കേരളബാങ്കിനായി ഇനി വേണ്ടത് ജാഗ്രത

[email protected]

കേരളബാങ്ക് രൂപവത്കരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇതേക്കുറിച്ചുള്ള ആശങ്കകള്‍ ഇപ്പോഴും പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ജീവനക്കാരുടെ പുനര്‍വിന്യാസം, ജില്ലാബാങ്കുകളുടെ സേവനങ്ങള്‍ തടസ്സപ്പെടുമോയെന്ന ആശങ്ക, പ്രാഥമിക സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്ന പേടി എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. എങ്കിലും, നയപരമായ തീരുമാനമെന്ന നിലയില്‍ സര്‍ക്കാരിന് കേരളബാങ്ക് രൂപവത്കരണവുമായി മുന്നോട്ടുപോകാനുള്ള അവകാശമുണ്ട്. അക്കാര്യം ചോദ്യം ചെയ്യുന്നില്ലെങ്കിലും ആശങ്കകള്‍ക്കിടയില്‍ നടപ്പാക്കുന്ന വലിയ പരിഷ്കാരമെന്ന പരിഗണനയും കരുതലും ഇതിന് നല്‍കേണ്ടതുണ്ട്. പ്രത്യേകിച്ച് , സഹകരണ മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് കോട്ടംതട്ടുമോയെന്ന പേടി നിലനില്‍ക്കുന്നതിനാല്‍.

ഏതെങ്കിലും സര്‍ക്കാരിന് അവകാശപ്പെട്ടതല്ല സഹകരണ മേഖലയില്‍ കേരളം കൈവരിച്ച നേട്ടം. ഒരുകൂട്ടം സഹകാരികളും അതിലുപരി അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരും സൃഷ്ടിച്ചെടുത്തതാ അത്. ഒരു പ്രദേശത്തിന്‍റെ മനസ്സും മണ്ണും മനസ്സിലാക്കിയുള്ള സംഘങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് നേടിയതാണ് ഈ മേഖലയുടെ വിശ്വാസ്യത. അത് ഉടഞ്ഞുപോകാനുള്ളതാകരുത് സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്കാരം. കേരളബാങ്കിലൂടെ കൈവരിക്കാനുദ്ദേശിക്കുന്ന ലക്ഷ്യം കാലികമായ മാറ്റവും ആധുനികമായ കരുത്തുമാണ്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ആധുനിക ബാങ്കിങ് സൗകര്യം ലഭ്യമാക്കുന്ന കേരളത്തിന്‍റെ സ്വന്തം ബാങ്ക്. യുവാക്കളെ സഹകരണ ബാങ്കുകളുമായി അടുപ്പിക്കാനുള്ള സാങ്കേതിക ക്ഷമത. വന്‍കിട പദ്ധതികള്‍ക്ക് പോലും വായ്പ അനുവദിക്കാനുള്ള സാമ്പത്തിക അടിത്തറ . ഇതൊക്കെയാണത്.

സംസ്ഥാനസഹകരണ ബാങ്കിന്‍റെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന കേരളബാങ്കിന് ഇങ്ങനെയൊക്കെയാകണമെങ്കില്‍ സര്‍ക്കാരിന്‍റെ പൂര്‍ണശ്രദ്ധയും ഇടപെടലും അനിവാര്യമാണ്. പ്രവാസിനിക്ഷേപം സ്വീകരിക്കല്‍, ഇന്‍റര്‍നെറ്റ്-മൊബൈല്‍ ബാങ്കിങ്, ഇ-കൊമേഴ്സ് ഇവയൊന്നും നിലവിലെ സ്ഥിതിയില്‍ കേരളബാങ്കിന് ചെയ്യാനാവില്ല. ഇവയില്‍ പലതും ജില്ലാബാങ്കുകള്‍ ചെയ്യുന്നതുമാണ്. ഇടപാടുകാരുടെ വിശ്വാസ്യതയില്‍ തിളക്കത്തോടെ വളര്‍ന്ന മേഖലയാണിത്. കേരളബാങ്കിലേക്കുള്ള മാറ്റം നിലവിലെ സേവനങ്ങള്‍ക്ക് തടസ്സമായാല്‍ അത് കുറച്ച് ഇടപാടുകാരെയെങ്കിലും അകറ്റും. അത്തരമൊരവസ്ഥ കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. അതിനാല്‍, റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്തി എല്ലാ ആധുനിക ബാങ്കിങ് ലൈസന്‍സുകളും സംസ്ഥാന-ജില്ലാബാങ്കുകളുടെ ലയനത്തിനൊപ്പം നേടേണ്ടത് അനിവാര്യമാണ്. കേരളബാങ്കിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന് ഇനി വേണ്ടത് പിഴവു പറ്റില്ലെന്ന് ഉറപ്പിക്കാനുള്ള ജാഗ്രതയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News