സ്ത്രീസമത്വ സംഘങ്ങളിലൂടെ നടപ്പാവട്ടെ ശാക്തീകരണം

[mbzauthor]

 

 ഡോ. ഇന്ദുലേഖ ആര്‍

( അസി. പ്രൊഫസര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി, ആലപ്പുഴ )

(2021 ജൂണ്‍ ലക്കം )

സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാമുഖ്യം കിട്ടുംവിധത്തിലുള്ള ഒരു സ്ഥാപന സംസ്‌കാരം സഹകരണ മേഖലയിലും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. തങ്ങളുടെ കരിയറിന്റെ ഉന്നമനത്തിലൂന്നിയ ഒരു തൊഴില്‍ സംസ്‌കാരം അവര്‍ പ്രതീക്ഷിക്കുന്നു. ലിംഗസമത്വത്തിന്റെ ആദ്യപടി സഹകരണ മേഖലയില്‍ നിന്നുതന്നെ സമാരംഭിക്കണമെന്നു ലേഖിക അഭിപ്രായപ്പെടുന്നു.

സ്ത്രീശാക്തീകരണം, ലിംഗസമത്വം തുടങ്ങിയ പദങ്ങളൊക്കെ നിരന്തര ചര്‍ച്ചയ്ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ലോകമെങ്ങുമുള്ള സ്ത്രീജനങ്ങളില്‍ ഒരു വലിയ വിഭാഗം സാമ്പത്തിക , സാമൂഹിക സ്വാതന്ത്ര്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തവരായി ജീവിതം തള്ളിനീക്കുന്നു എന്നതാണു യാഥാര്‍ഥ്യം. വിവിധ ബിസിനസ് മേഖലകളുടേതിനു സമാനമായി സഹകരണ മേഖലയിലും ലിംഗസമത്വം അതിന്റെ എല്ലാ അര്‍ഥത്തിലും നടപ്പാക്കാന്‍ നമുക്കിതുവരെ സാധിച്ചിട്ടില്ല. സഹകരണ മേഖലക്ക് എങ്ങനെ ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനാകും? എങ്ങനെ നമ്മുടെ സംഘങ്ങള്‍ക്കു ജന്‍ഡര്‍ റെസ്പോണ്‍സീവ് സഹകരണ സംരംഭങ്ങളായി മാറാം? ഇവയൊക്കെ ഇന്നത്തെ പുരോഗമന കാലഘട്ടത്തില്‍ ചിന്തിക്കേണ്ട വിഷയങ്ങള്‍ തന്നെയല്ലേ?

സഹ. തത്വങ്ങളിലെ ലിംഗസമത്വം

അന്താരാഷ്ട്ര സഹകരണ സഖ്യം ( ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലൈന്‍സ് – ICA ) അംഗീകരിച്ച സഹകരണ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് സഹകരണ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. ഈ തത്വങ്ങളെല്ലാം സ്ത്രീസൗഹാര്‍ദപരമായ രീതിയില്‍ത്തന്നെ വിഭാവനം ചെയ്യപ്പെട്ടതാണ് എന്നു നമുക്കു നിസ്സംശയം പറയാം. എല്ലാ സഹകരണ സ്ഥാപനങ്ങളിലേയും അംഗത്വം ജാതി, മത, ലിംഗ, വര്‍ഗ, വര്‍ണങ്ങള്‍ക്ക് അതീതമായി അനുവദിച്ചു നല്‍കണം എന്നു നിയമം അനുശാസിക്കുന്നു. ലിംഗ വിവേചനത്തിനെതിരായി നിയമപരമായ പരിരക്ഷ നിലനില്‍ക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന വിഭാഗം എന്ന നിലയില്‍ സ്ത്രീസമൂഹത്തിനു പ്രത്യേക പരിരക്ഷ സഹകരണ നിയമത്തിലും തത്വത്തിലും ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്.

