ആര്‍.ബി.ഐ. എതിര്‍ത്തു; മലപ്പുറം ജില്ലാബാങ്കിന്റെ ബാലന്‍സ് ഷീറ്റ് പ്രത്യേകം പ്രസിദ്ധീകരിച്ച് കേരളബാങ്ക്

moonamvazhi

കേരളബാങ്കിന്റെ സാമ്പത്തിക കണക്ക് പ്രസിദ്ധീകരിക്കുന്നതിൽ റിസർവ് ബാങ്കിന്റെ ഇടപെടൽ. മലപ്പുറം ജില്ലാബാങ്കിനെ കൂടി ലയിപ്പിച്ചാണ് ഇപ്പോൾ കേരളബാങ്ക് പ്രവർത്തിക്കുന്നത്. എന്നാൽ, 2022-23 വർഷത്തെ കേരളബാങ്കിന്റെ ബാലൻസ് പ്രസിദ്ധീകരിച്ചത് മലപ്പുറം ജില്ലാബാങ്കിന്റെ കണക്ക് ഇല്ലാതെയാകണമെന്നായിരുന്നു റിസർവ് ബാങ്കിന്റെ നിർദ്ദേശം. ഇതനുസരിച്ച് രണ്ടുപരസ്യമായാണ് വെള്ളിയാഴ്ച കേരളബാങ്ക് സാമ്പത്തിക കണക്ക് പത്രത്തിൽ പ്രസിദ്ധീകരിച്ചത്.

മലപ്പുറം ജില്ലാബാങ്കിനെ കേരളബാങ്കിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചാല്‍ മാത്രമാണ് ഒരു സഹകരണ സംഘത്തിന്റെ മറ്റൊരു സംഘത്തില്‍ ലയിക്കാനാകുക. 13 ജില്ലാബാങ്കുകളും ഇങ്ങനെയാണ് കേരളബാങ്കിന്റെ ഭാഗമായത്. എന്നാല്‍, ലയനത്തെ ഭൂരിപക്ഷ അംഗങ്ങളും എതിര്‍ത്തതിനാല്‍ മലപ്പുറം കേരളബാങ്കിന്റെ ഭാഗമായില്ല. ഇത് മറികടക്കാന്‍ പൊതുതാല്‍പര്യം പരിഗണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നിര്‍ബന്ധിത ലയനം നടപ്പാക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയായിരുന്നു ഭേദഗതി. ഇതനുസരിച്ചാണ് മലപ്പുറത്തെ കേരളബാങ്കില്‍ ലയിപ്പിച്ചത്.

ഈ ലയന നടപടിക്കെതിരെ ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. അതില്‍ നിര്‍ബന്ധിത ലയനവും അതിനായി കൊണ്ടുവന്ന നിയമഭേദഗതിയും അംഗീകരിക്കാവുന്നതല്ലെന്ന നിലപാടാണ് റിസര്‍വ് ബാങ്ക് സ്വീകരിച്ചിട്ടുള്ളത്. ഇതിന് പിന്നാലെയാണ് മലപ്പുറം ജില്ലാബാങ്കിന്റെ ബാലന്‍സ് ഷീറ്റ് പ്രത്യേകമായി പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ളത്. ഒറ്റ ബാലന്‍ഷീറ്റ് പ്രസിദ്ധീകരിക്കാമെന്ന ആലോചനയായിരുന്നു കേരളബാങ്കിനുണ്ടായിരുന്നത്. എന്നാല്‍, ആര്‍.ബി.ഐ. നിര്‍ദ്ദേശം മറികടന്നാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രണ്ടായി പരസ്യപ്പെടുത്തിയിട്ടുണ്ട്. കേരളബാങ്കിന്റെ സാമ്പത്തിക കണക്കിനൊപ്പം മലപ്പുറം ജില്ലാബാങ്കിന്റെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മലപ്പുറം കേരളബാങ്കിന്റെ ഭാഗമായിട്ടില്ലെന്ന വ്യാഖ്യാനത്തിന് വഴിവെക്കാതിരിക്കാനാണ്. ഇതിനെ റിസര്‍വ് ബാങ്ക് എങ്ങനെ കണക്കിലെടുക്കുമെന്ന് വ്യക്തതയില്ല.

20.05 കോടി രൂപ കേരളബാങ്കിന്റെ ഇത്തവണത്തെ പ്രവർത്തന ലാഭം. മലപ്പുറം ജില്ലാബാങ്കിന്റെ കണക്ക് കൂടി ഉൾപ്പെടുത്തിയിട്ടാണിത്. റിസർവിൽനിന്ന് 91 കോടി രൂപ തിരിച്ചെടുക്കാൻ കഴിഞ്ഞതാണ് ഇത്തവണ കേരളബാങ്കിന് 20.05 കോടി രൂപയുടെ ലാഭം നേടിയത്. കഴിഞ്ഞവർഷം 77.24 കോടി രൂപയായിരുന്നു കേരളബാങ്കിന്റെ പ്രവർത്തന ലാഭം. അറ്റനഷ്ടം 636 കോടിയിൽനിന്ന് 599 കോടിരൂപയായി കുറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published.