“ഇത് ചരിത്ര മുഹൂർത്തം” മൂന്നാംവഴി മാഗസിൻ ജൂലൈ ലക്കം എഡിറ്റോറിയൽ..

adminmoonam

ഇത് ചരിത്ര മുഹൂര്‍ത്തം..

കേരളത്തിന്റെ സഹകരണ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന മാറ്റങ്ങളാണ് ഇപ്പോഴുണ്ടാകുന്നത്. കേരള സഹകരണ നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പ്രാഥമിക സഹകരണ ബാങ്ക് ഇന്ത്യയ്ക്കപ്പുറത്ത് അതിന്റെ സാന്നിധ്യം ഉറപ്പിച്ചുവെന്നതാണ് ഈ നേട്ടത്തില്‍ ഒന്നാമത്. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിന്റെ സബ്‌സിഡറി സ്ഥാപനമായ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ദുബായില്‍ യൂണിറ്റ് തുടങ്ങി. കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡവലപ്‌മെന്റ് സഹകരണ സംഘം ( ലാഡര്‍ ) ആദ്യ നക്ഷത്രഹോട്ടല്‍ തുടങ്ങി. ഈ രണ്ടു നേട്ടവും കേരളത്തിന്റെ സഹകരണ ചരിത്രത്തില്‍ മാതൃകയായി അടയാളപ്പെടുത്തപ്പെടും. ഇതിനൊപ്പം സഹകരണ സംഘങ്ങളുടെ കൂട്ടായ്മയില്‍ ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങാമെന്ന പദ്ധതി രേഖ സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്നു. അത് യാഥാര്‍ഥ്യമായാലും ഇല്ലെങ്കിലും ഒരു സഹകരണ മാതൃക നിര്‍ദ്ദേശിക്കാനായി എന്നതുതന്നെ നേട്ടമാണ്.

ഇതൊരു ചെറിയ കാര്യമല്ല. അര നൂറ്റാണ്ടു പ്രായമുള്ള കേരള സഹകരണ നിയമത്തിന്റെ ശക്തിയും അത് തയാറാക്കിയവരുടെ ദീര്‍ഘവീക്ഷണവുമാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയ ഒരു ഘടകം. സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തനപരിധിയുണ്ട്. അത് സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ അച്ചടക്കമുണ്ടാകുന്നതിന് വേണ്ടി വ്യവസ്ഥ ചെയ്തതാണ്. എന്നാല്‍, ആ പരിധിക്കപ്പുറത്തേക്ക് ഒരു സംരംഭം വിജയിപ്പിക്കാന്‍ സഹകരണ സംഘത്തിന് കഴിയുമെങ്കില്‍ അതിനുള്ള വ്യവസ്ഥയും സഹകരണ നിയമത്തിലുണ്ട്. അതാണ് സബ്‌സിഡറി കമ്പനി രൂപവത്കരിക്കാനുള്ള അനുമതി. ഈ വ്യവസ്ഥയാണ് കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ഉപയോഗിച്ചതും ഇന്ത്യയ്ക്ക് പുറത്ത് ദുബായില്‍ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ തുടങ്ങാന്‍ കാരണമായതും.

കമ്യൂണിസ്റ്റ് നേതാവായിരുന്ന എം.വി. രാഘവനെന്ന ദീര്‍ഘവീക്ഷണമുള്ള സഹകാരിയാണ് ഈ സാധ്യത ആദ്യം പരീക്ഷിച്ചത്. അതായിരുന്നു പരിയാരം മെഡിക്കല്‍ കോളേജിന്റെ പിറവി. ഒരു സഹകരണ സംഘത്തിന് മെഡിക്കല്‍ കോളേജ് തുടങ്ങാനാവില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഈ സംഘത്തിന് കീഴില്‍ ട്രസ്റ്റ് രൂപവത്കരിച്ച് പരിയാരം മെഡിക്കല്‍ കോളേജ് എം.വി. രാഘവന്‍ യാഥാര്‍ഥ്യമാക്കിയത്. അതേ എം.വി.രാഘവന്റെ സ്മാരകമായാണ് കേരളത്തിലെ ഒരു സഹകരണസംഘം ദുബായില്‍ സ്ഥാപനം തുടങ്ങിയത് എന്നത് യാദൃച്ഛികമാണെങ്കിലും അത് അര്‍ഹതപ്പെട്ട അംഗീകാരമായി. സഹകരണ സംഘങ്ങള്‍ക്ക് സബ്‌സിഡറി സ്ഥാപനം തുടങ്ങാനുള്ള വ്യവസ്ഥ പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു പൊതു ടെസ്റ്റിങ് ലാബ് തുടങ്ങാനും സഹകരണ മാര്‍ക്ക് ഏര്‍പ്പെടുത്താനുമുള്ള നടപടി ഇതിനുവേണ്ടിയാണ്. സഹകരണ രംഗത്ത് ചരിത്രം തീര്‍ക്കാന്‍ കൂടുതല്‍ സംഘങ്ങള്‍ക്ക് ഇത് പ്രേരണയും കരുത്തുമാകുമെന്ന് പ്രതീക്ഷിക്കാം.
-എഡിറ്റര്‍

Leave a Reply

Your email address will not be published.

Latest News
error: Content is protected !!