സഹകരണ തത്വങ്ങളില്‍ അവസാനത്തേതായ സമൂഹത്തോടുള്ള പ്രതിബദ്ധത എന്ന തത്വവും സഹകരണ സ്ഥാപനങ്ങള്‍ സ്ത്രീസൗഹൃദമായി നിലനിര്‍ത്തേണ്ടതിലേക്കും അവര്‍ക്കാവശ്യമായ പരിഗണനയും മുന്‍ഗണനയും കൊടുക്കേണ്ടതിലേയ്ക്കും വിരല്‍ ചൂണ്ടുന്നു. സാമൂഹിക പ്രതിബദ്ധത എല്ലായ്പ്പോഴും സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തില്‍ നിന്നല്ലേ ആരംഭിക്കേണ്ടത് ? അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കത്തക്കരീതിയില്‍ ഒരു സ്ഥാപനസംസ്‌ക്കാരം സഹകരണമേഖലയിലും വളര്‍ത്തിയെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

സഹകരണ തത്വങ്ങള്‍ക്കുപരിയായി സഹകരണ മൂല്യങ്ങളും എല്ലായ്പ്പോഴും ലിംഗസമത്വത്തിനു പ്രാധാന്യം നല്‍കുന്നവ തന്നെയാണ്. സമാനത, സമത്വം, തുല്യത, ധാര്‍മികത മുതലായ മൂല്യങ്ങള്‍ സമൂഹത്തില്‍ സ്ത്രീയും പുരുഷനും തുല്യഅവകാശമുള്ളവര്‍ തന്നെയാണ് എന്ന് ഊന്നിപ്പറയുന്നു. പക്ഷേ, തത്വങ്ങളിലും മൂല്യങ്ങളിലുമുള്ള ഇത്തരം സമത്വങ്ങള്‍ അവയില്‍ മാത്രം ഒതുങ്ങിപ്പോവുകയും പ്രായോഗിക തലത്തിലേയ്ക്ക് എത്താതെ എഴുതിവയ്ക്കപ്പെട്ട രേഖകളായി മാത്രം അവശേഷിക്കുകയും ചെയ്യുന്നു എന്നതാണു വാസ്തവം.

ലോകത്താകമാനം പൊതു , സ്വകാര്യ മേഖലകള്‍ക്ക് ഒരു മുന്നാം ബദലായി ഉയര്‍ന്നുവന്നിട്ടുള്ള പ്രസ്ഥാനമാണു സഹകരണ പ്രസ്ഥാനം. ജനാധിപത്യ അടിത്തറയില്‍ പടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനത്തിന്റെ ഒട്ടനവധി പ്രത്യേകതകള്‍ സ്ത്രീസമൂഹത്തെ ഈ പ്രസ്ഥാനത്തോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു.

സ്വന്തം സ്ഥാപനം എന്ന കാഴ്ചപ്പാട്

സഹകരണ മേഖല എങ്ങനെയാണു സ്ത്രീസൗഹാര്‍ദമാകുന്നത് ? നമ്മുടെ സ്വന്തം സ്ഥാപനം എന്ന പൊതുജനങ്ങളുടെ കാഴ്ചപ്പാടാണ് അതില്‍ പരമപ്രധാനം. വാണിജ്യ സംസ്‌കാരവും പരസ്പര മത്സരവും അടക്കിഭരിക്കുന്ന ഈ മത്സരാധിഷ്ഠിത ലോകത്തു സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് എന്നെന്നും ആശ്രയമാണു സഹകരണ സംരംഭങ്ങള്‍. ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോടൊപ്പംതന്നെ വിവിധതരം വായ്പാ പദ്ധതികളിലൂടെ സ്ത്രീസമൂഹത്തിലേക്കു കൂടുതല്‍ സഹായമെത്തിക്കാനും അതിലൂടെ അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും സഹകരണ ധനകാര്യ സ്ഥാപനങ്ങള്‍ എന്നും ശ്രമിക്കാറുണ്ട്. സ്വന്തം വീടിനടുത്തുള്ള സ്ഥാപനം, സൗഹാര്‍ദപരമായ ഉദ്യോഗസ്ഥ സമീപനം, അമിത ഫീസ് ഈടാക്കാത്ത സേവനങ്ങള്‍, ഊഷ്മളമായ അന്തരീക്ഷം, സ്ത്രീകള്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍, സുരക്ഷിതത്വം എന്നിങ്ങനെ ഒട്ടനവധി അനുകൂല ഘടകങ്ങള്‍ സ്ത്രീസംരംഭകരേയും ഉപഭോക്താക്കളേയും സഹകരണ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുന്നു.


സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍

ഏറക്കുറെ എല്ലാ സഹകരണ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതു മുതലുള്ള എല്ലാ മാനവവിഭവശേഷി വികസന പദ്ധതികളും ലിംഗസമത്വം ഉറപ്പുവരുത്തുന്ന രീതിയിലാണു നടപ്പാക്കുന്നത്. വനിതാ ജീവനക്കാര്‍ക്കിണങ്ങുന്ന തൊഴില്‍ നിയമങ്ങളും സമയ ക്രമീകരണങ്ങളും ഇത്തരം സ്ഥാപനങ്ങളില്‍ നടപ്പാക്കി വരുന്നുണ്ട്. പക്ഷേ, സ്ത്രീജീവനക്കാര്‍ക്കുകൂടി ബോധ്യമായ വിധത്തിലുള്ള പ്രമോഷന്‍ പദ്ധതികളും അവരുടെ കരിയര്‍ ഉന്നമനത്തിലൂന്നിയുള്ള ഒരു തൊഴില്‍ സംസ്‌കാരവും വളര്‍ത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പുതിയ സാങ്കേതിക വിദ്യകളുടെ പരീശീലനം, നൂതന വിപണന മേഖലകളിലേയ്ക്കും മത്സരരംഗത്തേക്കും സ്ത്രീജീവനക്കാരെയും കൂടി തയാറാക്കുന്ന തരത്തിലുള്ള മാനവവിഭവശേഷി വിപുലീകരണ പദ്ധതികള്‍ എന്നിവയാണ് ഇനി സഹകരണ മേഖല്ക്കാവശ്യം. പൊതുവായ പദ്ധതികളില്‍ സ്ത്രീജീവനക്കാരേയും കൂടി ഉള്‍പ്പെടുത്തുകയല്ല, അവരുടെ ആവശ്യം കണ്ടറിഞ്ഞ് ഓരോ സ്ഥാപനത്തിന്റെയും ഭാവി ബിസിനസ് മേഖലകളിലേക്ക് അവരെയുംകൂടി ഉള്‍പ്പെടുത്തുന്ന രീതിയിലുള്ള വനിതാകരിയര്‍ ആസൂത്രണമാണ് ഇവിടെ നടപ്പാക്കേണ്ടത്.

നിയമപരമായ പരിരക്ഷ

സഹകരണ മേഖലയിലെ ചട്ടങ്ങളും നിയമങ്ങളും എല്ലാക്കാലത്തും ലിംഗസമത്വത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെയാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇത്തരം നിയമങ്ങള്‍ പിന്തുടരുന്ന സഹകരണ സ്ഥാപനങ്ങള്‍ സ്വാഭാവികമായും സ്ത്രീയ്ക്കും പുരുഷനും തുല്യപ്രാധാന്യം അവരുടെ സേവന-വേതന വ്യവസ്ഥകളിലും ഉപഭോക്താക്കളോടുള്ള സമീപനത്തിലും സ്വീകരിക്കാന്‍ ബാധ്യസ്ഥരാകും. നിയമത്തിന്റെ പിന്‍ബലം ഒരു പരിധിവരെ സ്ത്രീസമൂഹത്തിനു തുണയാകുന്നുണ്ട് എന്നു തന്നെ കരുതാം. എന്നാല്‍, ഭൂരിഭാഗം സ്ഥാപനങ്ങളും നിയമങ്ങളെ ഒരു ബാധ്യതയായിക്കണ്ട് വെറും നിയമപാലനത്തിനു വേണ്ടി മാത്രം സ്ത്രീജനങ്ങളെ വിവിധ ഭരണതലത്തിലും അംഗത്വത്തിലും ഉള്‍പ്പെടുത്തുന്ന രീതിയും കണ്ടുവരുന്നു. പുറമേയുള്ള ഇത്തരം തലോടലുകള്‍ക്കുപരിയായി ആഴത്തിലുള്ള സ്ത്രീപ്രശ്നങ്ങള്‍ക്കു ശാശ്വതപരിഹാരം കണ്ടെത്തുന്ന തലത്തിലേയ്ക്കുള്ള ഇടപെടലുകളാണു സഹകരണ മേഖലയില്‍ നിന്നു പ്രതീക്ഷിക്കുന്നത്.

