ഒരാള്‍ക്ക് ഒരു വോട്ട് മതി

Deepthi Vipin lal

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

(2021 മാര്‍ച്ച് ലക്കം)

സഹകരണ മേഖലയെക്കുറിച്ചു പഠിക്കാന്‍ 1932 ല്‍ നിയോഗിക്കപ്പെട്ട അന്വേഷണ സമിതി തിരുവിതാംകൂറിലെ ആദ്യത്തെ സഹകരണ ബാങ്കായ ട്രിവാന്‍ഡ്രം സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിനെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തുകയുണ്ടായി. മൂന്നൂറിലധികം പേജുള്ള, ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ടില്‍ 13 പേജ് വരുന്ന ഒരധ്യായം തന്നെ കേന്ദ്ര ബാങ്കിനായി നീക്കിവെച്ചിരിക്കയാണ്.

ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് തിരുവിതാംകൂറില്‍ ആദ്യത്തെ സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തത്. പേര് ട്രിവാന്‍ഡ്രം സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്. പ്രാഥമിക സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയായിരുന്നു ഈ കേന്ദ്ര ബാങ്കിന്റെ പ്രധാന ദൗത്യം. സഹകരണ മേഖലയുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനുമായി 1932 ല്‍ നിയോഗിക്കപ്പെട്ട സഹകരണ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അഞ്ചാം അധ്യായം പൂര്‍ണമായും കേന്ദ്ര ബാങ്കിന്റെ പ്രവര്‍ത്തനത്തെയും അതിന്റെ പോരായ്മകളെയും പ്രകടനം മെച്ചപ്പെടുത്താന്‍ വരുത്തേണ്ട മാറ്റങ്ങളെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. 1932 ല്‍ ശ്രീ ചിത്തിരത്തിരുനാള്‍ ബാലരാമ വര്‍മ മഹാരാജാവാണ് സമിതിയെ നിയോഗിച്ചത്. ഒരാള്‍ക്ക് ഒരു വോട്ട്, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്, പലിശ നിരക്ക്, പൊതു നന്മാഫണ്ട് രൂപവത്കരണം തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സഹകരണ രജിസ്ട്രാര്‍ എം. ഗോവിന്ദ പിള്ള കണ്‍വീനറും ഡോ. എന്‍. കുഞ്ഞന്‍ പിള്ള, ടി. പത്മനാഭ റാവു, നിയമസഭാംഗങ്ങളായ കെ.സി. കരുണാകരന്‍, എം.എന്‍. നാരായണ മേനോന്‍ എന്നിവര്‍ അംഗങ്ങളുമായ അന്വേഷണ സമിതി ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് വിശദമായി പഠിക്കുകയും തിരുവിതാംകൂറില്‍ പ്രാവര്‍ത്തികമാക്കേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയുമുണ്ടായി. രണ്ടു വര്‍ഷമെടുത്താണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്.

ശ്രീ ചിത്തിരത്തിരുനാള്‍
ബാലരാമവര്‍മ മഹാരാജാവ്

സെന്‍ട്രല്‍ സഹകരണ ബാങ്ക്

തിരുവിതാംകൂറില്‍ സഹകരണ സംഘം നിയമം പ്രസിദ്ധീകരിക്കപ്പെട്ട 1915 നവംബര്‍ 23 നാണ് സംസ്ഥാനത്തെ ആദ്യത്തെ സഹകരണ സംഘമായ തിരുവനന്തപുരം കേന്ദ്ര സഹകരണ ബാങ്ക് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് രൂപം കൊള്ളാന്‍ പോകുന്ന പ്രാഥമിക സഹകരണ സംഘങ്ങളെ സാമ്പത്തികമായി സഹായിക്കാനായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ കേന്ദ്ര ബാങ്കിന് 50,000 രൂപ മുന്‍കൂറായി അനുവദിച്ചു. നാലു കൊല്ലം കൊണ്ട് ഈ പണം അഞ്ചു ശതമാനം പലിശയോടെ തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണമെന്നതായിരുന്നു വ്യവസ്ഥ.

