കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ രണ്ട് അര്‍ബന്‍ ബാങ്കുകളുടെ ലൈസന്‍സ് കൂടി റിസര്‍വ് ബാങ്ക് റദ്ദാക്കി

moonamvazhi
കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ രണ്ട് അര്‍ബന്‍ സഹകരണബാങ്കുകളുടെ ലൈസന്‍സ്‌കൂടി ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് റദ്ദാക്കി. ഇതോടെ, ഈ മാസം ഈ രണ്ടു സംസ്ഥാനങ്ങളില്‍ ലൈസന്‍സ് റദ്ദാക്കപ്പെടുന്ന അര്‍ബന്‍ ബാങ്കുകളുടെ എണ്ണം നാലായി. ചോര്‍ന്നുപോയ മൂലധനം നികത്താനാവാത്ത അവസ്ഥയിലും ഇനി വരുമാനസാധ്യതയില്ലാത്ത സാഹചര്യത്തിലും ഈ അര്‍ബന്‍ ബാങ്കുകള്‍ എത്തിക്കഴിഞ്ഞു എന്നു ബോധ്യപ്പെട്ടതിനാലാണു റിസര്‍വ് ബാങ്കിന്റെ നടപടി.

കര്‍ണാടക തുംകൂറിലെ ശ്രീശാരദാ മഹിളാ കോ-ഓപ്പറേറ്റീവ് ബാങ്ക്, മഹാരാഷ്ട്ര സത്താറയിലെ ഹരിഹരേശ്വര്‍ സഹകാരി ബാങ്ക് എന്നിവയുടെ ലൈസന്‍സാണു റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച റദ്ദാക്കിയത്. ഹരിഹരേശ്വര്‍ ബാങ്കിന്റെ ബാങ്കിങ് ബിസിനസ് ചൊവ്വാഴ്ചതന്നെ അവസാനിപ്പിച്ചതായി റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. കര്‍ണാടകയിലെ ശുശ്രുതി സൗഹാര്‍ദ സഹകരണ അര്‍ബന്‍ ബാങ്ക്, മഹാരാഷ്ട്രയിലെ മല്‍ക്കാപ്പൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് എന്നിവയുടെ ലൈസന്‍സാണു ജൂലായ് അഞ്ചിനു റിസര്‍വ് ബാങ്ക് റദ്ദാക്കിയത്.

ശ്രീശാരദാ മഹിളാ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്കു 2023 ജൂണ്‍ 12 വരെ 15.06 കോടി രൂപ നിക്ഷേപ ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷനില്‍ ( DICGC ) നിന്നു നല്‍കിയിട്ടുണ്ട്. ഹരിഹരേശ്വര്‍ ബാങ്ക് മാര്‍ച്ച് എട്ടുവരെ 57.24 കോടി രൂപയും നല്‍കി.

Leave a Reply

Your email address will not be published.