കേരളബാങ്ക്: നിര്‍ണായക ഹിതപരിശോധന നാളെ; നിരീക്ഷണത്തിന് കളക്ടര്‍മാര്‍

[email protected]

കേരളബാങ്ക് രൂപവത്കരണത്തിനുള്ള നിര്‍ണായക നടപടിക്രമം വ്യാഴാഴ്ച നടക്കും. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരളബാങ്ക് രൂപവത്കരിക്കുന്നത്. ഇതിന് ജില്ലാ ബാങ്കുകളുടെ പൊതുയോഗത്തിന്റെ അംഗീകാരം വേണം. ഇതിനായി 14 ജില്ലാബാങ്കുകളുടെയും പൊതുയോഗം വ്യാഴാഴ്ച നടക്കുകയാണ്്. കേരളബാങ്കിനെ രാഷ്ട്രീയമായി നേരിടാനുള്ള യൂ.ഡി.എഫിന്റെ നിലപാട് എല്ലാ ജില്ലാ ബാങ്ക് പൊതുയോഗത്തിലും ലയനത്തിന് അനുകൂല തീരുമാനമുണ്ടാക്കിയെടുക്കാന്‍ പ്രയാസമുണ്ടാക്കും. ഇതിന്റെ അന്തിമഫലം എന്താകുമെന്ന ആകാംഷയിലാണ് സഹകാരികള്‍. അതിനിടെ, ഏഴു ജില്ലാ ബാങ്കുകളുടെ പൊതുയോഗം ജില്ലാ കളക്ടര്‍മാരുടെ നിരീക്ഷണത്തിലാവണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലയനതീരുമാനം പൊതുയോഗം അംഗീകരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഇതില്‍നിന്ന് പിന്നോട്ടുപോവില്ലെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. കേവല ഭൂരിപക്ഷത്തോടെ ലയനപ്രമേയം പാസാക്കിയാല്‍ മതിയെന്ന ഭേദഗതി കേരള സഹകരണ സംഘം നിയമത്തില്‍ വരുത്തിയിട്ടുണ്ടെങ്കിലും ഇത് ആര്‍.ബി.ഐ. അംഗീകരിക്കാനിടയില്ല. അതിനാല്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെത്തന്നെ പ്രമേയം പൊതുയോഗത്തില്‍ പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇത് തടയാന്‍ യു.ഡി.എഫ്. പരമാവധി ശ്രമിക്കുന്നുണ്ട്. യു.ഡി.എഫ്. നിയന്ത്രണത്തിലുള്ള പ്രാഥമിക സഹകരണ ബാങ്കുകളെല്ലാം ലയനത്തെ എതിര്‍ത്ത് വോട്ടുചെയ്യും. ഇതിനുള്ള രാഷ്ട്രീയ നിര്‍ദ്ദേശം അവര്‍ക്ക് കൊടുത്തിട്ടുണ്ട്.

ആറ് ജില്ലാ ബാങ്കുകളുടെ തീരുമാനമാണ് നിര്‍ണായകം. കാസര്‍കോട്, വയനാട്, ഇടുക്കി, മലപ്പുറം, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍ യു.ഡി.എഫ്. എതിര്‍ത്താല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാകാനിടയില്ല. അതിനാല്‍, കടുത്ത ബലാബലമായിരിക്കും ഇവിടങ്ങളില്‍ നടക്കുക.

പൊതുയോഗ നടപടികള്‍ കോടതി നിരീക്ഷണത്തിലാക്കണമെന്ന ആവശ്യം യു.ഡി.എഫ്. സംഘങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതനുസരിച്ച് ഹൈക്കോടതി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. ഏഴ് ജില്ലാ ബാങ്കുകളുടെ പൊതുയോഗം ജില്ലാ കളക്ടര്‍മാരുടെ നിരീക്ഷണത്തിലാവണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് നിരീക്ഷകരെ നിയോഗിച്ചത്. ഈ ജില്ലാ ബാങ്കുകളിലെ അംഗസംഘങ്ങളാണ് കോടതിയെ സമീപിച്ചിരുന്നത്. കളക്ടര്‍മാര്‍ നേരിട്ട് ഹാജരാവണമെന്നും പൊതുയോഗ നടപടികള്‍ ദൃശ്യങ്ങളില്‍ പകര്‍ത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടുണ്ട്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെതാണ് ഉത്തരവ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!