മറ്റു ധനകാര്യസ്ഥാപനങ്ങളെ അപേക്ഷിച്ച് സഹകരണ സ്ഥാപനങ്ങള്‍ക്കു സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടില്‍ ഇറങ്ങിച്ചെല്ലാനും സാമ്പത്തിക സഹായത്തിലൂടെ അവശതയനുഭവിക്കുന്ന വിവിധ ജനവിഭാഗങ്ങളെ സാമ്പത്തിക സ്വയം പര്യാപ്തതയിലേക്കു കൈപിടിച്ചുയര്‍ത്താനും കഴിയും. പ്രാഥമിക സഹകരണ സംഘങ്ങളും മറ്റ് കാര്‍ഷിക , കാര്‍ഷികേതര സംഘങ്ങളും ഗ്രാമാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഗ്രാമീണ സ്ത്രീകളുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും അവര്‍ക്ക് അതിവേഗം സാധിക്കുന്നു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള വളര്‍ച്ചക്കു വളരെയധികം പ്രാധാന്യം നല്‍കുന്ന ഈ കാലഘട്ടത്തില്‍ വ്യത്യസ്തങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അവയുടെ ലാഭക്ഷമതയുടെയും ദീര്‍ഘകാല നിലനില്‍പ്പിന്റേയും അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന സഹകരണ സംഘങ്ങള്‍ക്കേ യഥാര്‍ത്ഥ സ്ത്രീശാക്തീകരണം ഗ്രാമീണമേഖലയില്‍ നടപ്പാക്കാനാകൂ.

സ്ത്രീശാക്തീകരണം അതിന്റെ എല്ലാ അര്‍ഥത്തിലും ഉള്‍ക്കൊണ്ടുകൊണ്ട് വിവിധ മേഖലകളില്‍ വെന്നിക്കൊടി പാറിച്ച ചില സഹകരണ സംരംഭങ്ങളെ, ആഗോളതലത്തിലും പ്രാദേശിക തലത്തിലുമുള്ള സംഘങ്ങളെ , നമുക്ക് പരിചയപ്പെടാം. അവയെ വഴികാട്ടിയായി സ്വീകരിക്കുകയും ചെയ്യാം.

തുര്‍ക്കിയിലെ വനിതാ സംഘങ്ങള്‍

സ്ത്രീശാക്തീകരണത്തിനു പ്രാധാന്യം കൊടുക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് അതിലൂടെ സ്ത്രീജനങ്ങളെ സാമ്പത്തിക സ്വയം പര്യാപ്തതയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിനുപരിയായി അവരുടെ സാമൂഹിക , സാംസ്‌കാരിക നിലവാരംതന്നെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തുര്‍ക്കിയിലെ വനിതാ സഹകരണ കൂട്ടായ്മകള്‍ക്കു സാധിച്ചിട്ടുണ്ട്. സെന്‍ബാര്‍ കെസ്‌കിന്‍ എന്നറിയപ്പെടുന്ന കരകൗശല നിര്‍മാണ സംഘങ്ങളും ഹുലിയ കലിസ്‌ക എന്ന ഭക്ഷ്യസംസ്‌കരണ യൂണിറ്റുമൊക്കെ സഹകരണമേഖലയില്‍ രൂപീകൃതമായ സംഘങ്ങളാണ്. ഇത്തരം സംഘങ്ങള്‍ സ്ത്രീകളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന രീതി, ഒരു ബിസിനസ് സംരംഭമായി ഓരോ യൂണിറ്റിനെയും വളര്‍ത്തിയെടുക്കാനായി നടത്തുന്ന പ്രയത്നങ്ങള്‍, പ്രോത്സാഹനങ്ങള്‍ എന്നിവയൊക്കെ നമുക്കു മാതൃയാക്കാവുന്നതാണ്.

