കേന്ദ്ര ബഡ്ജറ്റ്: കേരളത്തിലെ സഹകരണ മേഖലയ്ക്ക് സന്തോഷിക്കാൻ വകയുണ്ടോ? ബാധിക്കുന്നത് എങ്ങനെയെല്ലാം..! 22% നികുതി ഈടാക്കാൻ മോഹനവാഗ്ദാനം.
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിലെ സഹകരണമേഖലയ്ക്ക് സന്തോഷിക്കാനായി ഒന്നുമില്ല എന്ന് വിലയിരുത്തുന്നവരാണ് സഹകരണമേഖലയെ ആഴത്തിൽ പഠിച്ചവരെല്ലാം പറയുന്നത്. ബാങ്കിംഗ് സംഘങ്ങൾക്കുള്ള ആദായ നികുതി 8% കുറച്ചു എന്ന് പറയുമ്പോഴും നേരത്തെയുണ്ടായിരുന്ന 30% നികുതി കേരളത്തിലെ ബാങ്കുകൾക് അടയ്ക്കേണ്ടി വന്നിരുന്നോ? സംസ്ഥാന സഹകരണ ബാങ്ക്, അർബൻ ബാങ്ക് എന്നിവയ്ക്ക് ഗുണം ലഭിക്കും എന്ന് പറയുമ്പോഴും സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പ്രാഥമിക സഹകരണ സംഘങ്ങളും മറ്റ് ഇതര സംഘങ്ങളും ഈ നികുതിയിൽ നിന്നും പലരീതിയിലും പല കാരണങ്ങൾ കാണിച്ചും നാളിതുവരെയും ഒഴിഞ്ഞു നിൽക്കുകയായിരുന്നു. ഈ ഒഴിഞ്ഞു നിൽക്കുന്നതിനെ മോഹന വാഗ്ദാനം നൽകി 22% നികുതി നിർബന്ധമായും ഈടാക്കാനുള്ള കെണിയാണ് ഇപ്പോഴത്തെ ബഡ്ജറ്റ് എന്ന് വിലയിരുത്തുന്ന സഹകാരികളാണ് കൂടുതൽ. 80പി ആനുകൂല്യം നേടുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണസംഘങ്ങളും. ആദായ നികുതി വകുപ്പ് പല നോട്ടീസുകളും നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും ഒട്ടുമിക്കസംഘങ്ങൾക്കും ഒന്നുംതന്നെ ഈ തുക നികുതിയായി അടയ്ക്കേണ്ടിവന്നിട്ടില്ല. ഈ രീതിയിൽ 30% നികുതിയടച്ച് മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് സഹകാരികൾകു നല്ല ബോധ്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. ഈ സാഹചര്യത്തിലാണ് നികുതിയിളവ് നൽകിക്കൊണ്ട് 22%നികുതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ബജറ്റിലൂടെ “സഹകരണമേഖലയ്ക്ക് സന്തോഷ വാർത്ത”യുമായി വന്നിരിക്കുന്നത്. ഇത് സഹകാരി സമൂഹം മനസ്സിലാക്കി കഴിഞ്ഞിട്ടുമുണ്ട്. വായ്പാ സഹകരണ സംഘങ്ങളെയും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടു വരുന്ന വിധത്തിൽ ബാങ്കിംഗ് നിയന്ത്രണ നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞത് ആശങ്കയോടെയാണ് സഹകാരികൾ കാണുന്നത്.
സഹകരണ സംഘങ്ങൾ വർഷത്തിൽ ഒരു കോടിക്കു മുകളിൽ പണം പിൻവലിച്ചാൽ നൽകേണ്ടിവരുന്ന നികുതി സംബന്ധിച്ച് ഒന്നും ബജറ്റിൽ പരാമർശിച്ചില്ല. തന്നെയുമല്ല സഹകരണ ബാങ്കുകളിൽ വരും കാലങ്ങളിൽ റിസർവ് ബാങ്കിന്റെ ഇടപെടൽ കൂടുതൽ ശക്തമാക്കുമെന്ന സൂചനയും ബജറ്റിലൂടെ കേന്ദ്രധനമന്ത്രി നൽകി.
പലിശക്ക് ടിഡിഎസ് നൽകണമെന്ന നിയമവും സംഘങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഇതുവഴി വലിയ തുക ടിഡിഎസ് ഇനത്തിൽ സംഘങ്ങൾ അടയ്ക്കേണ്ടി വരും. ഇതും ഈ മേഖലയുടെ പ്രതിസന്ധിക്ക് ആക്കംകൂട്ടും.
സഹകരണ സംഘങ്ങൾക്ക്മേൽ 22 ശതമാനം നികുതിയും സർചാർജ്ജുംഎന്ന കേന്ദ്ര ബഡ്ജറ്റിലെ നിർദ്ദേശം സഹകരണ പ്രസ്ഥാനങ്ങൾക്കും അവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സാമ്പത്തിക സ്ഥാപനങ്ങൾക്കും ആപൽക്കരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണ മേഖലയെ വളർത്തേണ്ട കാലഘട്ടത്തിൽ അവയെ ഇല്ലായ്മ ചെയ്യുന്ന നികുതി നിർദ്ദേശവുമായി മുന്നോട്ടുപോകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ കേന്ദ്ര ബഡ്ജറ്റിന്റെ സാഹചര്യത്തിൽ സഹകരണമേഖലയിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഹകരണമേഖലയിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.