപവത്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാവൂ എന്ന് നബാര്‍ഡും റിസര്‍വ് ബാങ്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് എം.പിമാരും നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കും നബാര്‍ഡും ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. എന്നാല്‍, നബാര്‍ഡിന്റെയും റിസര്‍വ് ബാങ്കിന്റെയും നിര്‍ദ്ദേശം മറികടന്ന് കേരളബാങ്ക് രൂപവത്കരണത്തിനായി കോടികളാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. നൂറ്റാണ്ടു പഴക്കമുള്ള ജില്ലാ ബാങ്കുകളെ തകര്‍ത്ത് ഇവിടങ്ങളിലെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം വഴിതിരിച്ചുവിട്ട് അഴിമതി നടത്താനായിരുന്നു സര്‍ക്കാരിന്റെ ശ്രമം – രാജശേഖരന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published.