സര്‍ക്കാരില്‍ നിന്നുള്ള ധനസഹായവും മാനേജ്‌മെന്റില്‍ പ്രമുഖ വ്യക്തികളുടെ സാന്നിധ്യവുമുണ്ടായിട്ടും ആദ്യത്തെ ആറു വര്‍ഷം സെന്‍ട്രല്‍ ബാങ്കിനു കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. 1921 ല്‍ 116 വ്യക്തികളും 81 സഹകരണ സംഘങ്ങളും മാത്രമാണ് ബാങ്കില്‍ അംഗത്വമെടുത്തിരുന്നത്. വ്യക്തികളും സംഘങ്ങളും കൂടി ആകെയെടുത്തത് 372 ഓഹരികളാണ്. വെറും 500 രൂപയാണ് ഫിക്‌സഡ് ഡെപ്പോസിറ്റായി ഉണ്ടായിരുന്നത്. കറന്റ് ഡെപ്പോസിറ്റാവട്ടെ 1,191 രൂപയും. എന്നാല്‍, അടുത്ത വര്‍ഷം സ്ഥിതിഗതികള്‍ മാറിത്തുടങ്ങി. വൈദ്യലിംഗം പിള്ള സഹകരണ രജിസ്ട്രാറായും പത്മനാഭ റാവു പ്രസിഡന്റായും തിരഞ്ഞടുക്കപ്പെട്ടതോടെ ബാങ്കിന്റെ തലവര തെളിഞ്ഞു. രണ്ടു പേരുടെയും ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിലൂടെ ബാങ്ക് പുരോഗതിയിലേക്ക് കുതിച്ചു. 1932-33 ല്‍ വ്യക്തികളുടെ അംഗത്വം 2,692 ലെത്തി. 698 സംഘങ്ങളും സെന്‍ട്രല്‍ ബാങ്കില്‍ അംഗങ്ങളായി. അനുവദിച്ച കാലാവധിക്കു മുമ്പുതന്നെ സര്‍ക്കാരിന്റെ വായ്പ കേന്ദ്ര ബാങ്ക് തിരിച്ചടച്ചു. പ്രവര്‍ത്തന മൂലധനം 20 ലക്ഷം രൂപയായി ഉയര്‍ന്നു. അംഗങ്ങളുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് മാത്രം ഏതാണ്ട് ഏഴു ലക്ഷം രൂപയോളമുണ്ടായിരുന്നു.

പുരോഗതിയുടെ ഈ ഘട്ടത്തില്‍ സഹകരണ അന്വേഷണ സമിതി ഒരു നിര്‍ദേശം മുന്നോട്ടുവെക്കുന്നു. സഹകരണ സെന്‍ട്രല്‍ ബാങ്കില്‍ വ്യക്തികള്‍ക്ക് അനുവദിച്ചിട്ടുള്ള അംഗത്വം ഒഴിവാക്കണമെന്നതായിരുന്നു ഈ നിര്‍ദേശം. ബാങ്കിന്റെ സഹായധനം സ്വീകരിക്കുന്ന സംഘങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ അംഗത്വം നല്‍കാവൂ എന്നു സമിതി ശുപാര്‍ശ ചെയ്യുന്നു. ഒരു അപ്പക്‌സ് ബാങ്കിന്റെ തലത്തിലേക്കു വളര്‍ന്നതിനാല്‍ സെന്‍ട്രല്‍ ബാങ്കിന്റെ അംഗത്വത്തില്‍ നിന്നു വ്യക്തികളെയും പ്രാഥമിക സംഘങ്ങളെയും 15 വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഒഴിവാക്കണം. പ്രാഥമിക സംഘങ്ങളുടെ സ്ഥാനത്ത് താലൂക്ക് സഹകരണ ബാങ്കുകളെ കൊണ്ടുവരാനാണ് സമിതി നിര്‍ദേശിക്കുന്നത്.

ബഹു വോട്ട് വേണ്ട ഒരു വോട്ട് മതി

തിരുവനന്തപുരം സെന്‍ട്രല്‍ സഹകരണ ബാങ്കില്‍ ഒരാള്‍ക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ കുറച്ചു കാലം പാലിച്ചിരുന്നില്ലെന്നു സഹകരണ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ നിന്നു നമുക്കു മനസ്സിലാക്കാം. സമിതിയുടെ റിപ്പോര്‍ട്ട് തയാറാക്കിയ 1932-34 കാലത്തെ ബൈലോ അനുസരിച്ച് ബാങ്കില്‍ അംഗത്വമുള്ള പ്രാഥമിക സംഘങ്ങള്‍ക്ക് അവര്‍ എടുത്ത ഓഹരികള്‍ക്കനുസരിച്ച് വോട്ടുകളുണ്ടായിരുന്നു. എന്നാല്‍, വ്യക്തിഗത അംഗങ്ങള്‍ക്ക് എത്ര ഓഹരിയുണ്ടായിരുന്നാലും ഒരു വോട്ടേ അനുവദിച്ചിരുന്നുള്ളു. യഥാര്‍ഥത്തില്‍ ഇരു വിഭാഗം അംഗങ്ങള്‍ക്കും നേരത്തേ ഒരു വോട്ടേ ഉണ്ടായിരുന്നുള്ളു. 1928 വരെ ഈ സമ്പ്രദായം തുടരുകയും ചെയ്തിരുന്നു എന്നു അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നു മനസ്സിലാക്കാം. ജനറല്‍ ബോഡിയില്‍ തീരുമാനമെടുക്കുന്നതിലും മറ്റും വ്യക്തിഗത അംഗങ്ങള്‍ അമിതമായി സ്വാധീനം ചെലുത്താന്‍ തുടങ്ങിയതിനാലാവാം പിന്നീട് ഈ അവകാശം മാറ്റിയതെന്നു സമിതി ഊഹിക്കുന്നു. ഒന്നിലധികം വോട്ട് , അത് സൊസൈറ്റികള്‍ക്കായാലും വ്യക്തികള്‍ക്കായാലും, സഹകരണമെന്ന ആശയത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ലെന്നു അന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നു. കാരണം, ഒരു സഹകരണ സംഘം എന്നത് തുല്യ പങ്കാളിത്തവും തുല്യ നിയ്ന്ത്രണാവകാശവുമുള്ള വ്യക്തികളുടെ ഒരു കൂട്ടമാണ്. മൂലധനത്തിന്റെയല്ല, ആള്‍ക്കാരുടെ കൂടിച്ചേരലാണ് അവിടെ നടക്കുന്നത്. യഥാര്‍ഥ സഹകരണത്തിലെ ഒരു സുപ്രധാന ഘടകം ഒരാള്‍ക്ക് ഒരു വോട്ട് എന്നതാണ് – സമിതി ശക്തമായി ആവശ്യപ്പെടുന്നു. ഈയൊരു തത്വം ബോംബെ, മദ്രാസ് എന്നിവിടങ്ങളിലെ പുതുതായി ഭേദഗതി ചെയ്ത പ്രവിശ്യാ നിയമങ്ങളില്‍ കൊണ്ടുവന്നിട്ടുണ്ടെന്നൂ സമിതി പറയുന്നു. അതിനാല്‍, 1913 ലെ തിരുവിതാംകൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് റഗുലേഷന്‍ ആക്ടില്‍ ‘ ഒരാള്‍ക്ക് ഒരു വോട്ട് ‘ എന്ന വ്യവസ്ഥ കൊണ്ടുവരാനാവശ്യമായ ഭേദഗതി വരുത്തണമെന്നു സമിതി നിര്‍ദേശിക്കുന്നു.

ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ്

അക്കാലത്ത് ബാങ്കിന്റെ മാനേജ്‌മെന്റ് ബോര്‍ഡില്‍ 21 പേരാണുണ്ടായിരുന്നത്. ഏഴു പേര്‍ വ്യക്തിഗത അംഗങ്ങളില്‍ നിന്നും 14 പേര്‍ സൊസൈറ്റികളില്‍ നിന്നും. മൂന്നു വര്‍ഷം കൂടുമ്പോഴായിരുന്നു മാനേജ്‌മെന്റ് ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പ്. വിവിധ തരത്തില്‍പ്പെട്ട സംഘങ്ങള്‍ക്ക് ബോര്‍ഡില്‍ മതിയായ പ്രാതിനിധ്യം കിട്ടാന്‍ സഹകരണ അന്വേഷണ സമിതി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നു. താലൂക്ക് ബാങ്കുകളുടെയും ബാങ്കിങ് യൂണിയനുകളുടെയും നാല് പ്രതിനിധികള്‍ ബോര്‍ഡില്‍ ഉണ്ടാവണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തത്. അര്‍ബന്‍ ബാങ്ക്, വായ്‌പേതര സംഘങ്ങള്‍ എന്നിവക്ക് ഓരോ പ്രതിനിധി വീതം വേണം. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് മൂന്നു സീറ്റാണ് ശുപാര്‍ശ ചെയ്തത്.

തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിഗത അംഗങ്ങളില്‍ ഒരാളും സംഘങ്ങളുടെ പ്രതിനിധികളില്‍ മൂന്നു പേരും ഓരോ വര്‍ഷം കൂടുമ്പോള്‍ മാനേജ്‌മെന്റ് ബോര്‍ഡില്‍ നിന്ന് വിരമിക്കണമെന്ന് അന്വേഷണ സമിതി ശുപാര്‍ശ ചെയ്യുന്നു. ആദ്യത്തെ രണ്ടു വര്‍ഷം വിരമിക്കേണ്ടവരെ നറുക്കിട്ടെടുത്തു തീരുമാനിക്കണം. സര്‍ക്കാര്‍ നോമിനികള്‍ മൂന്നു വര്‍ഷം കൂടുമ്പോള്‍ വിരമിക്കണം. വിരമിക്കുന്നവര്‍ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ അവകാശമുണ്ട്. നറുക്കിട്ടെടുത്ത് അംഗങ്ങളെ ഒഴിവാക്കാനുള്ള വ്യവസ്ഥ ബൈലോവില്‍ കൊണ്ടുവരണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

