എസ്.സി / എസ്.ടി. ക്കാരുടെ വായ്പ എഴുതിത്തളളല്‍: അവ്യക്തത നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി
സഹകരണ സ്ഥാപനങ്ങളില്‍ / ബാങ്കുകളില്‍ നിന്നു പട്ടികജാതി/പട്ടികവര്‍ഗ്ഗ /പരിവര്‍ത്തിത ക്രൈസ്തവ ജനവിഭാഗങ്ങള്‍ എടുത്തതും കുടിശ്ശിക വരുത്തിയതുമായ വായ്പകള്‍ എഴുതിത്തള്ളുന്നതു സംബന്ധിച്ചുള്ള അവ്യക്തത നീക്കിക്കൊണ്ട് സര്‍ക്കാര്‍ പുതിയ ഉത്തരവു പുറപ്പെടുവിച്ചു.
2006 മാര്‍ച്ച് 31 ന് തിരിച്ചടവ് കാലാവധി കഴിഞ്ഞതും 25,000 രൂപയില്‍ താഴെയുളളതും സഹകരണ സംഘങ്ങളുടെ സ്വന്തം ഫണ്ടില്‍ നിന്നു നല്‍കിയിട്ടുള്ളതുമായ വായ്പകളില്‍ മുതല്‍ഭാഗം മാത്രം എഴുതിത്തള്ളാമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. അതിനുള്ള ബാധ്യത സര്‍ക്കാര്‍ വഹിക്കും. എന്നാല്‍, മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു സംഘങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ധനസഹായത്തിന്മേല്‍ നല്‍കിയിട്ടുള്ള വായ്പകളില്‍ മുതലും ബന്ധപ്പെട്ട ധനകാര്യ സ്ഥാപനം ഈടാക്കിയ പലിശയും ഉള്‍പ്പെടെ 25,000 രൂപ വരെ എഴുതിത്തള്ളാം. ഈ ബാധ്യതയും സര്‍ക്കാര്‍ വഹിക്കും. ഇതിനു മുകളില്‍ വരുന്ന പലിശ, പിഴപ്പലിശ, മറ്റു ചെലവുകള്‍ എന്നിവ അതതു സഹകരണ സ്ഥാപനങ്ങള്‍ എഴുതിത്തള്ളണം. എന്നിട്ടും തുക ശേഷിക്കുന്നുണ്ടെങ്കില്‍ അതു വായ്പക്കാരന്റെ ബാധ്യതയായിരിക്കും.
സഹകരണ സംഘങ്ങളുടെ സ്വന്തം ഫണ്ടില്‍ നിന്നു നല്‍കിയിട്ടുള്ള 25,000 രൂപയ്ക്കു മുകളിലുള്ളതും കുടിശ്ശികയായിട്ടുള്ളതുമായ വായ്പകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി 25,000 രൂപ വരെ എഴുതിത്തള്ളേണ്ടതാണെന്നു ഉത്തരവില്‍ വ്യക്തമാക്കി. ഈ തുക സര്‍ക്കാര്‍ വഹിക്കും. ഇക്കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നതിനെത്തുടര്‍ന്നാണ് വ്യക്തത വരുത്തിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സഹകരണ സംഘങ്ങളുടെ സ്വന്തം ഫണ്ടില്‍ നിന്നു നല്‍കിയ വായ്പകള്‍ക്ക് പലിശയും പിഴപ്പലിശയും കൂടി നല്‍കണമെന്നു ചില സഹകരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് 2009 നവംബര്‍ 12 ന് പുറപ്പെടുവിച്ച ഉത്തരവിന് വ്യക്തത വരുത്തി പുതിയ ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ പട്ടികജാതി / പട്ടികവര്‍ഗ / പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് എടുത്തതും 2006 മാര്‍ച്ച് 31 നു തിരിച്ചടവു കാലാവധി കഴിഞ്ഞതും കുടിശ്ശികയായതുമായ വായ്പകള്‍ എഴുതിത്തള്ളുമെന്നു 2009-10 ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, മേല്‍പ്പറഞ്ഞ ജനവിഭാഗങ്ങള്‍ എടുത്ത 25,000 രൂപവരെയുള്ള വായ്പ പലിശയും പിഴപ്പലിശയുമുള്‍പ്പെടെ എഴുതിത്തള്ളുമെന്നും അതിനു മുകളിലുള്ള തുകയ്ക്കു പലിശയും പിഴപ്പലിശയും ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
[mbzshare]