അഞ്ച് മാസത്തെ പെൻഷൻകൂടി വിതരണം ചെയ്യാനുള്ള ഉത്തരവിറങ്ങി. 1350 കോടി രൂപ സഹകരണ സംഘങ്ങൾ വഴി, ഏപ്രിൽ മാസത്തെ പെൻഷൻ 1300/-.

[mbzauthor]

5 മാസത്തെ പെൻഷൻകൂടി വിതരണം ചെയ്യാനുള്ള സർക്കാർ ഉത്തരവിറങ്ങി. പെൻഷൻ വിതരണം സഹകരണസംഘങ്ങൾ വഴി ഏപ്രിൽ ആദ്യവാരം തുടങ്ങും. എന്നാൽ സഹകരണസംഘങ്ങൾ ആശങ്കയിലാണ്. രണ്ടു മാസത്തെ പെൻഷൻ വിതരണം ചെയ്തവരെ പല സഹകരണ സംഘങ്ങളും ഇപ്പോൾ വീടുകളിൽ കൊറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതാണ് ആശങ്കക്കു കാരണം. എന്നാലും സർക്കാർ നിർദ്ദേശം നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സഹകരണസംഘങ്ങൾ. പെൻഷൻ വിതരണത്തിനായി പുതിയവരെ കണ്ടെത്തുമെന്നും സഹകാരികൾ പറയുന്നു. ഇപ്പോൾ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് വീടുകളിൽ എത്തിക്കുകയോ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് അയക്കുകയോ ചെയ്തിട്ടുള്ളത്. ഇനി ഡിസംബർ മുതൽ ഏപ്രിൽ മാസം വരെയുള്ള പെൻഷൻ അനുവദിച്ചു. രണ്ട് പ്രത്യേകതകളുണ്ട്. ഏപ്രിൽ മാസത്തെ പെൻഷൻ അഡ്വാൻസായി നൽകുകയാണ്. ഈ പെൻഷനാകട്ടെ 1200 അല്ല 1300 രൂപയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

അഞ്ച് മാസങ്ങൾക്കുവേണ്ടി 2730 കോടി രൂപയാണ് അനുവദിക്കുന്നത്. ഇതിനു പുറമേ കുടിശിക തീർക്കാനായി 34 കോടി രൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബർ 15 നുള്ളിൽ മസ്റ്റർ ചെയ്തവർക്കുമാത്രമേ ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ 2020 ഫെബ്രുവരി 15 വരെ മസ്റ്റർ ചെയ്തവർക്കുകൂടി കുടിശികയടക്കം പണം അനുവദിക്കുന്നുണ്ട്. ഇതിനുപുറമേ ഒക്ടോബർ, നവംബർ മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ചെയ്തപ്പോൾ മസ്റ്റർ ചെയ്തുവെങ്കിലും വിവാഹം / പുനർവിവാഹം ചെയ്തിട്ടില്ല എന്ന് സാക്ഷ്യപത്രം സമർപ്പിക്കാത്തവർക്ക് പെൻഷൻ കുടിശിക നൽകുന്നതിന് 68 കോടി പ്രത്യേകം അനുവദിച്ചിട്ടുണ്ട്. ഇവർ ജൂൺ മാസത്തിനുള്ളിൽ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. അങ്ങനെ ആകെ 2833 കോടി രൂപയാണ് പെൻഷനായി അനുവദിക്കുന്നത്.

ഇതിൽ 1350 കോടി രൂപ സഹകരണ ബാങ്കുകൾ വഴിയാണ് വിതരണം ചെയ്യുക. 1483 കോടി രൂപ ഗുണഭോക്താക്കളുടെ നിർദ്ദേശപ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് കൊടുക്കുക. ഈ പണം ഏപ്രിൽ 9 ന് മാത്രമേ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുകയുള്ളൂ. എന്നാൽ സഹകരണ സംഘങ്ങൾ വഴിയുള്ള വിതരണം ഏപ്രിൽ ആദ്യവാരം തന്നെ തുടങ്ങും.

കർഷകത്തൊഴിലാളി പെൻഷൻ, വയോജന പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ, അവിവാഹിതർക്കുള്ള പെൻഷൻ എന്നിങ്ങനെ അഞ്ച് സ്കീമുകളിലായി 44 ലക്ഷം ഗുണഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

ഇതിനുപുറമേ, 162 കോടി രൂപയുടെ കർഷകപെൻഷനടക്കം 16 ക്ഷേമനിധികളിലെ 6 ലക്ഷത്തോളം അംഗങ്ങൾക്ക് സർക്കാരിൽ നിന്നും 369 കോടി രൂപ അനുവദിക്കുന്നു. ചുമട്ടുതൊഴിലാളി, മോട്ടോർ വാഹനം, കെട്ടിട നിർമ്മാണം, കള്ള്ചെത്ത് മുതലായ സ്വയംപര്യാപ്തമായ ക്ഷേമനിധികളിൽ നിന്നും 4 ലക്ഷം ആളുകൾക്ക് 240 കോടി രൂപയും വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസത്തെ പെൻഷൻ തുകകൂടി ചേർത്താൽ മൊത്തം 4706 കോടി രൂപയാണ് 54 ലക്ഷം ആളുകൾക്കായി വിതരണം ചെയ്യുന്നത്.

ഇത് കോവിഡ് കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഇൻകം ട്രാൻസ്ഫർ പദ്ധതിയാണെന്നതിന് സംശയമില്ല. കേന്ദ്രസർക്കാർ ചെയ്യേണ്ടതും ഇതാണ്. ഇന്ത്യാ രാജ്യത്ത് സാർവ്വത്രിക പെൻഷൻ നടപ്പാക്കുക. പെൻഷൻ തുകയാകട്ടെ ഇന്നത്തെ 200-300 രൂപയിൽ നിന്നും 1000 രൂപയായി ഉയർത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

[mbzshare]

Leave a Reply

Your email address will not be published.