സര്‍ക്കാര്‍ നോമിനികളാവാം

മാനേജ്‌മെന്റ് ബോര്‍ഡിന്റെ ഘടനയില്‍ ചില മാറ്റങ്ങളാവാമെന്നാണ് സഹകരണ അന്വേഷണ സമിതിയുടെ അഭിപ്രായം. സാമുദായിക തലത്തിലോ പ്രാദേശിക തലത്തിലോ വേണ്ടത്ര പ്രാതിനിധ്യം കിട്ടാതെ പോകരുത് എന്ന സദുദ്ദേശത്തിലാണ് സമിതി ചില മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നത്. ബോര്‍ഡിലേക്ക് മുന്നൂ പേരെയെങ്കിലും നോമിനേറ്റ് ചെയ്യാന്‍ സര്‍ക്കാരിനു അധികാരം നല്‍കാനാണ് സമിതിയുടെ ശുപാര്‍ശ. ഇങ്ങനെ സര്‍ക്കാര്‍ നോമിനികള്‍ ബോര്‍ഡില്‍ വരുമ്പോഴുള്ള ഗുണങ്ങളിലൊന്ന് ആവശ്യമുള്ള സമയങ്ങളില്‍ സാമ്പത്തിക സഹായം നേടിയെടുക്കാന്‍ ബാങ്കിനു കഴിയും എന്നതാണ്. ബാങ്കില്‍ പൊതുജനള്‍ക്ക് കൂടുതല്‍ വിശ്വാസമുണ്ടാക്കാന്‍ ഈ നടപടി സഹായിക്കും എന്നതാണ് മറ്റൊന്ന്. ഇതുവഴി ബാങ്കിലേക്ക് നിക്ഷേപം കൂടുതല്‍ വരാന്‍ സാധ്യതയുണ്ടെന്നു സമിതി അഭിപ്രായപ്പെടുന്നു. സര്‍ക്കാര്‍ നോമിനികള്‍ വേണമെന്നു ശുപാര്‍ശ നടത്തുന്ന സമിതിക്ക് ഇതൊക്കെ ന്യായമാണെന്ന തോന്നലില്ല. കാരണം, സഹകരണ മേഖലയില്‍ സാമുദായികമോ പ്രാദേശികമോ ആയ വേര്‍തിരിവൊന്നും ഉണ്ടാകാന്‍ പാടില്ല എന്ന നയത്തിനെതിരാവുമോ ഈ നോമിനേഷന്‍ എന്നു സമിതി ശങ്കിക്കുന്നുണ്ട്. എങ്കിലും, ചുറ്റുപാടും സാമുദായികബോധം വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നോമിനേഷന്‍ വഴി സമുദായസ്പര്‍ധ കുറയ്ക്കാനാവുമെന്നു സമിതി വിശ്വസിക്കുന്നു. ബ്രിട്ടീഷിന്ത്യയിലും ബോംബെ പ്രസിഡന്‍സി, ഐക്യ പ്രവിശ്യകള്‍, ബിഹാര്‍, ഒറീസ, ബംഗാള്‍, മൈസൂര്‍ സംസ്ഥാനങ്ങളിലും ഇത്തരം നോമിനേഷന്‍ നടത്തിയ കീഴ്‌വഴക്കമുണ്ടെന്നു സമിതി ചൂണ്ടിക്കാട്ടുന്നു. ബോര്‍ഡില്‍ ആകെ 15 പേരാകാമെന്നാണ് സമിതിയുടെ അഭിപ്രായം. മൂന്നു പേരെ വ്യക്തിഗത അംഗങ്ങളില്‍ നിന്നും ഒമ്പതു പേരെ സംഘങ്ങളില്‍ നിന്നും തിരഞ്ഞെടുക്കാം. മൂന്നു പേരെ അംഗങ്ങളില്‍ നിന്നു സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യണം.

പെയ്ഡ് സെക്രട്ടറി തന്നെ വേണം

സഹകരണ പ്രസ്ഥാനം തിരുവിതാംകൂറില്‍ ആരംഭിച്ച് പതിനേഴ് വര്‍ഷം പിന്നിടുമ്പോള്‍ സെന്‍ട്രല്‍ സഹകരണ ബാങ്ക് വികസനപാതയില്‍ എത്തിയെന്ന കാര്യത്തില്‍ അന്വേഷണ സമിതിക്ക് ഒട്ടും സംശയമില്ല. അതുകൊണ്ടുതന്നെ ബാങ്കിനു ഒരു പെയ്ഡ് സെക്രട്ടറിയുടെ സേവനമാകാമെന്നാണ് സമിതിയുടെ ഉറച്ച അഭിപ്രായം. നല്ല യോഗ്യതയുള്ള സെക്രട്ടറിക്ക് ന്യായമായ ശമ്പളവും നല്‍കണമെന്നു സമിതി ശുപാര്‍ശ ചെയ്യുന്നു. ഇവര്‍ക്ക് ബോര്‍ഡില്‍ അംഗത്വം നല്‍കരുത്. വോട്ട് ചെയ്യാനും അനുമതി കൊടുക്കരുത്. അങ്ങനെ വന്നാല്‍ ഇവര്‍ പക്ഷം പിടിച്ചേക്കും. ബോര്‍ഡിന്റെയും സബ് കമ്മിറ്റികളുടെയും എല്ലാ യോഗങ്ങളിലും സെക്രട്ടറി പങ്കെടുക്കണം. യോഗങ്ങളുടെ മിനുട്ട്‌സും തയാറാക്കണം. നഗരസഭയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് തുല്യമായിരിക്കണം സെക്രട്ടറിയുടെ പദവി. തൊട്ടടുത്ത കൊച്ചി സംസ്ഥാനത്ത് തൃശ്ശൂര്‍ ആസ്ഥാനമായി രൂപം കൊണ്ട കൊച്ചിന്‍ സെന്‍ട്രല്‍ സഹകരണ ബാങ്കിന് ഇത്തരത്തില്‍ സെക്രട്ടറിയുള്ള കാര്യം സമിതി ചൂണ്ടിക്കാട്ടുന്നു. മാനേജ്‌മെന്റ് ബോര്‍ഡും രജിസ്ട്രാറുമാണ് അവിടെ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്. ഇതിനു ദിവാന്റെ അംഗീകാരവും വേണ്ടിയിരുന്നു. ബാങ്കിനു പെയ്ഡ് സെക്രട്ടറിയുള്ളപ്പോള്‍ പ്രത്യേകം ഖജാന്‍ജി വേണ്ടതില്ല. പണവും വിലപിടിച്ച രേഖകളുമൊക്കെ സുരക്ഷയുള്ള സേഫിലോ സ്‌ട്രോങ് റൂമിലോ സൂക്ഷിക്കണം. ഇതിനു രണ്ടു താക്കോല്‍ വേണം. ഒന്നു പ്രസിഡന്റിന്റെ കൈയിലും മറ്റൊന്നു സെക്രട്ടറിയുടെ കൈയിലും വെക്കണം.