എത്യോപ്യയിലെ കാര്‍ഷിക കൂട്ടായ്മകള്‍

എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് 300 കി.മി. ദൂരെമാറി ഡോഡോള ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു കാര്‍ഷിക സഹകരണ സംഘത്തെ നമുക്ക് അടുത്തറിയാം. സ്ത്രീത്തൊഴിലാളികള്‍ കഠിനാധ്വാനം ചെയ്താലും യന്ത്രവത്കരണത്തിന്റേയും ധാന്യസംഭരണത്തിന്റെയും അഭാവം നിമിത്തം ഗ്രാമീണ സ്ത്രീകള്‍ക്കു മികച്ചവരുമാനം നേടാന്‍ സാധിക്കാത്ത ഒരവസ്ഥയായിരുന്നു കുറച്ചുകാലം മുന്‍പ് വരെ എത്യോപ്യയില്‍ നിലനിന്നിരുന്നത്. എന്നാല്‍, ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള വനിതാ സഹകരണ കൂട്ടായ്മകള്‍ കാര്‍ഷികരംഗത്തെ ആധുനികവത്കരണത്തിലൂടെ വനിതകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊടുക്കുകയും അവരെ സ്വയം പര്യാപ്തരാക്കുകയും കൊടിയ ദാരിദ്ര്യത്തില്‍ നിന്നു കരകയറാന്‍ സഹായിക്കുകയും ചെയ്തു.

എത്യോപ്യയിലെ ഇത്തരം കാര്‍ഷിക കൂട്ടായ്മകള്‍ അവിടെയുള്ള സാധാരണക്കാരായ സ്ത്രീകള്‍ക്ക് പകര്‍ന്നു കൊടുത്ത ആത്മവിശ്വാസം ചെറുതല്ല. ഒരു പുതിയ ജീവിതത്തിലേയ്ക്ക് ഓരോ കുടുംബത്തേയും കൈപിടിച്ച് ഉയര്‍ത്തുകയാണ് ഇത്തരം സഹകരണ സംഘങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും ഇതേപോലെ ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ കാര്‍ഷിക ഗ്രാമങ്ങളിലും ഇത്തരം മാതൃകകള്‍ പരീക്ഷിക്കപ്പെടേണ്ടതു തന്നെയാണ്.

ഹൗസ്‌ക്ലീനിങ് സൊസൈറ്റി

ബര്‍ത്ത നരാജോ എന്ന വനിതയുടെ നേതൃത്വത്തില്‍ ഒമ്പതു വനിതകള്‍ ചേര്‍ന്നാണു പത്തു വര്‍ഷം മുമ്പു ഇക്കോകെയര്‍ പ്രൊഫഷണല്‍ ഹൗസ്‌ക്ലീനിങ് എന്ന പേരില്‍ സൗത്ത് ബേ കാലിഫോര്‍ണിയയില്‍ ഒരു സഹകരണ സംഘം രൂപവത്ക്കരിച്ചത്. ഈ സംരംഭത്തിലൂടെ സ്ത്രീകൂട്ടായ്മയ്ക്കു സാമ്പത്തികമായ അഭിവൃദ്ധി കൈവരിക്കാനായി. അതിനുപരിയായി ഒരു സ്ത്രീ എന്ന നിലയില്‍ സമൂഹത്തില്‍ നിന്നു മാറ്റി നിര്‍ത്തപ്പെടാതെ ഓരോ അംഗത്തിനും നേടിയെടുക്കാനായ ആത്മാഭിമാനത്തിനും അന്തസ്സിനും സുരക്ഷിതത്വത്തിനുമാണ് അവരോരോരുത്തരും ഏറ്റവും അധികം വില നല്‍കുന്നത്. അടിച്ചമര്‍ത്തപ്പെട്ട നൂറുകണക്കിനു സ്ത്രീത്തൊഴിലാളികള്‍ക്കു ഇത്തരം സംഘങ്ങളിലൂടെ തൊഴില്‍ ലഭിച്ചു. മാത്രവുമല്ല, ഗ്രീന്‍ ക്ലീനിങ് വസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ പ്രകൃതിക്കിണങ്ങിയതും വിഷപദാര്‍ഥങ്ങളും രാസവസ്തുക്കളുമില്ലാത്തതുമായ പ്രൊഫഷണല്‍ ക്ലീനിങ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിച്ച് അതിലൂടെ നേട്ടം കൊയ്യാനും സാമൂഹിക പ്രതിബന്ധതയുള്ള ഒരു സംരംഭമായി മുന്നേറാനും ഇത്തരം പ്രൊഫഷണല്‍ ഹൗസ്‌ക്ലീനിങ് സൊസൈറ്റികള്‍ക്കാവുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം.

