കേരളത്തിന്റെ കോഓപ് മാര്‍ട്ട് തമിഴ്‌നാട് സ്വന്തമാക്കി; ഓണ്‍ലൈന്‍ ആപ്പ് പുറത്തിറക്കി

moonamvazhi

സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനായും ഓഫ് ലൈനായും വില്‍പന നടത്തുന്നതിന് കേരളത്തിലെ സഹകരണ വകുപ്പ് തയ്യാറാക്കി വിപണന പദ്ധതി തമിഴ്‌നാട് സ്വന്തമാക്കി. കോഓപ് മാര്‍ട്ട് എന്ന പേരിലായിരുന്ന കേരളത്തില്‍ വിപണന ശൃംഖലയും ഓണ്‍ലൈന്‍ ആപ്പും തയ്യാറാക്കാന്‍ നിശ്ചയിച്ചിരുന്നത്. ഇതിനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതിനിടയില്‍ ഈ പേര് തമിഴ്‌നാട് ഏറ്റെടുത്തു. കോഓപ് മാര്‍ട്ട് എന്ന പേരില്‍ ഓണ്‍ലൈന്‍ വിപണന ആപ്പ് തമിഴ്‌നാട് പുറത്തിറക്കി. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കോഓപ് ബസാര്‍ എന്ന പേരിലായിരുന്നു തുടക്കത്തില്‍ ആപ്പ് തയ്യാറാക്കാന്‍ തമിഴ്‌നാട് പദ്ധതി തയ്യാറാക്കിയത്. കേരളത്തില്‍ കോഓപ് മാര്‍ട്ട് എന്നപേരില്‍ സഹകരണ ഇകൊമേഴ്‌സ് പദ്ധതി നിലവിലുള്ള സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍, കേരളത്തിലെ പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എങ്ങും എത്തിയില്ല. 14 ജില്ലകളില്‍ കോഓപ് മാര്‍ട്ട് എന്ന പേരില്‍ വിപണന സ്റ്റോറുകള്‍ തുടങ്ങാന്‍ മാത്രമാണ് കഴിഞ്ഞത്. ഓണ്‍ലൈന്‍ സംവിധാനം ക്രമീകരിക്കുന്നത് കരാര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതും എങ്ങുമെത്തിയിട്ടില്ല. ഇതോടെയാണ് തമിഴ്‌നാടിന്റെ കോഓപ് ബസാര്‍, കോഓപ് മാര്‍ട്ട് എന്നപേര് സ്വന്തമാക്കി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം തുടങ്ങിയത്.

തമിഴ്‌നാട് സംസ്ഥാന മാര്‍ക്കറ്റി സഹകരണ ഫെഡറേഷനായ ടാന്‍ഫെഡിന് കീഴിലാണ് കോഓപ് മാര്‍ട്ട് ഇകൊമേഴ്‌സ് സംവിധാനം ഒരുക്കിയിട്ടുള്ളത്. സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് വേണ്ടി എക്‌സ്‌ക്ലൂസിവ് ഓണ്‍ലൈന്‍ സൈറ്റ് എന്നതാണ് തമിഴ്‌നാടിന്റെ അവകാശവാദം. മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കുന്നുവെന്നത് മാത്രമല്ല, ധാര്‍മികമൂല്യത്തോടെ പ്രവര്‍ത്തിക്കുന്ന സഹകരണ കൂട്ടായ്മകള്‍ക്ക് ഒപ്പം നില്‍ക്കുക കൂടിയാണ് ചെയ്യുന്നത് ഈ സൈറ്റിന്റെ ഭാഗമാകുമ്പോള്‍ ചെയ്യുന്നതെന്ന് ടാന്‍ഫെഡ് പറയുന്നു. ഇതൊരു പാരമ്പര്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സാംസ്‌കാരികമായ യാത്രയാണെന്നാണ് ടാന്‍ഫെഡിന്റെ വിവരണം.