കടം വാങ്ങാന്‍ മടി

1932 ന്റെ ഒടുവില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രവര്‍ത്തന മൂലധനം 20 ലക്ഷം രൂപയിലധികമായിരുന്നു. എന്നാല്‍, മെമ്പര്‍ സൊസൈറ്റികളും അംഗങ്ങളും ചേര്‍ന്നു വായ്പയെടുത്തിരുന്ന തുക 12 ലക്ഷത്തോളമായിരുന്നു. ബാക്കിയുള്ള എട്ടു ലക്ഷം മറ്റു ബാങ്കുകളിലും സര്‍ക്കാരിലുമായി നിക്ഷേപിച്ചിരുന്നു. ഇത്തരത്തിലുള്ള മിച്ചം എന്ന പ്രതിഭാസം ഇന്നു രാജ്യത്തെ എല്ലാ ബാങ്കുകളിലും, പ്രത്യേകിച്ച് സഹകരണ ബാങ്കുകളില്‍, കാണാമെന്നു സമിതി നിരീക്ഷിക്കുന്നു. പ്രാഥമിക സംഘങ്ങളില്‍ ഇടപാടുകള്‍ കുറഞ്ഞിരിക്കുകയാണ്. വിളകള്‍ക്കും മറ്റും വില കുറയുന്നതിനാല്‍ വായ്പ വാങ്ങാന്‍ അംഗങ്ങള്‍ പേടിയ്ക്കുന്നു. മാത്രമല്ല, കടം കൊടുക്കാന്‍ ബാങ്കുകളും മടിയ്ക്കുന്നു. ഇത്രത്തോളം വരില്ലെങ്കിലും രണ്ടു വര്‍ഷം മുമ്പും രാജ്യത്ത് ഇതായിരുന്നു അവസ്ഥ എന്നു അന്വേഷണ സമിതി വ്യക്തമാക്കുന്നു. ഇതിനൊരു പരിഹാരമായി സമിതി ചൂണ്ടിക്കാട്ടുന്നത് ബാങ്കുകള്‍ നിക്ഷേപത്തിനുള്ള പലിശ കുറയ്ക്കണമെന്നാണ്. ( ഈ ശുപാര്‍ശ പിന്നീട് നടപ്പാക്കുകയുണ്ടായി ). ബാങ്കില്‍ നിക്ഷേപിക്കാന്‍ വരുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും നിര്‍ദേശമുയരുകയുണ്ടായി. മദ്രാസ് പ്രൊവിന്‍ഷ്യല്‍ സഹകരണ ബാങ്കും മറ്റനവധി കമേഴ്‌സ്യല്‍ ബാങ്കുകളും ഇങ്ങനെ നിക്ഷേപം നിരസിക്കാറുണ്ട്. പക്ഷേ, ഇതിനൊരു മറുവശമുണ്ടെന്നു സമിതി ചൂണ്ടിക്കാട്ടുന്നു. ഒരിക്കല്‍ നിരസിച്ചാല്‍ പിന്നീടൊരിക്കല്‍ ആവശ്യം വരുമ്പോള്‍ നിക്ഷേപകര്‍ നമ്മുടെയടുത്ത് വീണ്ടും വരണമെന്നില്ല. അവര്‍ മറ്റു നിക്ഷേപ മാര്‍ഗങ്ങള്‍ തേടിപ്പോകും. എന്നാല്‍, മികവു പുലര്‍ത്തുന്ന സഹകരണ ബാങ്കുകള്‍ക്ക് ഇതുകൊണ്ടൊന്നു ക്ഷതമേല്‍ക്കാന്‍ പോകുന്നില്ല. കൂടുതല്‍ നിക്ഷേപം വേണ്ടെന്നുവെക്കുന്നതിലൂടെ അവയുടെ വിശ്വാസം വര്‍ധിക്കുകയേയുള്ളുവെന്നാണ് അനുഭവം തെളിയിക്കുന്നതെന്നു സമിതി അഭിപ്രായപ്പെടുന്നു.

