ഈ കഠിനകാലവും നമ്മള്‍ അതിജീവിക്കും
കഠിനമായ പരീക്ഷണഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. കോവിഡ് – 19 ഉയര്‍ത്തിവിട്ട ഭീഷണിക്കും ഭീതിക്കും മുന്നില്‍ ലോകം സ്തംഭിച്ചു നില്‍ക്കുന്നു. ഞങ്ങള്‍ എന്ന അഹങ്കാരഭാഷയില്‍ നിന്നു വന്‍ശക്തികള്‍ പോലും നമ്മള്‍ എന്ന വിനയത്തിന്റെ ഭാഷ സംസാരിച്ചു തുടങ്ങിയിരിക്കുന്നു.
ഒരു കാര്യം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഒരു മഹാമാരിക്കും ജീവിത പ്രവാഹത്തെ പിടിച്ചു നിര്‍ത്താനാവില്ല, നിശ്ചലമാക്കാനാവില്ല. എല്ലാം തരണം ചെയ്ത് ലോകത്തിന് മുന്നോട്ടു പോയേ പറ്റൂ. ഇത്തരത്തിലുള്ള ഒരുപാട് ദുര്‍ഘട സന്ധികളെ നേരിട്ടതിന്റെ വിജയചരിത്രം നമ്മുടെ മുന്നിലുണ്ട്. അതില്‍ നിന്ന് ഊര്‍ജം ആവാഹിച്ച് നമുക്ക് മുന്നോട്ട് പോയേ പറ്റൂ. അതുകൊണ്ട് ആത്മവിശ്വാസത്തോടെ പറയാം – ഇതിനെയും നമ്മള്‍ അതിജീവിക്കും.
സവിശേഷമായ ഒരു സാഹചര്യമാണ് കേരളം ഇപ്പോള്‍ നേരിടുന്നത്. നമ്മുടെ സാമ്പത്തിക മേഖലയെ ചലിപ്പിച്ച പ്രവാസികള്‍ മഹാമാരിയുടെ പ്രഹരമേറ്റുവാങ്ങി നിസ്സഹായരായി സ്വന്തം മണ്ണിലേക്ക് കൂട്ടത്തോടെ തിരിച്ചുവരികയാണ്. അവരെ കൈവിടലല്ല, ചേര്‍ത്തുപിടിക്കലാണ് മനുഷ്യത്വം. അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് നമ്മളാണ്. അവര്‍ നാടു വിട്ടത് സാമ്പത്തികമായി മെച്ചം കിട്ടുന്ന നല്ലൊരു ജീവിതം മോഹിച്ചാണ്. കഠിനമായ സാഹചര്യങ്ങളില്‍, തികച്ചും അപരിചിതമായ തൊഴില്‍ മേഖലകളില്‍ അവര്‍ രാപകല്‍ അധ്വാനിച്ചു. ആ വിയര്‍പ്പിന്റെ പങ്കു പറ്റിയത് അവരുടെ കുടുംബങ്ങള്‍ മാത്രമല്ല, സര്‍ക്കാരടക്കം നമ്മളെല്ലാവരുമാണ്. ഈ സത്യം ആര്‍ക്കും മറക്കാനോ മായ്ക്കാനോ കഴിയില്ല.
കോവിഡ് കാലത്തും അതിനു ശേഷവും കേരളത്തിന്റെ അതിജീവനം എല്ലാവരുടെയും ബാധ്യതയായി ഏറ്റെടുക്കേണ്ടതുണ്ട്. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരത്തിനായി സര്‍ക്കാരിലേക്കു മാത്രം കണ്ണും നട്ടിരിക്കുന്നത് ശരിയല്ല. സര്‍ക്കാരിനും പരിമിതികളുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഹതാശരായി വന്നെത്തുന്ന നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി സഹകരണ മേഖലയ്ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നു നമ്മള്‍ ചിന്തിക്കണം. കൂട്ടത്തില്‍, സഹകരണ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ചും ആലോചിക്കണം. അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അമാന്തം പാടില്ല. ഇക്കാര്യത്തില്‍ സംഘങ്ങള്‍ മത്സരബുദ്ധിയോടെ, സാമൂഹിക പ്രതിബദ്ധതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ‘ ഓരോരുത്തരും എല്ലാവര്‍ക്കും വേണ്ടി, എല്ലാവരും ഓരോരുത്തര്‍ക്കും വേണ്ടി ‘ എന്ന സഹകരണ തത്വമാണ് നമ്മുടെ ചാലകശക്തി. അത് നാം മറന്നുകൂടാ.
പ്രാദേശിക വിഭവങ്ങളുപയോഗിച്ച് എന്തെല്ലാം പുതിയ തൊഴിലുകളിലേക്ക്, പുത്തന്‍ വ്യവസായ സംരംഭങ്ങളിലേക്ക് സഹകരണ മേഖലയ്ക്ക് കടന്നുചെല്ലാനാവും എന്നു നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. പതിനായിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന കെട്ടിട നിര്‍മാണ മേഖലയില്‍പ്പോലും ഇപ്പോള്‍ സഹകരണ സംഘങ്ങള്‍ സജീവമാണ്. അതുപോലെ ആശുപത്രി, ഹോട്ടല്‍, ഷോപ്പിങ് മാള്‍, തിയേറ്റര്‍ കോംപ്ലക്‌സ് മേഖലകളിലും കൃഷി, മാര്‍ക്കറ്റിങ് മേഖലകളിലും സംഘങ്ങളുടെ സജീവ സാന്നിധ്യമുണ്ട്. അതിനിയും വിപുലമാക്കണം. ഇവിടെയൊക്കെ പ്രവാസി സഹോദരങ്ങളെ നമുക്ക് ഉള്‍ക്കൊള്ളിക്കാനാവും. പുതിയ തൊഴില്‍ മേഖലകളെക്കുറിച്ചും സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെയും ധനസഹായത്തോടെയും ആരംഭിക്കാവുന്ന തൊഴില്‍ സംരംഭങ്ങളെക്കുറിച്ചും അറിവു പകരാന്‍ ‘ മൂന്നാം വഴി ‘ ഒരു എളിയ ശ്രമം നടത്തുകയാണ്. അതേപ്പറ്റി ഈ ലക്കം മുതല്‍ വായിക്കാം.
– എഡിറ്റര്‍
[mbzshare]