കണ്‍സ്യൂമര്‍ഫെഡില്‍ പിരിച്ചുവിട്ടവര്‍ക്ക് പുനര്‍നിയമനം നല്‍കില്ല; ഒഴിവുകളിലേക്ക് പരിഗണിക്കുകയുമില്ല

[mbzauthor]

കണ്‍സ്യൂമര്‍ഫെഡിന്റെ നന്മസ്റ്റോറുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് പുനര്‍നിയമനം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കണ്‍സ്യൂമര്‍ഫെഡിലെ അംഗീകൃത തസ്തികകളില്‍ ഇവര്‍ക്ക് നിയമനം നല്‍കുന്നതിന് അംഗീകാരം നല്‍കാനുമാകില്ല. അങ്ങനെ നിയമിക്കുന്നത് നിലവിലെ ചട്ടങ്ങള്‍ മറികടന്നാകുമെന്നതാണ് കാരണം. ഇത് വ്യക്തമാക്കി സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പി.എസ്. രാജേഷിന്റെ ഉത്തരവിറക്കി.

പിരിച്ചുവിട്ട ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യം സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഇത് സംബന്ധിച്ച് തുടര്‍നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ സഹകരണ സംഘം രജിസ്ട്രാറില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. താല്‍ക്കാലിക ജീവനക്കാരെ കണ്‍സോളിഡേറ്റഡ് വേതന വ്യവസ്ഥയിലുള്ള ജീവനക്കാരായി മാറ്റുന്നതിനോ സ്ഥിരപ്പെടുത്തുന്നതിനോ നിലവിലെ ചട്ടങ്ങളും ഉത്തരവുകളും അനുസരിച്ച് കഴിയില്ലെന്നാണ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്തത്.

വിവിധ സ്‌റ്റോറുകള്‍ നിര്‍ത്തലാക്കുന്നത് മൂലം പിരിച്ചുവിടേണ്ടിവരുന്ന ജീവനക്കാരെ ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകളുടെ അടിസ്ഥാനത്തില്‍ നിയമനത്തിനായി പരിഗണിക്കാവുന്നതാണെന്നും രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഫെഡറേഷനില്‍ സര്‍ക്കാര്‍ അംഗീകരിച്ചുനല്‍കിയിട്ടുള്ള സ്റ്റാഫ് പാറ്റേണ്‍ നിലവിലുണ്ടെങ്കിലും നിയമനങ്ങള്‍ അത് അനുസരിച്ച് നടത്തിയിട്ടില്ല. നിലവിലെ കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യ വല്‍ക്കരിച്ചിട്ടുണ്ട്. ഇതിനുസരിച്ച് കൂടുതല്‍ തസ്തികകള്‍ ആവശ്യവുമാണ്. ഇതനുസരിച്ച് മാനേജിങ് ഡയറക്ടര്‍ കരട് സ്റ്റാഫ് പാറ്റേണ്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സ്‌ക്രൂട്‌നി നടത്തുന്നതിനായി സര്‍ക്കാര്‍ പ്രതിനിധി ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപവത്കരിക്കുകയും, ഈ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ജീവനക്കാരെ പുനര്‍വിന്യസിച്ചതിന് ശേഷം പി.എസ്.സി.യുടെ അനുമതിയോടെ തുടര്‍നടപടി സ്വീകരിക്കാമെന്നും രജിസ്ട്രാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിലവില്‍ കണ്‍സ്യൂമര്‍ഫെഡ് നഷ്ടത്തിലായതിനാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തിയത്. നിലവിലെ സാമ്പത്തിക നില പരിഗണിച്ച് പുതിയ തസ്തികകള്‍ക്ക് അനുമതി നല്‍കാനാകില്ല. തസ്തികകള്‍ സൃഷ്ടിക്കപ്പെടാത്ത സാഹചര്യത്തില്‍ പിരിച്ചുവിട്ട ജീവനക്കാരെ പുനര്‍വിന്യസിപ്പിക്കുന്ന വിഷയം പരിഗണിക്കാനും കഴിയില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

[mbzshare]

Leave a Reply

Your email address will not be published.