കേരളബാങ്കിന് പ്രാഥമിക ബാങ്കുകളെ ചേര്‍ത്തുനിര്‍ത്താനാകണമെന്ന് മന്ത്രി

Deepthi Vipin lal

സഹകരണ ബാങ്കുകളുടെ സാമൂഹ്യപ്രതിബദ്ധത നഷ്ടപ്പെടാതെ കാക്കാന്‍ കേരളബാങ്കിന് കഴിയണമെന്ന് മന്ത്രി വി.എന്‍.വാസവന്‍. കേരളബാങ്ക് സന്ദര്‍ശിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രാഥമിക സഹകരണ ബാങ്കുകളാണ് സഹകരണ മേഖലയുടെ ശക്തി. ഈ ബാങ്കുകളെ ചേര്‍ത്ത് നിര്‍ത്തി പരിപോഷിപ്പിക്കാനുള്ള ശ്രദ്ധ കേരള ബാങ്കിനുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

സഹകരണ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് വ്യാഴാഴ്ച വി.എന്‍.വാസവന്‍ കേരളബാങ്ക് സന്ദര്‍ശിച്ചത്. കേരളബാങ്ക് രൂപീകരണം നടന്നെങ്കിലും, അതിന്റെ കോര്‍ബാങ്കിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. പ്രാഥമിക സഹകരണ ബാങ്കിന്റെയും ജില്ലാസഹകരണ ബാങ്കിന്റെയും പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ആളാണ് മന്ത്രി. അതിനാല്‍, കേരളബാങ്കിന്റെ സേവനങ്ങളും സഹകരണ ബാങ്കിങ് മേഖലയില്‍ കേരളബാങ്കിന്റെ സാധ്യതകളും അദ്ദേഹം വിലയിരുത്തി.

കേരള ബാങ്കിന് വിപുലമായ വളര്‍ച്ച സാധ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരള ബാങ്കിന്റെ ഐ.ടി. ഇന്റഗ്രേഷന്‍, എ.ടി.എം. വാന്‍ തുടങ്ങിയ പ്രവര്‍ത്തികളുടെ പുരോഗതി മന്ത്രി വിലയിരുത്തി. കേരളീയര്‍ ആകമാനം വലിയ സ്വപ്നമായി കാണുന്ന കേരള ബാങ്ക് ദേശസാല്‍കൃത ബാങ്കുകളും, ന്യൂ ജനറേഷന്‍ ബാങ്കുകളും നടപ്പിലാക്കുന്ന ആധുനിക സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്കാനാണ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി.നൂഹ്, സഹകരണ വകുപ്പ് അഡിഷണല്‍ സെക്രട്ടറി പി.എസ്. രാജേഷ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജോര്‍ജ് മാത്യു, അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി, ദീപു പി.നായര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ മന്ത്രിയെ സ്വീകരിച്ചു. ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പി.എസ്. രാജന്‍ ബാങ്കിന്റെ പ്രവര്‍ത്തങ്ങളെ പറ്റി വിവരിച്ചു. സി.ജി.എം. കെ.സി.സഹദേവന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!