ജപ്പാനിലെ ഉപഭോക്തൃ സഹ. സംഘങ്ങള്‍

രണ്ടാം ലോകയുദ്ധത്തിനു ശേഷം നാമാവശേഷമായ ജപ്പാന്റെ സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിനു നിദാനമായ ഒട്ടനവധി സംരംഭങ്ങള്‍ സഹകരണ മേഖലയില്‍ നിന്നുയര്‍ന്നു വന്നവയായിരുന്നു. 1960 കളില്‍ ജപ്പാനിലെ ഗൃഹോപയോഗത്തിനുള്ള വസ്തുക്കളില്‍ അമിതമായ അളവില്‍ രാസപദാര്‍ഥങ്ങളും വിഷപദാര്‍ഥങ്ങളും അടങ്ങിയിരിക്കുന്നു എന്നു കണ്ടെത്തുകയുണ്ടായി. സുരക്ഷിതവും ആരോഗ്യദായകവുമായ ഭക്ഷ്യവസ്തുക്കളുടെ ആവശ്യകത ജപ്പാനില്‍ ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ രൂപവത്കരണത്തിനു കാരണമായിത്തീര്‍ന്നു. 1970 കളായപ്പോഴേക്കും ഇതേ ആവശ്യം മുന്‍നിര്‍ത്തി സഹകരണ മേഖലയില്‍ ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ വിപുലമായ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നു ഏകദേശം 600 ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ ജപ്പാനിലുണ്ട്. അംഗങ്ങളില്‍ 80 ശതമാനത്തിനു മുകളിലും വനിതകളാണ് എന്നതാണ് ഇത്തരം സംഘങ്ങളുടെ പ്രത്യേകത.

അഞ്ച് മുതല്‍ ഏഴു വരെ സ്ത്രീകള്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കുന്നു. അവര്‍ വിവിധതരം ഭക്ഷണ പദാര്‍ഥങ്ങളുടെ ഓര്‍ഡര്‍ സ്വീകരിക്കുന്നു. ഉല്‍പ്പന്നം വിതരണം ചെയ്യുന്നു. ന്യായവില ഈടാക്കുന്നു. ഓരോ കൂട്ടായ്മയുടേയും അഭിപ്രായവും ബിസിനസ് വിപുലീകരണ ആശയങ്ങളും പരിഗണിച്ച് അതത് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നു. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ സാധിക്കുന്നു എന്നുമാത്രമല്ല വിപണികേന്ദ്രീകൃതമായ ഉല്‍പ്പാദക ഉപഭോക്തൃ തര്‍ക്കങ്ങളും ഇടനിലക്കാരുടെ സാമ്പത്തിക ചൂഷണവുമൊക്കെ ഒഴിവാക്കാന്‍ ഇത്തരം സഹകരണ സംരംഭങ്ങള്‍ക്കാവുന്നു.

ഇന്ത്യന്‍ മാതൃകകള്‍

വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ വനിതാ സഹകരണ സംഘങ്ങളുടെ എണ്ണം തുലോം കുറവാണ്. സഹകരണ മേഖലയില്‍ ഇന്ത്യന്‍ വനിതകളുടെ സാന്നിധ്യം പലപ്പോഴും വ്യക്തിഗത ഗ്രൂപ്പ് വായ്പകളിലേയ്ക്കും വനിതാസംവരണം കൊണ്ടുമാത്രം നേടിയെടുക്കുന്ന ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങളിലേക്കും ഒതുങ്ങിപ്പോകുന്നു എന്നതാണു വാസ്തവം. എന്നാല്‍, ‘മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പട്’ എന്ന സംരംഭം ഇതിനൊരപവാദമാണ്.

