കാസര്‍ഗോഡിന്റെ വികസന വെളിച്ചമായി സഹകരണ ആശുപത്രി

- അനില്‍ വള്ളിക്കാട്

ഒരു സഹകരണ സംഘത്തിനു കീഴില്‍ മൂന്ന് ആശുപത്രി
എന്ന അപൂര്‍വത കാസര്‍ഗോട്ട് കാണാം. കുമ്പള സഹകരണാശുപത്രി,
ചെങ്കളയിലെ ഇ.കെ. നായനാര്‍ സ്മാരക സഹകരണാശുപത്രി, മലയോരപ്പട്ടണമായ
മുള്ളേരിയയിലെ സഹകരണ മെഡിക്കല്‍ സെന്റര്‍ എന്നിവയാണു കാസര്‍ഗോഡ് ജില്ലാ
സഹകരണാശുപത്രി സംഘം നേതൃത്വം നല്‍കുന്ന ആതുരസേവന കേന്ദ്രങ്ങള്‍. മൂന്നിടങ്ങളിലായി 252 സ്റ്റാഫും 30 സ്ഥിരം ഡോക്ടര്‍മാരും
37 വിസിറ്റിംഗ് ഡോക്ടര്‍മാരും സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇത്തവണത്തെ
സംസ്ഥാന സഹകരണ അവാര്‍ഡില്‍ മൂന്നാം സ്ഥാനം ഈ സംഘത്തിനാണ്.

 

വികസനകാര്യത്തില്‍ അതിര്‍ത്തിപ്രദേശങ്ങള്‍ക്കൊരു പോരായ്മ സാധാരണ സംഭവിക്കും. അപ്പുറം വളര്‍ന്നുതുടങ്ങിയാല്‍ ഇപ്പുറത്തെ വികാസവേഗം കുറയുമെന്നതാണത്. വലിയൊരു പട്ടണത്തിന്റെ പ്രതാപവും പ്രതീക്ഷയും നിലനിര്‍ത്തുന്ന മംഗലാപുരത്തിനോടു ചേര്‍ന്നു കിടക്കുന്ന കാസര്‍ഗോഡ് ജില്ല അവികസിത പ്രദേശങ്ങളുടെ പട്ടികയിലാണ് ഇപ്പോഴും. തെക്കേ അറ്റത്തെ തലസ്ഥാനവും വടക്കേ അറ്റത്തെ ജില്ലയും തമ്മിലെ വളര്‍ച്ചാവഴിയും ദീര്‍ഘമായിപ്പോയി. കോവിഡ് കാലത്ത് അതിര്‍ത്തിയില്‍ ചികിത്സാ വാതിലുകള്‍പോലും അടഞ്ഞപ്പോള്‍ കേരളം വേദനയോടെ അറിഞ്ഞു കാസര്‍ഗോഡിന്റെ ദയനീയാവസ്ഥ. ഇരുണ്ട കാലത്തെ ജീവന്‍രക്ഷയ്ക്കു ചികിത്സാവെളിച്ചവുമായി മുന്നിട്ടിറങ്ങിയ കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രിക്കു സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ സഹകരണ പുരസ്‌കാരപ്പട്ടികയില്‍ മൂന്നാം സ്ഥാനം.

ആതുരസേവന രംഗത്തു സഹകരണാടിസ്ഥാനത്തില്‍ ഒരു ആശുപത്രി എന്ന ലക്ഷ്യത്തോടെ 1988 ല്‍ രൂപവത്കരിച്ച കാസര്‍ഗോഡ് ജില്ലാ സഹകരണ ആശുപത്രി സംഘം കുമ്പള ആസ്ഥാനമായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയില്‍ സംഘം മൂന്നിടത്തു ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങി. ഒരു സംഘത്തിനു കീഴില്‍ മൂന്ന് ആശുപത്രി എന്നത് അപൂര്‍വമാണ്. കുമ്പള സഹകരണാശുപത്രി, ചെങ്കളയില്‍ ഇ.കെ. നായനാര്‍ സ്മാരക സഹകരണാശുപത്രി, മലയോരപ്പട്ടണമായ മുള്ളേരിയയില്‍ സഹകരണ മെഡിക്കല്‍ സെന്റര്‍ എന്നിവയാണു സംഘം നേതൃത്വം നല്‍കുന്ന ആതുരസേവന കേന്ദ്രങ്ങള്‍. ചുരുങ്ങിയ ചെലവില്‍ ആധുനിക സംവിധാനങ്ങളോടെ വിദഗ്ധ ചികിത്സ നല്‍കി സമൂഹത്തിലെ എല്ലാവര്‍ക്കും ആശ്രയമാവുകയാണ് ഈ മൂന്ന് ആശുപത്രികളും.

