ഇനിമുതല്‍ ഇടപാടുകാര്‍ക്ക് 2000 രൂപ നോട്ടുകള്‍ നല്‍കരുത്- കേരള ബാങ്ക്

[mbzauthor]

2000 രൂപ നോട്ടുകളുടെ വിനിമയം റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ബാങ്കുശാഖകളില്‍ നിന്നും ഇനിമുതല്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇടപാടുകാര്‍ക്കു നല്‍കരുതെന്നു കേരള ബാങ്ക് നിര്‍ദേശം നല്‍കി. എ.ടി.എമ്മുകളില്‍ 2000 രൂപ നോട്ടുകള്‍ നിറച്ചിട്ടുണ്ടെങ്കില്‍ അവ ഉടനടി മാറ്റാനും ശനിയാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ ശാഖകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടപാടുകാരല്ലാത്തവര്‍ക്കും 2000 രൂപയുടെ പത്തു നോട്ടുകള്‍ മാറിനല്‍കാമെന്നു കേരള ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.

ശാഖകളില്‍ ഇടപാടുകാരുടെ ( വ്യക്തിഗത ഇടപാടുകാരും സംഘങ്ങളും ) 2000 രൂപ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാന്‍ തടസ്സമൊന്നുമില്ലെന്നു കേരള ബാങ്ക് വ്യക്തമാക്കി. എന്നാല്‍, ഇപ്രകാരം നടത്തുന്ന അക്കൗണ്ടുകള്‍ കെ.വൈ.സി. മാര്‍ഗനിര്‍ദേശങ്ങളും അമ്പതിനായിരം രൂപയിലധികം നിക്ഷേപിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും പൂര്‍ണമായി പാലിച്ചിട്ടുണ്ടെന്നു ഉറപ്പാക്കണം. കൂടാതെ, ഈ നിക്ഷേപങ്ങള്‍സംബന്ധിച്ചു PMLA / AML പ്രകാരമുള്ള CTR / STR റിപ്പോര്‍ട്ടുകള്‍ ആവശ്യമായ സാഹചര്യങ്ങളില്‍ താമസംകൂടാതെ സമര്‍പ്പിക്കുകയും വേണം. ബാങ്കില്‍ കിട്ടുന്ന നോട്ടുകളുടെ ആധികാരികത പൂര്‍ണമായും ഉറപ്പാക്കണം. കള്ളനോട്ട് കിട്ടിയാല്‍ 2023 ഏപ്രില്‍ മൂന്നിനു റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.

മെയ് 23 മുതല്‍ ഒരുസമയം പരമാവധി പത്തു 2000 രൂപ നോട്ടുകള്‍ ( 20,000 രൂപ ) എല്ലാ ഇടപാടുകാര്‍ക്കും മാറി നല്‍കാമെന്നു കേരള ബാങ്ക് നിര്‍ദേശിച്ചു. ഇങ്ങനെ നോട്ടുകള്‍ മാറിനല്‍കുമ്പോള്‍ ബന്ധപ്പെട്ട പ്രൊഫോര്‍മ പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ വാങ്ങിസൂക്ഷിക്കണം. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചു ബാങ്കിന്റെ ഇടപാടുകാരല്ലാത്തവര്‍ക്കും ഈ കൈമാറ്റസൗകര്യം നല്‍കണം.

2023 മെയ് 19 ലെ 2000 രൂപ നോട്ടുകളുടെ ബാക്കിനില്‍പ്പ് സംബന്ധിച്ച വിവരവും നിക്ഷേപിക്കുന്നതും കൈമാറ്റം ചെയ്യുന്നതുമായ 2000 രൂപ നോട്ടുകളുടെ വിശദമായ വിവരങ്ങളും സൂക്ഷിക്കണം. നിക്ഷേപകന്റെ പേര്, അക്കൗണ്ട് നമ്പര്‍ ( ഇടപാടുകാരനല്ലെങ്കില്‍ തിരിച്ചറിയല്‍രേഖയുടെ നമ്പര്‍ ), നിക്ഷേപം / കൈമാറ്റം നടത്തിയ തീയതി, തുക എന്നിവ പ്രത്യേകം രജിസ്റ്ററില്‍ നിത്യേന എഴുതിസൂക്ഷിക്കണം- കേരള ബാങ്ക് നിര്‍ദേശിച്ചു.

[mbzshare]

Leave a Reply

Your email address will not be published.