കണ്ടയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ സഹകരണ സംഘങ്ങൾ ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കണമെന്ന് സഹകരണ വകുപ്പ് മന്ത്രി: ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തി.

adminmoonam

കണ്ടയ്ൻമെന്റ് സോൺ ഒഴുകിയുള്ള പ്രദേശങ്ങളിൽ സഹകരണസംഘങ്ങൾ ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കണമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം സംഘങ്ങൾ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.ഇന്ന് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ഓൺലൈനിൽ ചർച്ച നടത്തുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് സഹകരണ മേഖലയും ജീവനക്കാരും നൽകിയ പിന്തുണയ്ക്ക് മന്ത്രി പ്രത്യേകം നന്ദി പറഞ്ഞു.

ഇപ്പോൾ പല സഹകരണസംഘങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇത് മനസ്സിലാക്കി ജീവനക്കാർ പരമാവധി ബിസിനസ് വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. പെൻഷൻ വിതരണം കാര്യക്ഷമമായി ഓണത്തിന് മുമ്പ് പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. മുൻകാലങ്ങളിലേതുപോലെ ഓണച്ചന്ത പരമാവധി തുടങ്ങണമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളെ പരമാവധി സഹായിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. മെമ്പർ റിലീഫ് ഫണ്ട്, സ്വർണ്ണ വായ്പ പദ്ധതി, ജീവനക്കാരുടെ ശമ്പള പരിഷ്കരണം, ബോണസ് തുടങ്ങിയ വിഷയങ്ങളിൽ മന്ത്രി സംസാരിച്ചു. സാഹചര്യങ്ങൾ അനുകൂലമാകുന്ന മുറയ്ക്ക് ശമ്പളപരിഷ്കരണം നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഇതുവരെയുള്ള ഇൻസെന്റീവ് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ ജീവനക്കാരെയും സംഘങ്ങളെയും മന്ത്രി പ്രത്യേകം പ്രശംസിച്ചു.

സ്വർണ്ണപ്പണയ വായ്പ യുടെ പരിധി, സ്വർണ്ണത്തിന്റെ വിലയുടെ 90 ശതമാനം വരെ റിസർവ് ബാങ്ക് ഉയർത്തിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തണം. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജനറൽ സെക്രട്ടറി, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ സെക്രട്ടറി, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് സെക്രട്ടറി, ഓൾ കേരള ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി തുടങ്ങി 5 സംഘടനകളുടെ പ്രതിനിധികൾ ഓൺലൈൻ ചർച്ചയിൽ പങ്കെടുത്തു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ ഇറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

Latest News