ലിജ്ജത് പപ്പട് എന്നത് ഇന്ന് ഇന്ത്യയിലെ പ്രശസ്തമായ ബ്രാന്‍ഡുകളിലൊന്നാണ്. പപ്പടം, മസാല, അപ്പളം, ആട്ട, ചപ്പാത്തി, ഡിറ്റര്‍ജെന്റ് എന്നിങ്ങനെ വിപുലീകരിച്ച ഒരു ബ്രാന്‍ഡ് ശ്യംഖല തന്നെയുണ്ട് ലിജ്ജത് പപ്പട് എന്ന ഈ വനിതാ സഹകരണ കൂട്ടായ്മ്ക്ക്. സ്വാഭിമാനത്തോടെ ജീവിക്കത്തക്ക രീതിയില്‍ വനിതകളുടെ ഇടയില്‍ ഒരു സ്ഥിരവരുമാന സ്രോതസ്സായി ഈ സഹകരണ സംഘം മാറിക്കഴിഞ്ഞു. ഈ മേഖലയിലെ കുത്തകക്കമ്പനികളോട് മത്സരിച്ച് അംഗീകൃത ബ്രാന്‍ഡായി മാറാന്‍ ലിജ്ജത് പപ്പടിന് കഴിഞ്ഞു എന്നത് അഭിമാനാര്‍ഹമായ നേട്ടം തന്നെ.

‘സേവ കോ-ഓപ്പറേറ്റീവ് ബാങ്ക്’ അഹമ്മദാബാദ് മറ്റൊരു ഇന്ത്യന്‍ ഉദാഹരണമാണ്. ഇളാ ഭട്ടിന്റെ നേതൃത്വത്തില്‍ 1974 ല്‍ രൂപവത്കൃതമായ ഈ ബാങ്ക് വനിതകളുടെ സംരംഭങ്ങള്‍ക്കും മറ്റു വനിതാ കൂട്ടായ്മകള്‍ക്കും ധനസഹായം നല്‍കിപ്പോരുന്നു. സേവയുടെ മൈക്രോ ലോണ്‍ സംവിധാനം ഉപയോഗിച്ച് സ്വന്തം സംരംഭങ്ങളിലൂടെ ഉയര്‍ന്ന വരുമാനം നേടാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും ഈ ബാങ്കിന്റെ ഉപഭോക്താക്കളായ വനിതകള്‍ക്കു സാധിക്കുന്നു. ഗ്രാമീണ മേഖലയിലെ സ്ത്രീകളെയും ശാക്തീകരിക്കത്തക്ക രീതിയില്‍ വിവിധതരം സ്‌കീമുകള്‍ ഈ ബാങ്ക് നടപ്പാക്കുന്നു. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംരംഭം, അതും വനിതകളുടെ നേതൃത്വത്തില്‍. ഇതുതന്നെയാണ് സേവയുടെ പ്രത്യേകത ( Self Employed Women’s Association എന്നതിന്റെ ചുരുക്കപ്പേരാണു SEWA )

ശാക്തീകരണത്തിലെ വെല്ലുവിളികള്‍ 

സഹകരണ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശം സഹകരണ മേഖലയിലുണ്ട് എന്നു നാം വാദിക്കുമ്പോഴും താഴെപ്പറയുന്ന വെല്ലുവിളികളില്‍ നിന്ന് ഈ മേഖല പൂര്‍ണമായും മോചിതമായിട്ടില്ല എന്നുതന്നെ പറയേണ്ടിവരും.

