അഞ്ചാണ്ടിന്റെ ഭരണം വിലയിരുത്തുമ്പോള്‍

Deepthi Vipin lal

മാറ്റത്തിനു വേണ്ടി വോട്ടു തേടുകയും ആ മാറ്റത്തിനു ഭൂരിപക്ഷം ജനങ്ങള്‍ അംഗീകാരം നല്‍കുകയും ചെയ്തശേഷം അധികാരം കൈയാളി പടിയിറങ്ങുമ്പോള്‍ പറഞ്ഞതും ചെയ്തതും തമ്മില്‍ തുലനം ചെയ്യാന്‍ ജനങ്ങള്‍ക്കു അവകാശമുള്ള ഭരണസംവിധാനത്തിന്റെ പേരാണു ജനാധിപത്യം. ഇടതുപക്ഷ സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി. ആദ്യം എ.സി. മൊയ്തീനും പിന്നെ കടകംപള്ളി സുരേന്ദ്രനും അമരത്തിരുന്ന സഹകരണ വകുപ്പിന്റെ ഇക്കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ സഹകരണ മേഖലയ്ക്കു സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ സഹകരണ സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ സഹായിച്ച് ഒപ്പം നിന്നു എന്നാണു ഒറ്റ വാചകത്തില്‍ നല്‍കാവുന്ന ഉത്തരം. കേരള ബാങ്ക് രൂപവത്കരണമെന്ന എല്‍.ഡി.എഫ്. പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാനായെന്നു സര്‍ക്കാരിനു അഭിമാനിക്കാം. ‘മുറ്റത്തെ മുല്ല’ എന്ന ലഘുവായ്പാ പദ്ധതിയും ‘കെയര്‍ കേരള’ പദ്ധതിയും സഹകരണ മേഖലയുടെ സാമൂഹിക പ്രതിബദ്ധതക്കു ഉദാഹരണമായി മാറി. കേരളത്തിലാദ്യമായി ഒരു സഹകരണ നയം പ്രഖ്യാപിച്ചുവെന്നതാണു സര്‍ക്കാരിന്റെ മറ്റൊരു നേട്ടം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിനു ജീവന്‍ നല്‍കിയ കൃതി അന്താരാഷ്ട്ര പുസ്തകോത്സവവും കോട്ടയത്തു തുടങ്ങുന്ന പൈതൃക സ്മാരകവും മികച്ച കാഴ്ചപ്പാടാണെന്നതിലും തര്‍ക്കമില്ല. കോവിഡ് വ്യാപന കാലത്തും ലോക്ഡൗണ്‍ കാലത്തും കണ്‍സ്യൂമര്‍ഫെഡ് നടത്തിയ ജനോപകാരപ്രദമായ ഇടപെടലിനും ഉയര്‍ന്ന മാര്‍ക്ക് ലഭിക്കും.

അതേസമയം, തീരാത്ത പരാതിയും പരിഗണിക്കാത്ത പ്രശ്നങ്ങളും ഈ സര്‍ക്കാരിന്റെ കാലത്തും ഏറെയുണ്ടായിരുന്നു. കേരള ബാങ്ക് രൂപവത്കരണമെന്ന രാഷ്ട്രീയ ദൗത്യം പൂര്‍ത്തിയായപ്പോള്‍ ഒരു സംസ്ഥാന സഹകരണ ബാങ്കിന്റെ ജനാധിപത്യമുഖം ഇല്ലാതായിപ്പോയതു സര്‍ക്കാര്‍ തിരിച്ചറിഞ്ഞില്ല. പ്രാഥമിക ബാങ്കുകള്‍ക്കു രക്ഷാകര്‍ത്താവാകും കേരള ബാങ്ക് എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, പ്രാഥമിക ബാങ്കുകളെ തുരന്നുതിന്നുന്ന മനോഭാവത്തിലേക്കാണു കേരള ബാങ്ക് മാറിയത്. പലിശനിരക്ക് കുറയുമെന്ന സര്‍ക്കാര്‍ അവകാശവാദം പലിശയ്ക്കു പലിശ ചുമത്തിയാണു കേരള ബാങ്ക് തള്ളിയത്. ഓരോ സംഘത്തിന്റെയും പിറവിക്കും വളര്‍ച്ചയ്ക്കും പിന്നില്‍ അതിനുവേണ്ടി അഹോരാത്രം ഓടുന്ന ഒരുപറ്റം സഹകാരികളുണ്ട്. അവര്‍ക്കു ലഭിക്കുന്നതു തുച്ഛമായ ഓണറേറിയമാണ്. ആ തുകയൊന്നു കൂട്ടാന്‍ അഞ്ചു വര്‍ഷമായി ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ല. കോ-ഓപ് മാര്‍ട്ടു പോലെ മാതൃകാപരമാവേണ്ടിയിരുന്ന പദ്ധതി തലതിരിഞ്ഞ ആസൂത്രണത്താല്‍ അട്ടിമറിക്കപ്പെട്ടു. ക്ഷേമ പെന്‍ഷന്‍, കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ എന്നിങ്ങനെ സര്‍ക്കാരിനു നൂറു മാര്‍ക്ക് കിട്ടിയ ജനക്ഷേമ ഇടപെടലിനു പിന്നിലെ കരുത്തു സഹകരണ മേഖലയുടെതായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയതു സഹകരണ സംഘങ്ങളാണ്. സംഘങ്ങളുടെ ഈ മഹത്വം സഹകാരികളുടെ സ•നസ്സിന്റെ ഫലമാണ്. അതിനുള്ള പരിഗണന സര്‍ക്കാരില്‍ നിന്നുണ്ടായില്ല. സഹകരണ മേഖലയുടെ തട്ടിനോട് തുലനം ചെയ്യാന്‍ സര്‍ക്കാരിന്റെ കേരള ബാങ്ക് രൂപവത്കരണവും സഹകരണനയവും മറുതട്ടില്‍ വെച്ചാല്‍ മതിയാവില്ല. നല്‍കിയതിനൊന്നും കണക്കു ചോദിക്കാത്ത സഹകരണ മേഖലയോട് സര്‍ക്കാരാണു കടപ്പെട്ടിട്ടുള്ളത്. തിരിച്ചല്ല.

– എഡിറ്റര്‍

Leave a Reply

Your email address will not be published.