അന്താരാഷ്ട്ര സഹകരണ ദിനം ജൂലായ് രണ്ടിന്

Deepthi Vipin lal

നൂറാം അന്താരാഷ്ട്ര സഹകരണ വാര്‍ഷിക ദിനം ഇക്കൊല്ലം ജൂലായ് രണ്ടിന് ആഘോഷിക്കും. ‘ സഹകരണ സംഘങ്ങള്‍ മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നു ‘ ( Co-operatives Build a Better World ) എന്നതാണ് ഇത്തവണത്തെ സഹകരണദിന സന്ദേശം.

ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ പുനരുജ്ജീവന ആഹ്വാനത്തിനുള്ള മറുപടിയാണു സഹകരണ പ്രസ്ഥാനം നല്‍കുന്നതെന്നു അന്താരാഷ്ട്ര സഹകരണ സഖ്യം ( ഐ.സി.എ ) അഭിപ്രായപ്പെട്ടു. ലോകം ഒരു അഗാധഗര്‍ത്തത്തിന്റെ വക്കിലാണെന്നും തെറ്റായ ദിശയിലേക്കാണു ലോകത്തിന്റെ പോക്കെന്നുമായിരുന്നു ഗുട്ടെറസിന്റെ നിരീക്ഷണം. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനും പ്രതീക്ഷയെ ഉത്തേജിപ്പിക്കാനും നമുക്കു സഹകരണം ആവശ്യമാണ്, ചര്‍ച്ചകള്‍ ആവശ്യമാണ്, പരസ്പരധാരണ ആവശ്യമാണ് – ഗുട്ടെറസ് പറഞ്ഞു.


പ്രതീക്ഷാനിര്‍ഭരമായ ഒരു ദിശയിലൂടെയാണു രണ്ടു നൂറ്റാണ്ടായി സഹകരണ പ്രസ്ഥാനം നീങ്ങുന്നതെന്നു ഐ.സി.എ. ഡയരക്ടര്‍ ജനറല്‍ ബ്രൂണോ റോളന്റ്‌സ് അഭിപ്രായപ്പെട്ടു. സ്വയംസഹായം, ജനാധിപത്യം, സമത്വം, ഐക്യദാര്‍ഢ്യം, തുറന്ന രീതി, മറ്റുള്ളവരോടുള്ള കരുതല്‍ തുടങ്ങിയ മൂല്യങ്ങളാല്‍ പ്രചോദിതമായ മനുഷ്യകേന്ദ്രിതമായ ബിസിനസ് മാതൃകയിലൂടെ എങ്ങനെയാണു സഹകരണ പ്രസ്ഥാനം മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതെന്ന സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കണമെന്നു അന്താരാഷ്ട്ര സഹകരണ സഖ്യം എല്ലാ സഹകാരികളോടും അഭ്യര്‍ഥിച്ചു.

ജൂലായിലെ ആദ്യത്തെ ശനിയാഴ്ചയാണ് എല്ലാ വര്‍ഷവും അന്താരാഷ്ട്ര സഹകരണ ദിനമായി ആഘോഷിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News