തുടക്കം
വാടകക്കെട്ടിടത്തില്‍

ചെറിയ രോഗത്തിനുപോലും ചികിത്സിക്കാന്‍ മംഗലാപുരംവരെ പോകേണ്ട സ്ഥിതിയായിരുന്നു കാസര്‍ഗോഡുകാര്‍ക്ക്. കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രികള്‍ വലിയ തോതില്‍ ഫീസ് ഈടാക്കുമ്പോള്‍ അതിനൊരു മാറ്റം വേണമെന്ന ആലോചനയെത്തുടര്‍ന്നാണു ജില്ലാ ആശുപത്രി സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. കുമ്പളയില്‍ വാടകക്കെട്ടിടത്തില്‍ 20 പേരെ കിടത്തിച്ചികിത്സിക്കാവുന്ന സൗകര്യത്തോടെയായിരുന്നു തുടക്കം. അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരായിരുന്നു ഉദ്ഘാടകന്‍. ടി.വി. ഗംഗാധരന്‍ പ്രസിഡന്റും ഭാസ്‌കര കുമ്പള സെക്രട്ടറിയുമായ ഭരണസമിതിയാണ് ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. രണ്ടു ഡോക്ടര്‍മാരും ഏഴു സ്റ്റാഫുമായി തുടങ്ങിയ ആശുപത്രിക്ക് ഇന്നു മൂന്നിടങ്ങളിലായി 252 സ്റ്റാഫും 30 സ്ഥിരം ഡോക്ടര്‍മാരും 37 വിസിറ്റിംഗ് ഡോക്ടര്‍മാരും സേവനം അനുഷ്ഠിക്കുന്നുണ്ട്. സംഘം സ്വന്തമായി വാങ്ങിയ 58 സെന്റിലേറെ സ്ഥലത്തു ദേശീയ സഹകരണ വികസന കോര്‍പറേഷന്റെ സഹായത്തോടെ പത്തു കോടി രൂപ ചെലവില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിലാണു കുമ്പളയിലെ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

കുമ്പള ആശുപത്രിയുടെ മികച്ച പ്രവര്‍ത്തനത്തിലൂടെ കൈവന്ന ആത്മവിശ്വാസമാണു 2005 ല്‍ ചെങ്കളയില്‍ ഇ.കെ. നായനാരുടെ പേരില്‍ 100 കിടക്കകളോടുകൂടിയ ആശുപത്രി തുടങ്ങാനിടയായത്. ചെങ്കള നാലാംമൈലില്‍ ദേശീയ പാതക്കരികില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കായി ചെര്‍ക്കള ടൗണില്‍ സംഘം വാങ്ങിയ ഒരേക്കര്‍ സ്ഥലത്തു സ്വന്തം കെട്ടിടം നിര്‍മിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി സെക്രട്ടറി ജി. രത്‌നാകര പറഞ്ഞു.

ജില്ലയിലെ മലയോരമേഖലയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന പ്രധാന പട്ടണമായ മുള്ളേരിയയില്‍ എല്ലാ സൗകര്യങ്ങളോടുംകൂടി ഒരു ചികിത്സാ കേന്ദ്രം വേണമെന്നതു ഈ പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു. 2021 ഒക്ടോബറില്‍ സംഘം ഇവിടെ മെഡിക്കല്‍ സെന്റര്‍ ആരംഭിച്ചു. 40 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.

അതിജീവനത്തിന്റെ
വഴികാട്ടി

മഹാമാരിക്കാലത്തു കാസര്‍ഗോഡ് ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങളുടെ മറ്റു ചികിത്സകളും ആരോഗ്യ പരിപാലനവും നടന്നത് ഇ.കെ. നായനാര്‍ സ്മാരക ആശുപത്രിയിലാണ്. ജനറല്‍ ആശുപത്രിയിലെ പ്രസവ വിഭാഗം പൂര്‍ണമായും പ്രവര്‍ത്തിച്ചത് ഇവിടെയായിരുന്നു. അതേസമയം, ഇക്കാലയളവില്‍ കുമ്പളയിലെ സഹകരണാശുപത്രിയിലും ധാരാളം പ്രസവം നടന്നു. ചെങ്കള നായമ്മാര്‍ മൂലയില്‍ 20 കിടക്കയോടെ കോവിഡ് ആശുപത്രി പ്രത്യേകമായി ആരംഭിച്ചു. കോവിഡ്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ പ്രശംസാപത്രവും സഹകരണ ആശുപത്രിക്കു ലഭിച്ചിരുന്നു.

