കുടിശ്ശിക നിവാരണത്തില്‍ നിലവിലെ സാഹചര്യം പരിഗണിക്കണം -സഹകരണ വകുപ്പ്

Deepthi Vipin lal

നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതിയില്‍ സാധാരണക്കാര്‍ക്കും മാരക രോഗം ബാധിച്ചവര്‍ക്കും പരമാവധി ഇളവ് നല്‍കണമെന്നു സഹകരണ വകുപ്പ് നിര്‍ദേശിച്ചു. വായ്പകള്‍ക്ക് ഇളവ് നല്‍കുമ്പോള്‍ നിലവിലെ സാഹചര്യം, സാമ്പത്തികസ്ഥിതി, തിരിച്ചടവുശേഷി എന്നിവയെല്ലാം ഭരണസമിതി വിലയിരുത്തണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. മാരക രോഗം ബാധിച്ചവരുടെ വായ്പയുടെ കാര്യത്തില്‍ പ്രത്യേക പരിഗണന വേണമെന്നും വകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടിയതെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സഹകരണ സംഘങ്ങളെ കുടിശ്ശികരഹിത സംഘങ്ങളാക്കി മാറ്റാനാണ് പദ്ധതി ആവിഷ്‌കരിച്ചത്. അതിനാല്‍, പദ്ധതിയുടെ കാലാവധി നീട്ടണമെന്ന ആവശ്യം സഹകരണ സംഘങ്ങളും ഉന്നയിച്ചിരുന്നതായി മന്ത്രി പറഞ്ഞു.

2021 ആഗസ്റ്റ് 16 നാണ് പദ്ധതി ആരംഭിച്ചത്. സെപ്തംബര്‍ 30ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, കോവിഡ് വ്യാപനം ജനങ്ങളെ ഏറെ പ്രതിസന്ധിയിലാക്കിയ സാഹചര്യംകൂടി കണക്കിലെടുത്താണ് കാലാവധി രണ്ടുതവണ നീട്ടിയത്. അതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരുടെ വായ്പകള്‍ക്ക് പരിഗണന നല്‍കണമെന്ന നിര്‍ദ്ദേശം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഘങ്ങള്‍ക്ക് മുമ്പില്‍ വെക്കുന്നത്.

കാന്‍സര്‍ ബാധിതര്‍, ഡയാലിസിസിന് വിധേയരായവര്‍, ഹൃദയരോഗ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, പക്ഷാഘാതംമൂലമോ അപകടംമൂലമോ കിടപ്പായവര്‍, എയ്ഡ്‌സ് രോഗികള്‍, ലിവര്‍ സിറോസിസ് ബാധിച്ചവര്‍, ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവര്‍, ഈ രോഗങ്ങള്‍ ബാധിച്ചവരുടെ കുടുംബാംഗങ്ങള്‍, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തിലായിരിക്കുന്നവര്‍, മാതാപിതാക്കളെടുത്ത വായ്പ അവരുടെ മരണശേഷം തങ്ങളുടെ ബാദ്ധ്യതയായി നിലനില്‍ക്കുന്ന കുട്ടികള്‍ എന്നിവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ മുന്‍ഗണന നല്‍കണമെന്നാണ് വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

മാര്‍ച്ച് 31 വരെയാണ് ഇപ്പോള്‍ പദ്ധതിയുടെ കാലാവധി. കുടിശ്ശികയായ വായ്പകള്‍ക്ക് പിഴപ്പലിശ പൂര്‍ണമായി ഒഴിവാക്കി നല്‍കുന്നുണ്ട്. ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകള്‍ നല്‍കാന്‍ സംഘങ്ങള്‍ക്ക് അധികാരമുണ്ട്. തുടക്കം മുതല്‍ കൃത്യമായി തവണകള്‍ അടച്ച വായ്പക്കാര്‍ക്ക് അടച്ച ആകെ പലിശയുടെ പത്ത് ശതമാനം വരെ ഇളവ് നല്‍കാനാകും. അതേസമയം, ആര്‍ബിട്രേഷന്‍, എക്്‌സിക്യൂഷന്‍ ഫീസ്, കോടതിച്ചെലവുകള്‍, പരസ്യച്ചെലവുകള്‍ എന്നിവ വായ്പക്കാരനില്‍ നിന്ന് ഈടാക്കുന്നതിന് തടസ്സമില്ല.

 

Leave a Reply

Your email address will not be published.