നാടുനീളെ എന്തിനു വായ്പ നല്‍കണം ?

സെന്ട്രല്‍ ബാങ്കിന്റെ വായ്പാ നയത്തോടുള്ള എതിര്‍പ്പ് അന്വേഷണ സമിതി പ്രകടിപ്പിക്കുന്നുണ്ട്. വേര്‍തിരിവും വകതിരിവുമില്ലാത്ത മട്ടിലാണ് ബാങ്കിന്റെ വായ്പ കൊടുക്കല്‍. വ്യക്തികള്‍ക്കും അര്‍ബന്‍ ബാങ്കുള്‍പ്പെടെയുള്ള പ്രാഥമിക സംഘങ്ങള്‍ക്കും താലൂക്ക് ബാങ്കുകള്‍ക്കും ബാങ്കിങ് യൂണിയനുകള്‍ക്കുമൊക്കെ ബാങ്ക് ലോണ്‍ കൊടുക്കുകയാണ്. ഒരു പ്രാഥമിക സംഘത്തിന്റെയും കേന്ദ്ര ബാങ്കിന്റെയും അപ്പക്‌സ് ബാങ്കിന്റെയും ചുമതലകള്‍ ഒരുമിച്ചു വഹിക്കുകയാണ് തിരുവനന്തപുരം സെന്‍ട്രല്‍ ബാങ്ക് എന്നു സമിതി എടുത്തുപറയുന്നു. ഇത് അനഭിലഷണീയമായ പ്രവണതയാണെന്നു സമിതി കുറ്റപ്പെടുത്തുന്നു. അന്വേഷണ സമിതിയെ നിയോഗിച്ച വര്‍ഷത്തിലെ ( 1932 ) വായ്പയുടെ കണക്ക് റിപ്പോര്‍ട്ടില്‍ പ്രത്യേകം ഉദ്ധരിക്കുന്നുണ്ട്. അക്കൊല്ലം വ്യക്തികള്‍ക്കു മാത്രമായി കൊടുത്തത് 518 വായ്പകളാണ്. എല്ലാംകൂടി 3,26,621 രൂപ വരും. അതേസമയം, പ്രാഥമിക സംഘങ്ങള്‍ക്ക് കൊടുത്ത വായ്പ തുലോം തുച്ഛമാണ്. 42,080 രൂപയുടെ വെറും 31 ലോണാണ് നല്‍കിയത്. താലൂക്ക് ബാങ്കുകള്‍ക്കും ബാങ്കിങ് യൂണിയനുകള്‍ക്കും കൂടി നല്‍കിയത് 45 ലോണാണ്. മൊത്തം സംഖ്യ 1,29,350 രൂപ വരും. തങ്ങളുടെ പ്രധാന കര്‍മം സംഘങ്ങള്‍ക്ക് ധനസഹായം ചെയ്യുക എന്നതാണെന്ന കാര്യം സെന്‍ട്രല്‍ ബാങ്ക് മറന്നുപോയെന്നു സമിതി കുറ്റപ്പെടുത്തുന്നു. ആ നയവ്യതിയാനത്തിനു കേന്ദ്ര ബാങ്കിനെ സമിതി പൂര്‍ണമായും കുറ്റപ്പെടുത്താനാഗ്രഹിക്കുന്നില്ല. പൊതുജന വിശ്വാസം വര്‍ധിച്ചതോടെ ബാങ്കിലേക്ക് നിക്ഷേപം ഒഴുകുകയായിരുന്നു. എന്നാല്‍, അതിനനുസരിച്ച് കൂടുതല്‍ വായ്പയെടുക്കാന്‍ പ്രാഥമിക ബാങ്കുകളൊന്നും തയാറായതുമില്ല. അപ്പോള്‍, കേന്ദ്ര ബാങ്കിനു വ്യക്തികള്‍ക്ക് വായ്പ കൊടുക്കുന്നത് വര്‍ധിപ്പിക്കാന്‍ താല്‍പ്പര്യമേറി. ഒരു നിയന്ത്രണവുമില്ലാതെ, ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കപ്പുറത്തുള്ള വ്യക്തികള്‍ക്കും വായ്പ വാരിക്കോരി നല്‍കിയിട്ടുണ്ടെന്നു സമിതി കണ്ടെത്തി. സംസ്ഥാനത്തെങ്ങുമുള്ള ആളുകള്‍ക്ക് വായ്പ അനുവദിക്കുക വഴി കേന്ദ്ര ബാങ്ക് പ്രാഥമിക സംഘങ്ങളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും വളര്‍ച്ചക്കു തടയിട്ടു എന്നു സമിതി ആക്ഷേപിക്കുന്നുണ്ട്. കൈവശമുള്ള മിച്ചഫണ്ട് എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞപ്പോള്‍ കേന്ദ്ര ബാങ്കിനു ഒരു കാര്യം ചെയ്യാമായിരുന്നു എന്നു സമിതി ചൂണ്ടിക്കാണിക്കുന്നു. കുറെ പണം പ്രാഥമിക സംഘങ്ങള്‍ക്കു നല്‍കി വ്യക്തികളോട് അവിടെ നിന്നു വായ്പയെടുക്കാന്‍ ആവശ്യപ്പെടാമായിരുന്നു. അതുകൊണ്ട് എത്രയും വേഗത്തില്‍ വ്യക്തികള്‍ക്കു നല്‍കുന്ന ഈ ലോണ്‍ മേള, പ്രത്യേകിച്ച് നന്നായി നടക്കുന്ന അര്‍ബന്‍ ബാങ്കുകള്‍ ഉള്ളിടങ്ങളിലെങ്കിലും, അവസാനിപ്പിക്കണമെന്നു അന്വേഷണ സമിതി അതിശക്തമായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നുണ്ട്. അതുപോലെ, ഏതെങ്കിലുമൊരു പ്രദേശത്ത് താലൂക്ക് ബാങ്കോ ബാങ്കിങ് യൂണിയനോ ശക്തമാണെങ്കില്‍ അവിടത്തെ പ്രാഥമിക ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന ഏര്‍പ്പാട് കേന്ദ്ര ബാങ്ക് നിര്‍ത്തണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

