അവകാശികളെത്താത്ത സേഫ് ലോക്കറുകള്‍ തുറക്കാനുള്ള നീക്കവുമായി ഗോവ അര്‍ബന്‍ ബാങ്ക്

moonamvazhi

പല തവണ വിവരമറിയിച്ചിട്ടും തിരിഞ്ഞുനോക്കാത്ത ഉപഭോക്താക്കളുടെ സേഫ് ഡെപ്പോസിറ്റ് ലോക്കറുകള്‍ തുറക്കാനുള്ള ശ്രമത്തിലാണു ഗോവ അര്‍ബന്‍ സഹകരണ ബാങ്ക്. 119 ലോക്കറുകളാണ് ഇങ്ങനെ അവകാശികളെത്താതെ അനാഥമായിക്കിടക്കുന്നതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഈ ലോക്കറുകളുടെ വാര്‍ഷികവാടക അടച്ചിട്ട് വര്‍ഷങ്ങളായി. ഉടമസ്ഥര്‍ ബാങ്കുമായുള്ള കരാര്‍ പുതുക്കാനും ശ്രദ്ധിക്കുന്നില്ല. ബാങ്ക് ഏറ്റവുമൊടുവിലായി പത്തു ദിവസം സമയം നല്‍കിയിരിക്കുകയാണ്. ഇതിനിടയില്‍ അവകാശികള്‍ എത്തിയില്ലെങ്കില്‍ ഇനിയൊരറിയിപ്പും നല്‍കാതെ സേഫ് തുറക്കാനാണു ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. സേഫ് ലോക്കര്‍ സംബന്ധിച്ച കരാര്‍ പുതുക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഇതുവരെയുള്ള വാടകക്കുടിശ്ശിക നല്‍കി ലോക്കര്‍ സറണ്ടര്‍ ചെയ്യാനാണു ബാങ്ക് ആവശ്യപ്പെടുന്നതെന്നു മാനേജിങ് ഡയരക്ടര്‍ ജി.വി. നായക്ക് പറഞ്ഞു.

ആളില്ലാതെ കിടക്കുന്ന ലോക്കറുകളുടെ ഉടമകള്‍ക്കെല്ലാം ബാങ്ക് രജിസ്‌ട്രേര്‍ഡ് നോട്ടീസുകള്‍ അയച്ചിരുന്നു. മിക്കതും വിലാസക്കാരനു കൊടുക്കാനാവാതെ മടങ്ങി. കത്തു വാങ്ങാനാളില്ല, വീട് പൂട്ടിയിരിക്കുന്നു, വിലാസക്കാരനെ കണ്ടെത്താനായില്ല, ആള്‍ മരിച്ചുപോയി തുടങ്ങിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാണു പോസറ്റല്‍ വകുപ്പ് കത്തുകള്‍ മടക്കിയത്.

തങ്ങളുടെ പ്രവര്‍ത്തനച്ചെലവും വാടകയും മറ്റു ചെലവുകളും നേടിയെടുക്കാന്‍ ബാങ്കിനു ലോക്കറിനകത്തെ വസ്തുക്കള്‍ കസ്റ്റഡിയിലെടുക്കാന്‍ കഴിയുമെന്നു നായക്ക് അറിയിച്ചു. ഇവ ലേലത്തില്‍ വെക്കാനോ വില്‍ക്കാനോ ബാങ്കിനവകാശമുണ്ട്. തുക വല്ലതും മിച്ചം വന്നാല്‍ ലോക്കറുടമയുടെ പേരില്‍ പലിശരഹിത അക്കൗണ്ടായി ബാങ്കില്‍ സൂക്ഷിക്കും. ബാങ്കിനു കിട്ടാനുള്ള തുക മുഴുവന്‍ ലേലത്തില്‍ കിട്ടിയില്ലെങ്കില്‍ ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.