ആര്‍.ബി.ഐ.ക്കെതിരെകേസ് നല്‍കി കുരുങ്ങി;പിന്‍വലിച്ച്തലയൂരാന്‍ബാങ്കുകള്‍

Deepthi Vipin lal

റിസര്‍വ് ബാങ്കിനെതിരെ കേസിനുപോയ അര്‍ബന്‍ ബാങ്കുകള്‍ അതീവ പ്രതിസന്ധിയില്‍. അര്‍ബന്‍ ബാങ്ക് ഫെഡറേഷന്റെ തീരുമാനം അനുസരിച്ച് ഹൈക്കോടതിയില്‍ കേസ് നല്‍കിയ ബാങ്കുകളാണ് ആര്‍.ബി.ഐ.യുടെ നടപടിഭീഷണിയിലുള്ളത്. ഒരു ബാങ്കിനോട് സ്വന്തം നിലയിലുള്ള ബാങ്കിങ് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശം ആര്‍.ബി.ഐ. നല്‍കിക്കഴിഞ്ഞു. അര്‍ബന്‍ ബാങ്ക് ഫെഡറേഷനും സര്‍ക്കാരും ഇതിനോട് കണ്ണടച്ചതോടെ, കേസ് അവസാനിപ്പിച്ച് തലയൂരാനുള്ള ശ്രമത്തിലാണ് ബാങ്കുകള്‍.

ഒരു ബാങ്കിനെതിരെ മാത്രമാണ് ആര്‍.ബി.ഐ.യുടെ നടപടി വന്നത്. കേസില്‍നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് മറ്റേ ബാങ്ക് റിസര്‍വ് ബാങ്കിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. കേസും ആര്‍.ബി.ഐ. നടപടിയും തമ്മില്‍ ബന്ധമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അവരെ അറിയിച്ചത്. ആര്‍.ബി.ഐ.യ്ക്കെതിരെ ഫെഡറേഷന്‍ നേരിട്ട് കേസിന് പോകണമെന്നായിരുന്നു ഒരു വിഭാഗം സഹകാരികള്‍ ആവശ്യപ്പെട്ടത്. ബാങ്കിങ് നിയന്ത്രണ അധികാരിയായ റിസര്‍വ് ബാങ്ക് നിയമം വ്യവസ്ഥ ചെയ്യുന്ന നിയന്ത്രണ നടപടി സ്വീകരിക്കുമ്പോള്‍ അതിനെതിരെ കേസ് നല്‍കുന്നത് ബാങ്കുകളെ ബാധിക്കുമെന്നു ചില വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കപ്പെട്ടില്ല.


ബാങ്കുകള്‍തന്നെ കേസ് നടത്തട്ടെ എന്നായിരുന്നു തീരുമാനം. പല ബാങ്കുകളും പിന്മാറി. കേസ് നല്‍കാന്‍ മുന്നോട്ടുവന്നത് രണ്ട് അര്‍ബന്‍ ബാങ്കുകള്‍ മാത്രമാണ്. ഇതില്‍ ഒന്നിനെതിരെയാണ് ഇപ്പോള്‍ നടപടി വന്നത്. മറ്റേതിന്റെ ഭരണസമിതി വലിയ ആശങ്കയിലാണ്. സഹകരണ മേഖലയ്ക്കുവേണ്ടി യുദ്ധത്തിനിറങ്ങി സ്വയം അപകടത്തില്‍ ചാടിയെന്ന വിലയിരുത്തലാണ് ഈ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങള്‍ക്കിടയിലുള്ളത്.

ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതിക്ക് പിന്നാലെ സംസ്ഥാന വിഷയമായ സഹകരണത്തില്‍ ഇടപെട്ട് റിസര്‍വ് ബാങ്ക് നടപ്പാക്കുന്ന പരിഷ്‌കാരം നിയമവിരുദ്ധമാണെന്നായിരുന്നു അര്‍ബന്‍ ബാങ്കുകളുടെ വാദം. ഭരണസമിതി അംഗങ്ങള്‍ക്ക് എട്ടു വര്‍ഷം പരിധി നിശ്ചയിച്ചത്, ഭരണസമിതിയില്‍ 51 ശതമാനം പേര്‍ക്ക് പ്രൊഫഷണല്‍ യോഗ്യതയുണ്ടാകണം എന്ന വ്യവസ്ഥ, റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന അക്കാദമിക് യോഗ്യതയില്ലാത്ത ചെയര്‍മാനെ പാര്‍ട്ട് ടൈം ചെയര്‍മാനാക്കി മാറ്റിയത് എന്നിവയെല്ലാമാണ് നിയമവിരുദ്ധമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.

ഒരു സഹകരണ സംഘത്തിന്റെ ഭരണസമിതിയുടെ ഘടനയും രൂപീകരണവും പ്രവര്‍ത്തനവും സംസ്ഥാന വിഷയത്തില്‍ വരുന്നതാണെന്നായിരുന്നു വാദം. ഫെഡറല്‍ സ്വഭാവം തകര്‍ക്കുന്ന നടപടിയാണ് ആര്‍.ബി.ഐ. സ്വീകരിക്കുന്നതെന്നാണ് ഹൈക്കോടതിയില്‍ ഉയര്‍ത്തിയ വാദം. ഇതാണ് കേരളം ഇപ്പോള്‍ ആര്‍.ബി.ഐ.യ്ക്കെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണവും. കേസ് അതിന്റെ വഴിക്ക് പോകുമ്പോഴാണ് നിയമത്തിന്റെ അതേ വ്യവസ്ഥകളുപയോഗിച്ച് ആര്‍.ബി.ഐ. തിരുത്തല്‍നടപടിയും തുടങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!