ഓണക്കാലത്ത് പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി.
ഓണക്കാലത്തും ടൂറിസം വാരാഘോഷ വേളയിലും പ്ലാസ്റ്റികിന്‍റെ ഉപയോഗം പരമാവധി ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കച്ചവടക്കാരും സ്ഥാപനങ്ങളും സംഘടനകളുമെല്ലാം പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് സഹകരിക്കണം.
ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വിനാശകരമായ ആഘാതമുണ്ടാക്കുമെന്നും മനുഷ്യന്‍റെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുമെന്നും തിരിച്ചറിഞ്ഞ് നിലവിലുള്ള രീതികള്‍ മാറ്റാന്‍ എല്ലാവരും തയ്യാറാകണം. മനസ്സുവെച്ചാല്‍ മലയാളികള്‍ക്ക് അതിന് കഴിയും. വിവാഹങ്ങള്‍ക്കും വലിയ സമ്മേളനങ്ങള്‍ക്കും ഗ്രീന്‍ പ്രോട്ടോക്കോള്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അത് വിജയിക്കുമോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍, കേരളത്തില്‍ അതു വലിയ വിജയമായി. ജനങ്ങള്‍ അതു സ്വീകരിച്ചു. പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അളവില്‍ അതു വഴി വലിയ കുറവാണുണ്ടായത്. ഈ അനുഭവത്തിന്‍റെ കൂടി വെളിച്ചത്തിലാണ് ഫ്ളക്സ് ഉപയോഗം പൂര്‍ണമായി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
രണ്ടു പ്രളയം കഴിഞ്ഞപ്പോള്‍ ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് മണ്ണിനടിയില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും പുറത്തുവന്നതെന്ന് നമുക്കറിയാം. നമ്മുടെ മണ്ണിനെയും ജലസ്രോതസ്സുകളെയും പ്ലാസ്റ്റിക് എന്തുമാത്രം മലിനമാക്കുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയും. സര്‍ക്കാരും ജനങ്ങളും ഒന്നിച്ചു നിന്നാല്‍ അതു സാധ്യമാണ്. നാം ഉപയോഗരീതി മാറ്റിയാല്‍ മാലിന്യമുണ്ടാക്കുന്ന പ്ലാസ്റ്റിക്കിന്‍റെ ഉത്പാദനം തന്നെ കുറയും – മുഖ്യമന്ത്രി പറഞ്ഞു.