പലിശ ഏകീകരിക്കണം

പല സംഘങ്ങളിലും വ്യക്തികള്‍ക്കു നല്‍കുന്ന വായ്പക്ക് പല നിരക്കിലാണ് പലിശ ഈടാക്കുന്നത്. ഈ രീതി മാറ്റി പലിശ നിര്ക്ക് ഏകീകരിക്കണമെന്നു സഹകരണ അന്വേഷണ സമിതി ശുപാര്‍ശ ചെയ്യുന്നു. കേന്ദ്ര ബാങ്കിന്റെ നടപടിയാണ് ഇത്തരമൊരു ശുപാര്‍ശ നടത്താന്‍ സമിതിയെ പ്രേരിപ്പിച്ചത്. വ്യക്തികള്‍ക്കു നല്‍കുന്ന വായ്പയ്ക്ക് അര്‍ബന്‍ ബാങ്കുള്‍പ്പെടെയുള്ള പ്രാഥമിക സംഘങ്ങള്‍ പത്തര ശതമാനം പലിശയാണ് ഈടാക്കുന്നതെന്നു സമിതി ചൂണ്ടിക്കാട്ടി. എന്നാല്‍, കേന്ദ്ര ബാങ്കാവട്ടെ 8.75 ശതമാനമേ പലിശ ചുമത്തുന്നുള്ളും. ഇത് അന്യായമാണെന്നാണ് സമിതിയുടെ അഭിപ്രായം. അര്‍ബന്‍ ബാങ്കുകളിലും പ്രാഥമിക സംഘങ്ങളിലും നിലവില്‍ അംഗത്വമുള്ളവര്‍ കുറഞ്ഞ പലിശയുടെ ആനുകൂല്യം കൈപ്പറ്റാന്‍ കേന്ദ്ര ബാങ്കിലും അംഗത്വമെടുക്കുമെന്നു സമിതി പറയുന്നു. ഇത് അനാരോഗ്യകരമായ മത്സരത്തിനിടയാക്കും. അതുകൊണ്ട് പലിശ നിരക്ക് ഏകീകരിക്കണം – സമിതി നിര്‍ദേശിക്കുന്നു.

