എന്‍.സി.ഡി.സി. പലിശനിരക്ക് പുതുക്കി
കാര്‍ഷിക, കര്‍ഷകക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ളതും ദേശീയതലത്തില്‍ സഹകരണ വികസന പരിപാടികള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതുമായ ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി ) വായ്പകള്‍ക്ക് ഈടാക്കുന്ന പലിശനിരക്ക് പുതുക്കി. പുതുക്കിയ നിരക്ക് ഉടനടി പ്രാബല്യത്തില്‍ വന്നു.
പുതിയ ഉത്തരവനുസരിച്ച്, ടേം ലോണ്‍ വിഭാഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍വഴി ദുര്‍ബല വിഭാഗങ്ങളുടെ പദ്ധതികള്‍ക്കു നല്‍കുന്ന വായ്പകളുടെ പലിശനിരക്ക് 9.15 ശതമാനവും മറ്റു പദ്ധതികള്‍ക്കുള്ള പലിശ നിരക്ക് 9.35 ശതമാനവുമായിരിക്കും. ഈ വിഭാഗത്തില്‍ പലിശ അടയ്‌ക്കേണ്ടത് വര്‍ഷത്തിലാണ്. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ക്കു നേരിട്ടു നല്‍കുന്ന സാമ്പത്തിക സഹായം 100 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികള്‍ക്കു 9.45 ശതമാനവും 100 ലക്ഷത്തില്‍ക്കൂടുതലുള്ള പദ്ധതികള്‍ക്കു 9.57 ശതമാനവുമായിരിക്കും പുതുക്കിയ പലിശനിരക്ക്. മറ്റു പദ്ധതികള്‍ക്കുള്ള പലിശ 9.62 ശതമാനമായിരിക്കും. പലിശ ആറു മാസം കൂടുമ്പോള്‍ അടയ്ക്കണം. പ്രവര്‍ത്തന മൂലധന വായ്പകളില്‍ പലിശയടയ്ക്കുന്നതു വായ്പ അനുവദിച്ചുകൊണ്ടുള്ള കത്തില്‍ സൂചിപ്പിച്ച പ്രകാരമായിരിക്കും. ടേം ലോണിന്റെ കാലാവധി എട്ടു വര്‍ഷംവരെയും പ്രവര്‍ത്തന മൂലധന വായ്പയുടെ കാലാവധി രണ്ടു വര്‍ഷംവരെയുമായിരിക്കും.