കളക്ഷൻ ഏജൻറുമാർക്ക് നൽകിയ സമാശ്വാസ വേതനം തിരിച്ച് പിടിക്കാനുള്ള നീക്കം ഉപേക്ഷിക്കണം -സി.ഇ.ഒ.

adminmoonam

കളക്ഷൻ ഏജൻറുമാർക്ക് നൽകിയ സമാശ്വാസ വേതനം തിരിച്ച് പിടിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.കൊവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ – വായ്‌പ കളക്ഷൻ നിർത്തിവെക്കുവാൻ മാർച്ച് 23 ന് സഹകരണ സംഘം റജിസ്ട്രാർ സർക്കുലർ മുഖേന നിർദ്ദേശം നൽകിയിരുന്നു. മാർച്ച് 30, 31 തിയ്യതികളിലെ സർക്കുലർ പ്രകാരം മാർച്ച് മാസവുംതുടർന്ന് ലോക്ഡൗൺ കാലയളവിലും കളക്ഷൻ ഏജൻറുമാർക്ക്
വേതനം , കമ്മീഷൻ ഉറപ്പുവരുത്തുവാനും രജിസ്ട്രാർ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് മെയ് 25ന് നിക്ഷേപ വായ്പാ പിരിവുകൾ പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയ സർക്കുലറിലൂടെ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നൽകിയ വേതനം പത്തുമാസ തവണകളായി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ട് തവണകളായി സാമൂഹ്യസുരക്ഷാ പെൻഷനും മറ്റൊരു പെൻഷനും ലഭിക്കാത്തവർക്കുള്ള ആയിരം രൂപയുടെ സാമ്പത്തികസഹായവും കേന്ദ്ര-കേരള സർക്കാരുകളുടെ സൗജന്യ റേഷനും സൗജന്യ കിറ്റുമടക്കം സാമ്പത്തിക സഹായം നൽകിയ ഈ പ്രത്യേക സാഹചര്യത്തിൽ സഹകരണ മേഖലയിലെ കളക്ഷൻ ഏജൻറുമാരോട് മാത്രം ചിറ്റമ്മ നയം സ്വീകരിക്കുന്ന സമീപനം ഒരിക്കലും ശരിയല്ല . സമാശ്വാസ വേതനം അനുവദിച്ച് ഉത്തരവായപ്പോൾ തിരിച്ചടയ്ക്കേണ്ട അഡ്വാൻസ് മാത്രമാണെന്ന് സൂചിപ്പിച്ചിരുന്നില്ല. മാത്രവുമല്ല സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം 63 ദിവസം കളക്ഷൻ പ്രവർത്തനങ്ങൾ നിർത്തി വെച്ചതിനെ തുടർന്ന് ജീവിതവൃത്തിക്ക് മറ്റൊരു വഴി ഇല്ലാത്ത സാഹചര്യത്തിൽ നൽകിയ നാമമാത്ര വേതനവും തിരിച്ചുപിടിക്കാനുള്ള നീക്കം ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതല്ലെന്നും നൽകിയ വേതനം തിരിച്ചുപിടിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും സി.ഇ.ഒ സംസ്ഥാന പ്രസിഡൻറ് പി.ഉബൈദുള്ള എംഎൽഎയും ജനറൽ സെക്രട്ടറി എ. കെ.മുഹമ്മദലിയും സഹകരണ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.