1930 കളിലെ സാമ്പത്തിക മാന്ദ്യവും അതിനെത്തുടര്‍ന്നുണ്ടായ തൊഴിലില്ലായ്മയും ഒരര്‍ഥത്തില്‍ കേന്ദ്ര ബാങ്കിനു അനുഗ്രഹമായിട്ടുണ്ടെന്നു സമിതി അഭിപ്രായപ്പെടുന്നു. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്നു വ്യത്യസ്തമായി ഇക്കാലത്ത് കേന്ദ്ര ബാങ്കിനു കുറഞ്ഞ നിരക്കില്‍ നിക്ഷേപം കിട്ടുന്നുണ്ടെന്നാണ് സമിതി ചൂണ്ടിക്കാട്ടുന്നത്. ഇതിനു തത്തുല്യമായി തങ്ങള്‍ക്കു നല്‍കുന്ന വായ്പയുടെയും പലിശ നിരക്ക് കുറയ്ക്കണമെന്നു പ്രാഥമിക സംഘങ്ങള്‍ ആവശ്യപ്പെടും. ഇത് നമ്മുടെ സംസ്ഥാനത്തിനു മാത്രമല്ല രാജ്യത്തിനു മൊത്തം ബാധകമാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു വിലയിടിഞ്ഞ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കണമെന്ന മുറവിളി എല്ലായിടത്തുനിന്നും ഉയര്‍ന്നിട്ടുണ്ട്. 1934 ജനവരിയില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന രജിസ്ട്രാര്‍മാരുടെ അഖിലേന്ത്യാ സമ്മേളനം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി. രണ്ടു നിര്‍ദേശങ്ങളാണ് അവര്‍ മുന്നോട്ടുവെച്ചത്. 1. സഹകരണ സംഘങ്ങള്‍ക്കു നല്‍കിയിട്ടുള്ള വായ്പകളുടെ കാലാവധി നീട്ടുക. 2. പലിശ നിരക്ക് കുറയ്ക്കുക. ഈ നിര്‍ദേശങ്ങള്‍ പരിഗണിച്ച അന്വേഷണ സമിതി ക്രമേണ പലിശ നിരക്ക് കുറച്ചു കൊണ്ടുവരണമെന്ന നിര്‍ദേശമാണ് മുന്നോട്ടു വെക്കുന്നത്. 1. കേന്ദ്ര ബാങ്കിനു കുടിശ്ശിക വരുത്താത്ത പ്രാഥമിക സംഘങ്ങള്‍ക്ക് 6.5 ശതമാനം നിരക്കില്‍ ധനസഹായം അനുവദിക്കുക. 2. രണ്ടു വര്‍ഷം പഴക്കമുള്ള എ അല്ലെങ്കില്‍ ബി ക്ലാസ് സംഘങ്ങള്‍ക്ക് ഏഴു ശതമാനം പലിശ നിശ്ചയിക്കുക. 3. രണ്ടു വര്‍ഷമായി നിലവിലുള്ള സംഘങ്ങള്‍ക്ക് അവ എ 2 ക്ലാസോ ബി 2 ക്ലാസോ ആയാല്‍ ഏഴര ശതമാനം പലിശ ചുമത്താം. 4. എല്ലാ സംഘങ്ങള്‍ക്കും പലിശ എട്ടു ശതമാനമാക്കുക.

പൊതുനന്മാ ഫണ്ട് എന്തുകൊണ്ടില്ല ?

തിരുവിതാംകൂറിലെ പ്രധാന സഹകരണ സ്ഥാപനമായ തിരുവനന്തപുരം സെന്‍ട്രല്‍ ബാങ്കില്‍ പൊതുനന്മാ ഫണ്ടില്ല എന്നറിഞ്ഞ് തങ്ങള്‍ അദ്ഭുതപ്പെട്ടു പോയെന്നു അന്വേഷണ സമിതി പറയുന്നു. സംസ്ഥാനത്തെ മറ്റു മിക്ക സംഘങ്ങളിലും പൊതുനന്മാ ഫണ്ടുള്ള കാര്യം സമിതി ചൂണ്ടിക്കാട്ടുന്നു. ഓരോ വര്‍ഷവും കിട്ടുന്ന മൊത്തം ലാഭത്തിന്റെ ഏഴര ശതമാനത്തില്‍ കുറയാത്ത തുക നീക്കിവെച്ച് എത്രയും പെട്ടെന്നു പൊതു നന്മാ ഫണ്ട് രൂപവത്കരിക്കണമെന്നു സമിതി ശുപാര്‍ശ ചെയ്തു.

തൊട്ടടുത്ത മദ്രാസ് പ്രസിഡന്‍സിയിലെ മദ്രാസ് പ്രവിശ്യാ കോ-ഓപ്പറേറ്റീവ് ബാങ്ക്, കോയമ്പത്തൂര്‍ ജില്ലാ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, സേലം ജില്ലാ അര്‍ബന്‍ ബാങ്ക് തുടങ്ങിയ പ്രധാനപ്പെട്ട സഹകരണ ബാങ്കുകളെല്ലാം പൊതുനന്മാഫണ്ടുപയോഗിച്ച് സഹകരണ വിദ്യാഭ്യാസം പ്രചരിപ്പിക്കാനും ഗ്രാമ പുനരുദ്ധാരണത്തിനും വലിയൊരു തുക വര്‍ഷംതോറും ചെലവഴിക്കുന്നുണ്ടെന്നു സമിതി ചൂണ്ടിക്കാട്ടി. ബോംബെയിലെ 261 സംഘങ്ങള്‍ ചേര്‍ന്നു 1932 ല്‍ 38,150 രൂപ വിദ്യാഭ്യാസത്തിനും കിണറുകള്‍ കുഴിക്കാനും വൈദ്യ സഹായത്തിനും നല്‍കിയിട്ടുണ്ടെന്ന സഹകരണ സംഘം രജിസ്ട്രാറുടെ റിപ്പോര്‍ട്ട് സമിതി ഉദ്ധരിക്കുന്നു.

Leave a Reply

Your email address will not be published.