കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ധര്‍ണ നടത്തി

Deepthi Vipin lal

കേരള ബാങ്ക് നിയമനങ്ങളില്‍ പ്രാഥമിക സഹകരണ സംഘം ജീവനക്കാര്‍ക്കുള്ള 50 ശതമാനം സംവരണം നിലനിര്‍ത്തുക, നിയമനങ്ങളില്‍ മുഴുവന്‍ സഹകരണ സംഘം ജീവനക്കാരെയും പരിഗണിക്കുക, മറ്റ് സംഘങ്ങള്‍ക്കുള്ള വായ്പാ വിതരണം മിതമായ നിരക്കില്‍ തുടരുക, സൊസൈറ്റികള്‍ക്ക് നല്‍കാനുള്ള ഡിവിഡന്റ് കുടിശ്ശിക നല്‍കുക, മുഴുവന്‍ പ്രാഥമിക സഹകരണ സംഘം ജീവനക്കാര്‍ക്കും പലിശ കുറഞ്ഞ വായ്പകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോ – ഓപ്പറേറ്റിവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ( എച്ച്.എം.എസ് ) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള ബാങ്കിന്റെ കണ്ണൂര്‍ റീജിയണല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ സി.എം.പി. സംസ്ഥാന അസി. സെക്രട്ടറി സി.എ. അജീര്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ സഹകരണ മേഖലയില്‍ ത്രീ ടയര്‍ സംവിധാനം വന്നതു മുതല്‍ ജില്ലാ സഹകരണ ബാങ്കുകളിലെ നിയമനങ്ങളില്‍ 50 ശതമാനം പ്രാഥമിക സഹകരണ സംഘം ജീവനക്കാര്‍ക്ക് സംവരണം ചെയ്തിരുന്നു. ജില്ലാ സഹകരണ ബാങ്കുകളിലെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് കൈമാറിയപ്പോഴും പ്രാഥമിക സഹകരണ സംഘം ജീവനക്കാര്‍ക്കുള്ള ഈ സംവരണം നിലനിര്‍ത്തിയിരുന്നു. ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ച് കേരളാ ബാങ്കായപ്പോള്‍ പ്രാഥമിക സഹകരണ സംഘം ജീവനക്കാര്‍ക്കുളള സംവരണം 25 ശതമാനമായി കുറയ്ക്കുകയും അത് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘം ജീവനക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയുമാണ്. കേരള ബാങ്ക് നിയമനങ്ങളില്‍ 50 ശതമാനം സംവരണം നിലനിര്‍ത്തണമെന്നും മുഴുവന്‍ സഹകരണ സംഘം ജീവനക്കാരെയും പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണു സമരം.

കേരള ബാങ്കിന്റെ പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ പുതുതായി തുടങ്ങിയ സഹകരണ സംഘങ്ങള്‍ക്ക് അംഗത്വം ലഭിക്കുന്നില്ല. ഇത്തരം സംഘങ്ങളുടെ ഇടപാടുകളും ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളും കേരള ബാങ്കിലുണ്ട്. അംഗത്വം ഇല്ലാത്തതിനാല്‍ അടിയന്തിര ഘട്ടങ്ങളില്‍പ്പോലും വായ്പ ലഭിക്കാതെ ഇത്തരം സംഘങ്ങള്‍ പ്രയാസമനുഭവിക്കുകയാണ്. മറ്റു സംഘങ്ങള്‍ക്കുള്ള വായ്പാ വിതരണം മിതമായ നിരക്കില്‍ നല്‍കുക എന്നതാണ് സംഘടനയുടെ മറ്റൊരാവശ്യം.

Leave a Reply

Your email address will not be published.

Latest News