കാര്‍ഷിക സംഘങ്ങളൂടെ പൂര്‍ണ നിയന്ത്രണം നബാര്‍ഡിലേക്ക് മാറ്റും

moonamvazhi

രാജ്യത്താകെയുള്ള കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളുടെ പൂര്‍ണ നിയന്ത്രണം നബാര്‍ഡിലേക്ക് മാറ്റും. ഇതോടെ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും നബാര്‍ഡായി മാറും. ഇതിന് മുന്നോടിയായി കേരളത്തിലെ സഹകരണ ബാങ്കുകളുടെ പ്രാഥമിക വിവരങ്ങള്‍ കേന്ദ്ര സഹകരണമന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍നിന്ന് ശേഖരിച്ചിട്ടുണ്ട്. കേന്ദ്രം സ്ഥാപിക്കുന്ന സഹകരണ ഡേറ്റ സെന്ററിലേക്കാണ് ഈ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്. നബാര്‍ഡ് വഴി പൂര്‍ണമായ വിവരശേഖരണം നടത്താനാണ് സാധ്യത.

നാഫെഡ് പോലുള്ള കേന്ദ്ര സഹകരണ ഏജന്‍സികള്‍ ഇതിനകം തന്നെ കേരളത്തിലെ മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതേരീതിയില്‍ നബാര്‍ഡ് വഴി പ്രാഥമിക സഹകരണ ബാങ്കുകളുടെ വിവരവും തേടാനാണ് സാധ്യത. രാജ്യത്തെ എല്ലാ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെയും ഒറ്റ ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കിലേക്ക് കൊണ്ടുവരാണ് കേന്ദ്രസഹകരണ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. ഇതിനോട് കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലെ 54,752 കാര്‍ഷിക വായ്പ സംഘങ്ങള്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

കേന്ദ്രത്തിന്റെ ഏകീകൃത സോഫ്റ്റ് വെയറിലേക്ക് കേരളത്തിലെ സഹകരണ സംഘങ്ങള്‍ മാറിയില്ലെങ്കില്‍ നബാര്‍ഡ് വഴി വിവരശേഖരണം നടത്താനാണ് സാധ്യത.ഏകീകൃത സോഫ്റ്റ് വെയറിന്റെ ഭാഗമായാല്‍ അതോടെ പ്രാഥമിക സഹകരണ ബാങ്കുകളുടെ നിയന്ത്രണം നബാര്‍ഡിലേക്ക് മാറുകയും ചെയ്യും. സഹകരണ അടിസ്ഥാന സാമ്പത്തിക വികസനം എന്ന കാഴ്ചപ്പാടാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇപ്പോള്‍ സംസ്ഥാനങ്ങളില്‍നിന്ന് ശേഖരിക്കുന്ന സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാകും ഇതിനുള്ള പദ്ധതി തയ്യാറാക്കുക. സ്ഥാപനാധിഷ്ഠിത ആസൂത്രണം എന്നതാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതില്‍ കാര്‍ഷിക മേഖലയിലെ എല്ലാ കേന്ദ്ര പദ്ധതികളും നബാര്‍ഡ് കാര്‍ഷിക സഹകരണ സംഘങ്ങളിലൂടെയാകും നടപ്പാക്കുക. ഇതിന് കേന്ദ്രത്തിന്റെ ഏകീകൃത സോഫ്റ്റ് വെയര്‍ ശൃംഖലയുടെ ഭാഗമാകണം.

നബാര്‍ഡ്- സംസ്ഥാന സഹകരണ ബാങ്ക്- ജില്ലാസഹകരണ ബാങ്കുകള്‍- പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘം എന്നിവ ഓണ്‍ലൈന്‍ ശൃംഖലയുടെ ഭാഗമാകും. ഇതില്‍ കാര്‍ഷിക വായ്പയുടെ റീഫിനാന്‍സ് പോലുള്ള സാമ്പത്തിക സഹായം സംസ്ഥാന സഹകരണ ബാങ്ക് വഴി തുടരും. ബാക്കിയുള്ള കേന്ദ്ര പദ്ധതികളും, കാര്‍ഷിക-ഗ്രാമീണ വികസന പദ്ധതികളും നേരിട്ട് കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനാണ് ആലോചിക്കുന്നത്. ഇതിനെല്ലാം കേന്ദ്രത്തിന്റെ പൊതു സോഫ്റ്റ് വെയറിന്റെ ഭാഗമാകണം. മാത്രവുമല്ല, കാര്‍ഷിക വായ്പ സംഘങ്ങള്‍ക്കായി തയ്യാറാക്കിയുള്ള പൊതു ബൈലോ അനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ഇതെല്ലാം ഓണ്‍ലൈനായി നബാര്‍ഡ് വിലയിരുത്തും. കാര്‍ഷിക വായ്പ സംഘങ്ങളില്‍ നബാര്‍ഡിന്റെ ഓഡിറ്റ് വേണമെന്ന നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും ഇതില്‍ തീരുമാനമുണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള നടപടികള്‍ അതിവേഗം നടത്തുമ്പോഴും പൊതുസോഫ്റ്റ് വെയറിന്റെയും സഹകരണ ഡേറ്റ സെന്ററിന്റെയും കാര്യത്തില്‍ സംസ്ഥാനം ഇതുവരെ ഒരു നിലപാട് എടുത്തിട്ടില്ല.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!