കുളമ്പുരോഗ പ്രതിരോധ വാക്‌സിന്‍ എത്തി; കുത്തിവെപ്പു തുടങ്ങി

Deepthi Vipin lal

ക്ഷീര സംഘങ്ങളുടെയും കര്‍ഷകരുടെയും ആശങ്കയകറ്റിക്കൊണ്ട് കുളമ്പുരോഗ പ്രതിരോധത്തിനുള്ള വാക്‌സിന്‍ കേരളത്തിലെത്തി. വെള്ളിയാഴ്ച തന്നെ കുത്തിവെപ്പു തുടങ്ങിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തിനൊപ്പം കുളമ്പുരോഗംകൂടി പടര്‍ന്ന്പിടിക്കുന്നത് ക്ഷീരസംഘങ്ങളെയും കര്‍ഷകരെയും ഒരേപോലെ ആശങ്കയിലാക്കിയിരുന്നു. മധ്യകേരളത്തില്‍ വ്യാപകമായി കുളമ്പുരോഗം പടരുന്നുണ്ട്. നൂറുകണക്കിന് കന്നുകാലികള്‍ ഇതിനകം ചത്തു. സംസ്ഥാനത്ത് പ്രതിരോധ വാക്സിന്‍ കിട്ടാനില്ലാത്തത് വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. അടിയന്തരമായി വാക്സിന്‍ നല്‍കണമെന്ന് മന്ത്രി ചിഞ്ചുറാണി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ഫലമുണ്ടായി. കേന്ദ്രത്തില്‍നിന്നുള്ള വാക്സിന്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തി.

ഇന്ത്യന്‍ ഇമ്യുണോളജിക്കല്‍സിന്റെ ഒരു ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനത്തെത്തിച്ചത്. അഞ്ചു ലക്ഷം രൂപയാണ് ഇതിനായി ചെലവായത്. ഇവ എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തിട്ടുണ്ടെന്ന് മൃഗസംരക്ഷണ ഡയരക്ടര്‍ അറിയിച്ചു. കുളമ്പുരോഗം ബാധിച്ച ഇടങ്ങളില്‍ വെള്ളിയാഴ്ചതന്നെ വാക്സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. മറ്റു പ്രദേശങ്ങളിലെ കന്നുകാലികളിലേക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ രോഗബാധിത പ്രദേശങ്ങളില്‍ റിങ് വാക്സിനേഷനാണ് ഇപ്പോള്‍ ചെയ്യുന്നത്. അതുകൊണ്ട്തന്നെ രോഗം ബാധിക്കാത്ത സ്ഥലങ്ങളിലെ കന്നുകാലികളില്‍ ഇപ്പോള്‍ കുത്തിവെപ്പ് എടുക്കേണ്ട സാഹചര്യമില്ല. വായുവിലൂടെയും സമ്പര്‍ക്കത്തിലൂടെയും എളുപ്പം വ്യാപിക്കുന്ന ഈ രോഗത്തിന് പ്രതിരോധ കുത്തിവെയ്പാണ് ഫലപ്രദമായ നിയന്ത്രണമാര്‍ഗം.

രോഗവ്യാപനം ഒഴിവാക്കാന്‍ ക്ഷീരസംഘങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ സംഘം ജീവനക്കാരും മൃഗസരംക്ഷണ വകുപ്പിനെ അറിയിക്കണം. മറ്റ് കാലികളിലേക്കും അടുത്തുള്ള പ്രദേശങ്ങളിലേക്കും രോഗം വ്യാപിക്കാതിരിക്കാന്‍ വാക്സിനേഷന്‍ ഉറപ്പാക്കാന്‍ വേണ്ടിയാണിത്. കര്‍ഷകര്‍ക്ക് രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം നല്‍കാനും സംഘങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗവ്യാപനമുണ്ടായ ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കാലികള്‍ ചത്തുപോയ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടായിട്ടുള്ളത്. ചെറുകിട കര്‍ഷകരുടെ മിക്ക കാലികള്‍ക്കും ഇന്‍ഷൂറന്‍സില്ല. കോവിഡിന്റെ ആഘാതത്തിനിടയില്‍ കുളമ്പുരോഗത്തിന്റെ കെടുതികൂടി ഏറ്റുവാങ്ങേണ്ടിവരുന്നത് കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതുകൊണ്ടാണ് ക്ഷീര സംഘങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ചിട്ടുള്ളത്. ഇത് കര്‍ഷകര്‍ക്ക് സഹായം ഉറപ്പാക്കുന്നതിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും സഹായിക്കുമെന്നാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!