ഊരാളുങ്കലിന് ഇനി എലിജിബിലിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാതി പരിധിയില്ലാതെ കരാര്‍ ഏറ്റെടുക്കാം

moonamvazhi

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, വര്‍ക്ക് ഓണ്‍ ഹാന്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കാതെ കരാര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി. സംഘം ഭരണസമിതി തീരുമാനം അനുസരിച്ച് കോഴിക്കോട് ജോയിന്റ് രജിസ്ട്രാറുടെ അപേക്ഷയും സഹകരണ സംഘം രജിസ്ട്രാറുടെ ശുപാര്‍ശയും അനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സര്‍ക്കാര്‍ ഓഹരി പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിയില്‍ 3175 അംഗങ്ങളും 16,000 തൊഴിലാളികളുമാണുള്ളത്. ഈ തൊഴിലാളികള്‍ക്ക് നിത്യവും തൊഴിലും കൂലിയും ഉറപ്പാക്കാനുള്ള നടപടി എന്ന നിലയിലാണ് കരാര്‍ ഏറ്റെടുക്കുന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് സംഘം അപേക്ഷിച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തികള്‍ ടെണ്ടറില്ലാതെ നേരിട്ട് ഏറ്റെടുക്കുന്നതിനായി ഊരാളുങ്കലിനെ അക്രഡിറ്റഡ് ഏജന്‍സിയായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. 2008-ലാണ് ഇതിനുള്ള ഉത്തരവ് ഇറക്കിയത്. ഇതിനൊപ്പം, പരിധിയില്ലാതെ കരാര്‍ ഏറ്റെടുക്കുന്നതിനുള്ള അനുമതിയും ഊരാളുങ്കലിന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍, ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തി ഏറ്റെടുക്കുന്നതിന് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, വര്‍ക്ക് ഓണ്‍ ഹാന്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ വ്യവസ്ഥ. ഇത് ഹാജരാക്കാത്തതിനാല്‍ ഊരാളുങ്കലിന് ചില ടെണ്ടറുകള്‍ നിരസിക്കപ്പെടുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് ഈ വ്യവസ്ഥയില്‍ ഊരാളുങ്കലിന് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുള്ളത്.

എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും കരാറുകള്‍ ഊരാളുങ്കലിന് ഏറ്റെടുക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ പൊതുമരാമത്ത് വകുപ്പ്, നാഷണല്‍ ഹൈവേ അതോറിറ്റി, കെ.എസ്.യു.ഡി.പി., വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, ഗ്രാമവികസന വകുപ്പ്, ഹാര്‍ബര്‍ എന്‍ജിനീയിറിങ് എന്നീ വകുപ്പുകളില്‍നിന്നുള്ള കരാറുകള്‍ ഊരാളുങ്കല്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. നിലവിലെ തൊഴിലാളികള്‍ക്കെല്ലാം തൊഴില്‍ നല്‍കുന്നതിനും സംഘത്തിന്റെ മെഷിനറികള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നതിനുമാണ് കൂടുതല്‍ പ്രവര്‍ത്തികള്‍ ഏറ്റെടുക്കേണ്ടിവരുന്നതെന്നുമാണ് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!