കോവിഡ്കാലത്ത് തലപ്പാടി അതിര്‍ത്തി അടച്ചപ്പോള്‍ മംഗലാപുരത്തേക്കു ചികിത്സക്കു പോയിരുന്നവര്‍ ഏറെ വിഷമിച്ചിരുന്നു. ഇവര്‍ക്ക് ആ സമയത്ത് ഏറെ ആശ്വാസമായതു കുമ്പള സഹകരണാശുപത്രിയാണ്. അതിര്‍ത്തി കടക്കാനാവാതെ പതിനഞ്ചോളം രോഗികള്‍ അടിയന്തിര ചികിത്സ കിട്ടാതെ മരിക്കാനിടയായതു കാസര്‍ഗോട്ടെ ആരോഗ്യപ്രവര്‍ത്തകരെ ഏറെ ചിന്തിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വന്തമായി ഒരു ഡയാലിസിസ് യൂണിറ്റ് വേണമെന്നു സംഘം തീരുമാനമെടുത്തു. ആരോഗ്യ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ പെട്ടെന്നുതന്നെ ആധുനിക സംവിധാനങ്ങളുള്ള യൂണിറ്റ് സഹകരണാശുപത്രിയില്‍ സജ്ജീകരിച്ചു. ചുരുങ്ങിയ ചെലവില്‍ ഡയാലിസിസ് നടത്താന്‍ ഇപ്പോള്‍ കഴിയുന്നതു പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.

സഹകരണ വകുപ്പ് പുതുതായി ആവിഷ്‌കരിച്ച പെയ്ഡ് സഹകരണ പാലിയേറ്റിവ് കെയര്‍ സംഘത്തിന്റെ കീഴിലെ മൂന്ന് ആശുപത്രികളുടെയും സമീപ പഞ്ചായത്തുകളില്‍ നടപ്പാക്കാന്‍ ഭരണസമിതി തീരുമാനിച്ചതായി പ്രസിഡന്റ് പി. രഘുദേവന്‍ പറഞ്ഞു. സമ്പൂര്‍ണ രോഗി സര്‍വ്വേ പൂര്‍ത്തിയായി വരികയാണ്. രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് ഇതിന്റെ ഭാഗമായി സേവനം നല്‍കുന്നുണ്ട്. ഡോക്ടറും നഴ്‌സുമാരും അടങ്ങുന്ന വളണ്ടിയര്‍ ടീമിനെ ഇതിനുവേണ്ടി ഒരുക്കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതിയില്‍ രോഗികള്‍ക്ക് ആംബുലന്‍സിന്റെ സേവനം സൗജന്യ നിരക്കിലാണു നല്‍കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. വൈദ്യുതി ബില്ലില്‍ പ്രതിമാസം വരുന്ന വലിയ തുകയില്‍ കുറവ് വരുത്താനായി കുമ്പള ആശുപത്രിയുടെ മേല്‍ക്കൂരയില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത് ആശ്വാസമായിട്ടുണ്ട്. 120 കിലോ വാട്ടിന്റെ പ്ലാന്റ് 84 ലക്ഷം രൂപ ചെലവ് ചെയ്താണു നിര്‍മിച്ചത്.

ആധുനികചികിത്സ
ലഭ്യമാക്കും

പുതിയ കാലത്തെ മികച്ച ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രികള്‍ക്കാവശ്യമായ ആധുനിക ഉപകരണങ്ങള്‍ കൂടുതലായി വാങ്ങുന്നുണ്ടെന്നു സെക്രട്ടറി ജി. രത്‌നാകര പറഞ്ഞു. വിദഗ്ധ ഡോക്ടര്‍മാരെ നിയമിക്കാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. പുതുതായി തുടങ്ങിയ മുള്ളേരിയ ആശുപത്രിയുടെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. ഓഹരി സമാഹരണം നടത്തി സംഘത്തിന്റെ മൂലധനം വര്‍ധിപ്പിക്കും. നിലവില്‍ രണ്ടു കോടിയോളം രൂപയാണ് ഓഹരി മൂലധനമായുള്ളത്. നിക്ഷേപധനമായി എട്ടു കോടിയിലേറെ രൂപയും സംഘത്തിനുണ്ട്. രണ്ടായിരത്തിലേറെ അംഗങ്ങളാണു സംഘത്തിനുള്ളത്.

എം.സുമതി വൈസ് പ്രസിഡന്റായ ഭരണസമിതിയില്‍ കെ.ആര്‍. ജയാനന്ദ, ബേബി ഷെട്ടി, കെ. ജയചന്ദ്രന്‍, ടി.എം.എ. കരീം, ഇ. പദ്മാവതി, കെ. ശങ്കരന്‍, എം. മാധവന്‍, സി.എ. സുബൈര്‍, അഡ്വ.കെ. കുമാരന്‍ നായര്‍, ഭരത കുമാരന്‍, ടി. നാരായണന്‍ എന്നിവര്‍ അംഗങ്ങളാണ്.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!