കേരളാ ബാങ്ക്; സംഘടനകളുടെ നിര്‍ദ്ദേശം മന്ത്രിക്ക് സമര്‍പ്പിച്ചു
കേരളാ ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ വിഷയങ്ങളില്‍ ജില്ലാ – സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ സംയുക്തമായി തയാറാക്കിയ നിര്‍ദ്ദേശങ്ങള്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് സമര്‍പ്പിച്ചു.
കഴിഞ്ഞമാസം 12ാം തീയ്യതി സംഘടനാ പ്രതിനിധികളുമായി സഹകരണ മന്ത്രി നടത്തിയ ചര്‍ച്ചയില്‍, കേരളാ ബാങ്കിന് മുന്നോടിയായി ജീവനക്കാരുടെ HR വിഷയങ്ങള്‍ സംബന്ധിച്ച് സംഘടനകള്‍ സംയുക്തമായി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ ബാങ്ക് ജീവനക്കാരുടെ മൂന്ന് സംഘടനകളും സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരുടെ രണ്ട് സംഘടനകളും തൃശൂര്‍ ,എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ സംയുക്ത യോഗം ചേര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കുകയായിരുന്നു.
ജീവനക്കാരുടെ കേഡര്‍ സംയോജനം, സീനിയോരിറ്റി വിഷയങ്ങളില്‍ ഇരുസംഘടനകള്‍ക്കും പരസ്പരം യോജിപ്പിലെത്താന്‍ കഴിയാത്തതുകൊണ്ട് പ്രസ്തുത വിഷയങ്ങളില്‍ മാത്രം ജില്ലാ ബാങ്ക് ജീവനക്കാരുടെയും സംസ്ഥാന ബാങ്ക് ജീവനക്കാരുടെയും സംഘടനകള്‍ വ്യത്യസ്തമായ നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു.
എല്ലാ ബാങ്കുകള്‍ക്കും ക്ലാസ്സിഫിക്കേഷന്‍ നോംസ് പ്രകാരം അര്‍ഹമായ തസ്തികകള്‍ക്ക് ലയനത്തിന് മുമ്പായി അനുമതി നല്‍കണം, 1-4-2017 മുതലുള്ള ശമ്പള പരിഷ്കരണം ലയനത്തിന് മുമ്പായി നടപ്പിലാക്കണം, നിലവിലുള്ള ശിപായി തസ്തികയിലെ ഒഴിവിലേക്കും, ക്ലാസ്സിഫിക്കേഷന്‍ പരിഷ്ക്കരണത്തെ തുടര്‍ന്നുണ്ടാകുന്ന ഒഴിവുകളിലേയ്ക്കും അര്‍ഹരായ പി.ടി.എസുമാര്‍ക്ക് സീനിയോറിറ്റി അടിസ്ഥാനത്തില്‍ പ്രമോഷന്‍ നല്‍കണം, ജില്ലാ ബാങ്ക് ജീവനക്കാരുടെ സര്‍വ്വീസ് റഗുലേഷന്‍ സംരക്ഷിക്കണം; കാലോചിതമായി പരിഷ്ക്കരിക്കണം, വെല്‍ഫെയര്‍ ഫണ്ട് -പെന്‍ഷന്‍ പദ്ധതികള്‍ പരിഷ്കരിക്കണം, ജീവനക്കാരുടെ പ്രതിനിധികള്‍ക്ക് ഭരണസമിതിയില്‍ പ്രാതിനിധ്യം അനുവദിക്കണം, ജില്ലാ – സംസ്ഥാന ബാങ്ക് ജീവനക്കാരുടെ കേഡര്‍ സംയോജനത്തില്‍ സാമാന്യ നീതി നടപ്പിലാക്കി ഇരു ബാങ്കുകളിലെയും ഒരേ കേഡറിലെ ജീവനക്കാരെ കേരളാ ബാങ്കില്‍ തുല്യരായി സംയോജിപ്പിക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
ജില്ലാ – സംസ്ഥാന ബാങ്ക് ജീവനക്കാരുടെ സംഘടനാ നേതാക്കളായ വി.ബി.പത്മകുമാര്‍, സി.കെ.അബ്ദുറഹിമാന്‍, കെ ചന്ദ്രശേഖരന്‍ നായര്‍, സി.ബാലസുബ്രമണ്യന്‍, പി.പ്രദീപ് കുമാര്‍, എന്‍.ജയമോഹന്‍, ടി.ആര്‍.രമേഷ്, ആര്‍.രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്.