അളഗപ്പ നഗര്‍ സഹകരണ കണ്‍സോര്‍ഷ്യം മഞ്ഞള്‍ക്കൃഷി വിളവെടുത്തു

Deepthi Vipin lal

തൃശ്ശൂരിലെ അളഗപ്പ നഗര്‍ സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മഞ്ഞള്‍ക്കൃഷിയുടെ വിളവെടുത്തു. ഭാരതീയ സുഗന്ധവിള വിജ്ഞാനകേന്ദ്രം വികസിപ്പിച്ച പ്രതിഭ, പ്രഗതി ഇനങ്ങളാണ് ഇവിടെ നാലു വര്‍ഷമായി കൃഷി ചെയ്യുന്നത്.

ആമ്പല്ലൂര്‍ സഹകരണ ബാങ്കും വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്കും ചേര്‍ന്നു സഹകരണ നിയമം 14 ബി പ്രകാരം രൂപവത്കരിച്ചതാണ് ഈ കണ്‍സോര്‍ഷ്യം. കാര്‍ഷികോല്‍പ്പാദന മേഖലയില്‍ സഹകരണ സംഘങ്ങള്‍ ഇടപെടുന്നതിന്റെ വിജയകരമായ മാതൃകയാണ് ഈ പദ്ധതി. ഇക്കൊല്ലം 125 കര്‍ഷകര്‍ നൂറ് ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്തിട്ടുണ്ട്. മാര്‍ക്കറ്റ്‌വിലയുടെ ഇരട്ടി നല്‍കിയാണ് കണ്‍സോര്‍ഷ്യം മഞ്ഞള്‍ സംഭരിക്കുന്നത്. ഈ മഞ്ഞള്‍ വിത്തായി വീണ്ടും വിപണിയിലെത്തിക്കുന്നു. കൂടാതെ, കണ്‍സോര്‍ഷ്യത്തിന്റെ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന സുഭക്ഷ്യ എന്ന ബ്രാന്‍ഡില്‍ മഞ്ഞള്‍പ്പൊടിയും വിപണിയിലിറക്കിയിട്ടുണ്ട്.

അളഗപ്പ നഗര്‍ സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ മഞ്ഞള്‍ക്കൃഷി വിളവെടുപ്പ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു

കൃഷിക്കാര്‍ക്ക് സ്ഥിരവില കിട്ടാനുള്ള സംവിധാനമുണ്ടാക്കുകയും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതി. അളഗപ്പ നഗര്‍ ഗ്രാമപ്പഞ്ചായത്തിലെ തരിശിട്ട സ്ഥലങ്ങളില്‍ തുടങ്ങിയ മഞ്ഞള്‍ക്കൃഷി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. കുര്‍ക്കുമിന്‍ കൂടിയ അളവിലുള്ള, അത്യുല്‍പ്പാദന ശേഷിയുള്ള മഞ്ഞളാണ് പ്രതിഭയും പ്രഗതിയും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസാണ് മഞ്ഞള്‍ക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ സി.കെ. ആനന്ദകുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. ചന്ദ്രന്‍, കണ്‍സോര്‍ഷ്യം കണ്‍വീനര്‍ എ.എസ്. ജിനി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, സഹകരണ സംഘം അസി. രജിസ്ട്രാര്‍ എം.സി. അജിത്ത്, കെ.ആര്‍. അനൂപ്, കെ.കെ. ഗോഖലെ എന്നിവര്‍ സംസാരിച്ചു. വി.കെ. സുബ്രഹ്മണ്യന്‍ സ്വാഗതവും പി.വി. ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News