കരുവന്നൂര്‍ ബാങ്കിന് സര്‍ക്കാര്‍ സഹായമില്ല; ബദല്‍ മാര്‍ഗംതേടണം

Deepthi Vipin lal

സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂര്‍ സഹകരണ ബാങ്കിനെ സഹായിക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കില്ല. സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍നിന്നുള്ള സാമ്പത്തിക സഹായവും ബാങ്കിന് ലഭിക്കാനിടയില്ല. നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ടു നേരിടുന്ന ബാങ്കിന്റെ രക്ഷയ്ക്ക് ഇനി മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരും. കരുവന്നൂര്‍ ബാങ്കിനെയും സഹകരണ മേഖലയില്‍ വിശ്വാസമര്‍പ്പിച്ച് ആ ബാങ്കില്‍ നിക്ഷേപിച്ചവരെയും സഹായിക്കാനുള്ള ഇടപെടല്‍ സഹകരണ മേഖലയില്‍നിന്നുതന്നെ വേണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ തലത്തിലുണ്ടായതെന്നാണ് വിവരം.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിലവിലെ പ്രതിസന്ധി മറികടക്കാവുന്നതാണെന്ന വിലയിരുത്തലാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന അന്വേഷണ സമിതി നടത്തിയത്. നിക്ഷേപം പിന്‍വലിക്കാന്‍ വരുന്നവര്‍ക്ക് അതു നല്‍കാനായാല്‍ നിലവിലെ പ്രശ്നങ്ങള്‍ തീരും. ബാങ്കിന് കിട്ടാനുള്ള പണം പിരിച്ചെടുക്കുന്നതോടെ പ്രവര്‍ത്തനം മെച്ചപ്പെടും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനാല്‍ ജനങ്ങളില്‍ ബാങ്കിലുള്ള വിശ്വാസം തിരിച്ചുപിടിക്കാനാകും. ഇതാണ് സമിതിയുടെ കണക്കുകൂട്ടല്‍. അതുകൊണ്ട്, നിക്ഷേപകരുടെ ആവശ്യം നിവര്‍ത്തിക്കുന്നതിന് ബാങ്കിന് സാമ്പത്തിക സഹായ പാക്കേജ് അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഇവര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഈ നിര്‍ദേശം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഏതെങ്കിലും ഒരു സഹകരണ ബാങ്കിനുവേണ്ടിമാത്രം സര്‍ക്കാര്‍ സഹായം നല്‍കുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തിയത്. ഒട്ടേറെ സഹകരണ സംഘങ്ങളില്‍ സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെയെല്ലാം ബാധ്യത സര്‍ക്കാരിന്റെ ഉത്തരവാദിത്തമാകും. അതുകൊണ്ടാണ് സഹകരണ മേഖലയില്‍നിന്നുതന്നെ ബദല്‍ സംവിധാനം ഉണ്ടാക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങളില്‍നിന്ന് പണം പിരിച്ചെടുത്ത് സഹായപാക്കേജിന് രൂപം നല്‍കാനുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്.

സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെ റിസര്‍വ് ബാങ്ക്‌പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഘട്ടത്തില്‍ കരുവന്നൂരിലെ പ്രശ്നം നീട്ടിക്കൊണ്ടുപോകുന്നതില്‍ സഹകാരികളില്‍ ആശങ്കയുണ്ട്. കേരള ബാങ്ക് സാമ്പത്തിക സഹായം അനുവദിച്ച് കരുവന്നൂരിന്റെ സാമ്പത്തിക നിയന്ത്രണം ഏറ്റെടുക്കുമെന്നായിരുന്നു തുടക്കത്തില്‍ കേട്ടത്. എന്നാല്‍, അതിന് കേരള ബാങ്ക് തയ്യാറായില്ല. നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡും ഇക്കാര്യത്തില്‍ വേണ്ടരീതിയില്‍ ഇടപെട്ടില്ലെന്ന ആക്ഷേപം നിലവിലുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് സുരക്ഷയില്ലെന്ന് റിസര്‍വ് ബാങ്ക് തെറ്റായ പരസ്യം നല്‍കിയപ്പോള്‍, അത് തിരുത്തി മറ്റൊരു പരസ്യം നല്‍കാന്‍ പോലും ഗ്യാരന്റി ഫണ്ട് ബോര്‍ഡ് ഇടപെട്ടില്ലെന്നതാണ് മറ്റൊരു ആക്ഷേപം. ഇങ്ങനെ പരസ്യം നല്‍കിയാല്‍ കരുവന്നൂരിലെ നിക്ഷേപകര്‍ അത് കോടതിയില്‍ ഹാജരാക്കുമെന്ന ഭയമാണ് ബോര്‍ഡിനെ പിന്തിരിപ്പിച്ചതെന്നാണ് ആരോപണം.

ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് സ്‌കീമില്‍നിന്ന് 50 കോടിയും കണ്‍സോര്‍ഷ്യം ലെന്‍ഡിങ് പദ്ധതിപ്രകാരം 50 കോടിയും സമാഹരിച്ച് കരുവന്നൂര്‍ ബാങ്കിനെ പുനരുജ്ജീവിപ്പിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥസമിതിയുടെ ശുപാര്‍ശ. ഇതാണ് സര്‍ക്കാര്‍ തള്ളിയത്. എന്തായാലും കരുവന്നൂരിലെ നിക്ഷേപകരുടെ പ്രശ്നം നീണ്ടുപോകുന്നത് സഹകരണ മേഖലയെ മൊത്തത്തില്‍ ബാധിക്കുന്നതാണ്. അതുകൊണ്ട് സഹകരണ മേഖലയിലും നിക്ഷേപകരിലും വിശ്വാസം നിലനിര്‍ത്തുന്ന നടപടി വേഗത്തിലുണ്ടാകണമെന്നാണ് സഹകാരികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Latest News