അമിത് ഷാ കേന്ദ്ര സഹകരണ മന്ത്രി

Deepthi Vipin lal

കേന്ദ്രസര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സഹകരണ വകുപ്പിന്റെ ചുമതല അമിത്ഷായ്ക്ക്. നിലവില്‍ ആഭ്യന്തരമന്ത്രിയായ അമിത്ഷായ്ക്ക് അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്. സഹകരണത്തിലൂടെ സമൃദ്ധി എന്ന കാഴ്ചപ്പാടാണ് സഹകരണ വകുപ്പ് രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. നിയമപരവും ഭരണപരവുമായ നയരൂപീകരണമാണ് പുതിയ മന്ത്രാലയത്തിന്റെ ലക്ഷ്യം. രാജ്യത്ത് മിക്കയിടത്തും സഹകരണമേഖല ശക്തമാണെന്നിരിക്കെ ആദ്യമായി കേന്ദ്രസര്‍ക്കാരിന് കീഴില്‍ വകുപ്പ് രൂപീകരിക്കുന്നത് പ്രതീക്ഷയോടെയാണ് സഹകാരികളും ഉറ്റുനോക്കുന്നത്.

കേരളമുള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളിലും വിജയകരമായ, സഹകരണാധിഷ്ഠിതമായ സാമ്പത്തിക വികസനമെന്ന ആശയം തന്നെയാണ് കേന്ദ്രസര്‍ക്കാരും മുന്നോട്ട് വയ്ക്കുന്നത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ഉള്‍പ്പടെയുള്ള നിയന്ത്രണം പുതിയമന്ത്രാലയത്തിനാവും. എംഎസ്‌സിഎസ്സുകളുടെ ഈസ് ഓഫ് ബിസിനസ് വര്‍ദ്ധിപ്പിക്കുക എന്നതിന് ഊന്നല്‍ നല്‍കും. അതോടൊപ്പം സഹകരണസംഘങ്ങളിലൂടെ കര്‍ഷകര്‍ക്ക് പരമാവധി സഹായമെത്തിക്കാനും ശ്രമിക്കും. സംരംഭങ്ങള്‍ തുടങ്ങുന്നതിന് മാര്‍ഗനിര്‍ദ്ദേശവും സാമ്പത്തിക സഹായവും നല്‍കും. എന്‍സിഡിസി, നബാര്‍ഡ് തുടങ്ങിയവയുടെ പദ്ധതികള്‍, സഹകരണസംഘങ്ങളിലൂടെ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുക എന്നതാണ് സഹകരണ വകുപ്പിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വ്യക്തമാക്കിയിരുന്നു.

സഹകരണ രജിസ്ട്രാറെ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയായിരിക്കും ആദ്യം ചെയ്യുക. നേരത്തെ കൃഷിവകുപ്പിന് കീഴിലായിരുന്ന സഹകരണവകുപ്പിനെ, പ്രത്യേകം മന്ത്രാലയം ആക്കി മാറ്റണമെന്ന ധനമന്ത്രി നിര്‍മലാ സീതാരാമന്റെ കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം കൂടിയാണ് നടപ്പാകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ബാങ്കിങ് നിയമഭേദഗതി ബില്‍ സഹകരണമേഖലക്ക് തിരിച്ചടിയാകുമെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പുതിയമന്ത്രാലയ രൂപീകരണം എന്നതും ശ്രദ്ധേയമാണ്. സഹകരണമേഖലയില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നിലപാടെടുക്കുകയും ചെയ്തിരുന്നു.

സി.പി.എം. എതിര്‍ക്കുന്നു

സഹകരണ മന്ത്രാലയം രൂപവത്കരിച്ച കേന്ദ്ര നടപടിയെ സി.പി.എം. വിമര്‍ശിച്ചു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സഹകരണ സംഘങ്ങള്‍ സംസ്ഥാന വിഷയമാണെന്നിരിക്കെ സഹകരണ മന്ത്രാലയം രൂപവത്കരിച്ച കേന്ദ്ര നടപടി ഫെഡറലിസത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!