കര്‍ണാടകത്തില്‍ നന്ദിനിയെച്ചൊല്ലി വിവാദം പുകയുന്നു

[mbzauthor]
കര്‍ണാടകത്തിലെ ക്ഷീര സഹകരണമേഖലയില്‍ ഗുജറാത്തിലെ കോര്‍പ്പറേറ്റുകള്‍ക്കു കണ്ണുണ്ടോ?  ഉണ്ടെന്നാണു കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും സാമൂഹികമാധ്യമ പ്രവര്‍ത്തകരും മറ്റും കുറ്റപ്പെടുത്തുന്നത്. കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ ഈയിടെ കര്‍ണാടത്തില്‍ വന്നു നടത്തിയ ചില പ്രസംഗങ്ങള്‍ അതിന്റെ സൂചനയാണെന്നു ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞാഴ്ച മാണ്ഡ്യയില്‍ ക്ഷീര സഹകരണസംഘത്തിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണു കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ ലിമിറ്റഡും ( കെ.എം.എഫ്  ) ഗുജറാത്തിലെ ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡും ( അമുല്‍ ) തമ്മില്‍ സഹകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം എടുത്തുപറഞ്ഞത്. ഇതോടെ, കര്‍ണാടകജനതയുടെ പ്രിയപ്പെട്ട പാല്‍-പാലുല്‍പ്പന്ന ബ്രാന്‍ഡായ ‘  നന്ദിനി  ‘  യെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി സഹകാരികളും സാമൂഹികമാധ്യമ പ്രവര്‍ത്തകരും രംഗത്തെത്തി.

മാണ്ഡ്യ ജില്ലാ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഫെഡറേഷന്‍ 260 കോടി രൂപ ചെലവിട്ട് ഗെജ്ജലഗെരെയില്‍ പണിത കൂറ്റന്‍ ക്ഷീരസംഭരണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. കര്‍ണാടകത്തിലെ ഓരോ ഗ്രാമത്തിലും ഒരു പ്രാഥമിക ക്ഷീര സഹകരണസംഘം സ്ഥാപിക്കാനായി അമുലും കെ.എല്‍.എഫും ഒരുമിച്ചു പ്രവര്‍ത്തിക്കും എന്നാണു അമിത് ഷാ പറഞ്ഞത്. 47 കൊല്ലത്തിനിടയില്‍ കര്‍ണാടകത്തില്‍ ക്ഷീരമേഖല വന്‍വളര്‍ച്ച നേടിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇക്കാലത്തിനിടയില്‍ ക്ഷീരമേഖലയിലെ വിറ്റുവരവ് നാലു കോടിയില്‍ നിന്നു 25,000 കോടി രൂപയായി വളര്‍ന്നിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കര്‍ണാടകത്തിലെ ക്ഷീരമേഖലയുടെ കുതിപ്പിനായി അമുലും കെ.എല്‍.എഫും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

അമിത് ഷായുടെ ഈ അഭിപ്രായപ്രകടനത്തെ അത്ര നിര്‍ദോഷമായി കാണാന്‍ കര്‍ണാടകത്തിലെ പ്രതിപക്ഷനേതാക്കള്‍ തയാറായിട്ടില്ല. കന്നഡിഗരുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഉത്തരേന്ത്യന്‍ ബിസിനസ്സുകാര്‍ക്കു വില്‍ക്കാനുള്ള ബി.ജെ.പി.യുടെ നീക്കത്തിന്റെ ഭാഗമാണിത് എന്നാണു ചില പ്രതിപക്ഷനേതാക്കള്‍ സംശയിക്കുന്നത്. ‘  അമുല്‍ ഇന്ത്യയുടെ രുചിയായേക്കാം. പക്ഷേ, ഞങ്ങള്‍ കന്നഡിഗര്‍ നന്ദിനിയില്‍ സന്തുഷ്ടരാണ് ‘  എന്നാണു രാമചന്ദ്ര എം. ട്വിറ്ററില്‍ കുറിച്ചത്. നന്ദിനിയെ കുഴിച്ചുമൂടാനുള്ള ഏതൊരു ശ്രമത്തിനെതിരെയും പോരാടണമെന്നു അദ്ദേഹം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെടുന്നു. അതേസമയം, നന്ദിനിയും അമുലും തമ്മില്‍ ലയിക്കാന്‍പോകുന്നു എന്ന പ്രചാരണം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സഹകരണമന്ത്രി എസ്.ടി. സോമശേഖറും നിഷേധിച്ചിട്ടുണ്ട്. ‘  അമിത് ഷാ പറഞ്ഞ കാര്യം വ്യക്തമാണ്. സാങ്കേതികവിദ്യയുടെയും വിപണനത്തിന്റെയും കാര്യത്തില്‍ നന്ദിനിയും അമുലും സഹകരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതു ലയനമല്ല ‘ – മുഖ്യമന്ത്രി വിശദീകരിച്ചു.

ഗുജറാത്തിലെ കോര്‍പ്പറേറ്റുകള്‍ക്കു കര്‍ണാടകത്തിലെ ക്ഷീരമേഖലയില്‍ കണ്ണുണ്ടെന്നാണ് അമിത് ഷായുടെ പ്രസ്താവന സൂചിപ്പിക്കുന്നതെന്നു മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ( കോണ്‍ഗ്രസ് ) ആരോപിച്ചു. കര്‍ണാടകത്തിലെ ക്ഷീരകര്‍ഷകരുടെ വിറ്റുവരവ് 20,000 കോടി രൂപവരെ എത്തിയിട്ടുണ്ട്. ലക്ഷക്കണക്കിനു കര്‍ഷക കുടുംബങ്ങളെ ഇത് അഭിവൃദ്ധിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ കോര്‍പ്പറേറ്റുകളുടെ കണ്ണ് ക്ഷീരമേഖലയിലാണ്. അമിത് ഷായെപ്പോലുള്ളവര്‍ ജനങ്ങളെ വിഡ്ഡികളാക്കാനാണു ശ്രമിക്കുന്നത്- അദ്ദേഹം ആരോപിച്ചു.

അമുല്‍ കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ക്ഷീര സഹകരണപ്രസ്ഥാനമാണു കെ.എം.എഫ്. 2018-19 ല്‍ കെ.എം.എഫിന്റെ വിറ്റുവരവ് 1,55,000 കോടി രൂപയാണ്. 17,200 ലധികം ക്ഷീര സഹകരണസംഘങ്ങളാണു കെ.എം.എഫില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിലെല്ലാംകൂടി 26,22,000 കര്‍ഷകര്‍ നിത്യവും പാലളക്കുന്നു. 1975 ല്‍ ദിവസേന 66,000 കിലോ ലിറ്റര്‍ പാല്‍ സംസ്‌കരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ സംസ്‌കരിക്കുന്നതു 82 ലക്ഷം കിലോ ലിറ്ററാണ്.

[mbzshare]

Leave a Reply

Your email address will not be published.