ലാര്‍ജ് ഏരിയ മള്‍ട്ടിപര്‍പ്പസ് സൊസൈറ്റി, കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് സൊസൈറ്റി എന്നിവയുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വിപണന സാധ്യത ഉണ്ടാക്കി കൊടുക്കുകയാണ് തമിഴ്‌നാട് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധങ്ങളായ ഉല്‍പന്നങ്ങള്‍ ഈ സംഘങ്ങള്‍ വഴി ഉല്‍പാദിപ്പിക്കാനുള്ള സഹായവും നല്‍കുന്നുണ്ട്. മറ്റ് സഹകരണ സംഘങ്ങള്‍ക്കും അവരുടെ ഉല്‍പന്നങ്ങള്‍ക്കും ഈ ശൃംഖലയുടെ ഭാഗമാകാനാകും. 16 കാറ്റഗറി സാധനങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. വെളിച്ചെണ്ണ അടക്കമുള്ള ഓയിലുകള്‍, ധാന്യങ്ങള്‍, പലചരക്ക് സാധനങ്ങള്‍, മസാലകള്‍, വളം കീടനാശിനകള്‍, കോഫി എന്നിവയെല്ലാം ഇതിലുണ്ട്. യു.പി.ഐ., ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് പണമടക്കാനാകും.

 

വിതരണത്തിന് വരുന്ന ചെലവാണ് നേരിടുന്ന പ്രധാന പ്രശ്‌നമായി കണക്കാക്കിയിട്ടുള്ളത്. 20,000 ത്തലിധികം കംസ്റ്റമേഴ്‌സ് ഇതില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇതൊടെ വിതരണ ചെലവ് 50 ശതമാനം വരെ കുറയ്ക്കാനായി. ഓരോ മാസവും ലഭിക്കുന്ന ഓര്‍ഡറുകളുടെ എണ്ണം കൂട്ടിയാല്‍ മാത്രമേ വിതരണ ചെലവ് കുറയ്ക്കാനാകുകയുള്ളൂവെന്നാണ് തമിഴ്‌നാട് സഹകരണ വകുപ്പ് വിലയിരുത്തിയിട്ടുള്ളത്.

ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ കൂട്ടുന്നതിന് വകുപ്പ് തന്നെ മുന്നിട്ടിറങ്ങുന്നുണ്ട്. 50,000 സ്ഥിരം ജീവനക്കാര്‍ തമിഴ്‌നാട്ടിലുള്ളത്. ഇതില്‍ 1000 ജീവനക്കാര്‍ ഒരുമാസത്തില്‍ ഒരു ഓര്‍ഡറെങ്കിലും നല്‍കിയാല്‍ ഓണ്‍ലൈന്‍ വില്‍പനയില്‍ ഗണ്യമായി മാറ്റാനാകുമെന്ന് സഹകരണ സംഘം രജിസ്ട്രാര്‍ വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശം. അതിനാല്‍, എല്ലാ ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാരും സഹകരണ ജീവനക്കാര്‍ക്കും സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടര്‍മാര്‍ അവരുടെ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ഇക്കാര്യം അറിയിക്കണമെന്നാണ്. ഇതിനൊപ്പം പൊതുജനങ്ങളെയും കോഓപ് മാര്‍ട്ട് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കണം. ഈ സംരംഭം വിജയിപ്പിക്കേണ്ടതിന്റെ അനിവാര്യത രജിസ്ട്രാര്‍ ആദ്യം ബോധ്യപ്പെടുത്തിയത് വകുപ്പ് ജീവനക്കാരെയാണ്.

