കേരളാബാങ്കിന് ഉപാധികളോടെ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയേക്കും

[email protected]

കേരള ബാങ്കിന് റിസര്‍വ് ബാങ്ക് ഉപാധികളോടെ അനുമതി നല്‍കിയേക്കും. ഇതുസംബന്ധിച്ചുള്ള ആശയക്കുഴപ്പം സംസ്ഥാനത്ത് നിലനില്‍ക്കുന്നതിനിടെയാണ് റിസര്‍വ് ഇത്തരമൊരു സൂചന നല്‍കിയത്. ജില്ലാബാങ്കുകളുടെ ആദ്യപാത അവലോകനയോഗത്തില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍തന്നെ ഇത് അറിയിച്ചിട്ടുണ്ട്. പക്ഷേ, ഉപാധികള്‍ എന്തായിരിക്കുമെന്നോ, എപ്പോഴാണ് അനുമതി തീരുമാനമുണ്ടാകുകയെന്നോ വ്യക്തമാക്കിയിട്ടില്ല. ഈ മാസം റിസര്‍വ് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. അതില്‍ കേരളബാങ്കിന്റെ കാര്യം അജണ്ടയായി ഉള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും, കേരളത്തിന്റെ അപേക്ഷ ബോര്‍ഡ് പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

കേരളബാങ്ക് രൂപവത്കരണത്തിന് തത്വത്തിലുള്ള അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറുടെ പരിഗണനയിലാണുള്ളത്. ബോര്‍ഡില്‍ പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്താതെതന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതാണ്. സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാസഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നതിനുള്ള അനുമതിയാണ് റിസര്‍വ് ബാങ്ക് നല്‍കേണ്ടത്. സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടവും നിഷ്‌ക്രിയ ആസ്തിയുടെ തോതുമായിരുന്നു ഇതിന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയ തടസ്സങ്ങള്‍. സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടം നികത്താനുള്ള സഹായം സര്‍ക്കാര്‍ നല്‍കുമെന്ന ഉറപ്പാണ് കേരളം റിസര്‍വ് ബാങ്കിന് നല്‍കിയത്. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ ഇക്കാര്യം റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് ഉപാധികളോടെ അനുമതി നല്‍കാമെന്ന നിലപാടില്‍ റിസര്‍വ് ബാങ്ക് എത്തിയത്.

പക്ഷേ, പ്രളയാനന്തര കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് റിസര്‍വ് ബാങ്കിന്റെ തീരുമാനം വൈകുമോയെന്ന ആശങ്ക നിലവിലുണ്ട്. കേരളബാങ്ക് രൂപവത്കരണത്തിന് സാമ്പത്തിക പ്രതിസന്ധി തടസ്സമല്ലെന്ന് സൂചനയാണ് സര്‍ക്കാര്‍ നല്‍കിയത്. തിരുവനന്തപുരം ജില്ലാസഹകരണ ബാങ്കിന് 22 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചത് ഇതുകൊണ്ടാണ്. തിരുവനന്തപുരം ജില്ലാസഹകരണ ബാങ്കിന്റെ മൂലധന പര്യാപ്തത മൈനസ് ഏഴിലെത്തിയിരുന്നു. ഒമ്പതുശതമാനം വേണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നത്. ഇത് പരിഹരിക്കാനാണ് 22 കോടിരൂപ ഓഹരിയായി സര്‍ക്കാര്‍ തിരുവനന്തപുരം ജില്ലാബാങ്കിന് നല്‍കിയത്.

റിസര്‍വ് ബാങ്കിന്റെ അനുമതികിട്ടിയാല്‍ എത്രയും വേഗം സംസ്ഥാന-ജില്ലാബാങ്കുകളുടെ ലയനം പൂര്‍ത്തിയാക്കാനാണ് ടാസ്‌ക്‌ഫോഴ്‌സിന്റെയും സഹകരണ വകുപ്പിന്റെയും ശ്രമം. പക്ഷേ, അത് എത്രകണ്ട് വേഗം നടപ്പാകുമെന്ന് ഇപ്പോഴത്തെ സ്ഥിതിയില്‍ പറയാനാവില്ല. ലയനനടപടികള്‍ക്കുള്ള അനുമതിയാണ് റിസര്‍വ് ബാങ്ക് നല്‍കുന്നത്. അതിനാണ് ഉപാധി നിര്‍ദ്ദേശിക്കുന്നത്. നിഷ്‌ക്രിയ ആസ്തി ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനമാകുമ്പോഴേക്കും അഞ്ചുശതമാനത്തിലെത്തിക്കണമെന്നതാകും പ്രധാന ഉപാധിയെന്നാണ് സൂചന. ഇതിനൊപ്പം മറ്റ് നാല് നിബന്ധകള്‍ കൂടി ഉണ്ടാകുമെന്നുള്ള സൂചനയും ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. ഇതുകൂടി വ്യക്തമായാല്‍ മാത്രമാണ് കേരളബാങ്കിനായി സംസ്ഥാന-ജില്ലാബാങ്കുകളുടെ ലയനം എപ്പോഴുണ്ടാകുമെന്നതില്‍ വ്യക്തവരുത്താനാകൂ.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!