സഹകരണ ഉല്‍പന്നങ്ങള്‍ കേരളബ്രാന്‍ഡിന് പുറത്ത്; സര്‍ക്കാര്‍ പ്രമോഷന്‍ കിട്ടില്ല

കേരളത്തിന്റെ തനത് ഉല്‍പന്നങ്ങള്‍ ‘കേരളബ്രാന്‍ഡി’ല്‍ പുറത്തിറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ബാധകമാക്കിയില്ല. സഹകരണ ഉല്‍പന്നങ്ങള്‍ കോഓപ് കേരള ബ്രാന്‍ഡില്‍ പുറത്തിറക്കാനാണ് സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍, കേരള ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ കേരളത്തിനകത്തും പുറത്തും വിപണന സാധ്യതയുണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രമോഷന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഗുണം നിലവില്‍ സഹകരണ ഉല്‍പന്നങ്ങള്‍ക്ക് കിട്ടാതാകുന്ന സ്ഥിതിയാണുള്ളത്.

സഹകരണ സംഘങ്ങള്‍ക്ക് കീഴിലാണെങ്കിലും, ഫാക്ടറീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് കേരളബ്രാന്‍ഡ് രജിസ്‌ട്രേഷനായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രാഥമിക സഹകരണ ബാങ്കുകളുടെ സംരംഭങ്ങള്‍ ഒട്ടേറെ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്നുണ്ട്. ഇവയൊന്നും ഫാക്ടറീസ് ആക്ടിന് കീഴിലല്ല. അതിനാല്‍, ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് കേരള ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഏകീകൃത ബ്രാന്‍ഡ് കൊണ്ടുവരാനാണ് കോപ് കേരള ബ്രാന്‍ഡിങ് കൊണ്ടുവന്നത്. ഇത് പാതിവഴിയില്‍ നിലച്ച അവസ്ഥയിലാണ്. ഈ ഘട്ടത്തിലാണ് കേരളബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ കൊണ്ടുവരാനും, സര്‍ക്കാര്‍ ചെലവില്‍ അവയ്ക്ക് പ്രമോഷന്‍ നല്‍കാനും വ്യവസായ വകുപ്പ് തീരുമാനിച്ചത്. കേരള ബ്രാന്‍ഡ് വികസിപ്പിക്കുക എന്നത് വ്യവസായ നയത്തിലെ ഏഴ് പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നാണ്. സംസ്ഥാനത്തിനകത്ത് ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളുടെ ഗുണനിലവാരും ഉറപ്പാക്കാനും അവയുടെ വിപണനം പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചാണ് കേരള ബ്രാന്‍ഡ് വിഭാവനം ചെയ്തിട്ടുള്ളത്.

‘കേരളബ്രാന്‍ഡ്’ സര്‍ട്ടിഫിക്കേഷന്‍ നേടുന്ന ഉല്‍പന്നങ്ങള്‍ക്ക് ആഭ്യന്തര, അന്തര്‍ദേശിയ തലത്തില്‍ ‘മെയ്ഡ് ഇന്‍ കേരള’ എന്ന തനതായ ബ്രാന്‍ഡ് നാമത്തില്‍ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാന്‍ കഴിയും. ഈ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സര്‍ക്കാരിന്റെ ഇമാര്‍ക്കറ്റുകളില്‍ സൗജന്യ പ്രമോഷന്‍ ലഭിക്കും. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറുള്ള നിര്‍മ്മാതാക്കള്‍ക്കുള്ള വിപണന അവസരങ്ങള്‍ കേരള ബ്രാന്‍ഡിങ് ഗണ്യമായി മെച്ചപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാന ഫണ്ട് സ്‌കീമുകളില്‍ മുന്‍ഗണന, സംസ്ഥാന പങ്കെടുക്കുന്ന അന്താരാഷ്ട്ര വ്യാപര മേളകളിലെ പ്രദര്‍ശന സൗകര്യം, കേരളീയര്‍ താമസിക്കുന്ന രാജ്യങ്ങളിലെ പ്രമോഷണല്‍ പിന്തുണ എന്നിവയും കേരള ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ വാഗ്ധാനം ചെയ്യുന്നുണ്ട്. ഇതൊന്നും സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ലഭ്യമാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!