നമ്മുടെ നാട്ടിലെ ഒട്ടുമിക്ക സഹകരണ സംഘങ്ങളും ഒരു സംസ്ഥാനം, ഒരു രാഷ്ട്രീയപാര്‍ട്ടി, ഒരു പ്രത്യേക വിഭാഗം അല്ലെങ്കില്‍ ഏതെങ്കിലും ഒരു നിശ്ചിത പ്രദേശത്തുള്ളവര്‍ സ്പോണ്‍സര്‍ ചെയ്യുന്നതും അവരാല്‍ അവരുടെ ആവശ്യങ്ങള്‍ക്കായി രൂപവത്ക്കരിക്കപ്പെട്ടതുമായ സംഘങ്ങളായി നിലനിന്നു പോരുകയാണ്. യഥാര്‍ഥത്തില്‍ അംഗങ്ങളാല്‍ രൂപവത്കൃതമായി അവരാല്‍ നയിക്കപ്പെടുന്ന എത്ര സംഘങ്ങളുണ്ട് നമ്മുടെ നാട്ടില്‍? അതുകൊണ്ടുതന്നെ അംഗങ്ങളുടെ പ്രത്യേകിച്ചും , വനിതാ അംഗങ്ങളുടെ , ശാക്തീകരണം അവരുടെ പ്രവര്‍ത്തന അജണ്ടയ്ക്കു പുറത്തായിപ്പോകുന്നു.

സാധാരണ ധനകാര്യ സ്ഥാപനങ്ങളും കമ്പനികളും തൊഴില്‍ദാതാക്കളും വനിതാ പ്രാമുഖ്യം ( തൊഴിലിടങ്ങളിലും ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിലും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും ) കുറയ്ക്കാനായി നിരത്തുന്ന ബാലിശമായ പല കാരണങ്ങളും സഹകരണ മേഖലയും പിന്തുടരുന്നതാണു നാം കാണുന്നത്. വീട്ടുജോലികളും മറ്റു ഉത്തരവാദിത്തങ്ങളും നിറവേറ്റിയശേഷം വനിതകള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സമയമുണ്ടാവില്ല, അവര്‍ക്ക് അതിനുള്ള നേതൃത്വ ഗുണമില്ല, അവര്‍ ഇത്തരം ജോലികള്‍ ചെയ്യേണ്ടവരല്ല, അവരുടെ പ്രവര്‍ത്തനമേഖല കുടുംബത്തിന്റെ നാലു ചുവരുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കണം – അങ്ങനെയങ്ങനെ സ്ഥിരമായി സ്ത്രീകളെ സമൂഹത്തിന്റെ മുന്‍നിരയിലേക്കു കൊണ്ടുവരുന്നതിനു വിഘാതമായി നില്‍ക്കുന്ന എല്ലാത്തരം നിരുത്സാഹ ചിന്തകളും ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നു.

നേതൃത്വ പങ്കാളിത്തത്തിലുള്ള സ്ത്രീകളുടെ അഭാവമാണു മറ്റൊരു പ്രധാന കാരണം. സഹകരണ സ്ഥാപനങ്ങളുടെ സജീവ അംഗത്വത്തില്‍ നിന്നു സ്ത്രീകള്‍ പലപ്പോഴും മാറ്റിനിര്‍ത്തപ്പെടുന്ന കാഴ്ച നാം പതിവായി കാണാറുണ്ട്. കാലാകാലങ്ങളായി നമ്മുടെ സമൂഹത്തില്‍ വേരോടിയിരിക്കുന്ന സ്ത്രീ സമൂഹത്തെക്കുറിച്ചുള്ള മുന്‍വിധികള്‍ തന്നെയാണു സഹകരണ മേഖലയിലും സ്ത്രീകള്‍ നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളി. സഹകരണ നിയമത്തില്‍ അനുശാസിക്കുന്ന ഒരു കുടുംബത്തില്‍ നിന്ന് ഒരംഗമെന്ന തത്വം തന്നെ ഓരോ കുടുംബത്തിലേയും പുരുഷന്മാര്‍ അംഗമാകാനും സ്ത്രീകള്‍ അംഗത്വത്തില്‍ നിന്നു മാറ്റി നിര്‍ത്തപ്പെടാനും കാരണമാകുന്നു. ദക്ഷിണാഫ്രിക്കയില്‍ സഹകരണ മേഖലയിലെ അംഗങ്ങളില്‍ 60 ശതമാനം സ്ത്രീകളാണ്. ജപ്പാനില്‍ 95 ശതമാനം സ്ത്രീപങ്കാളിത്തമുള്ള കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങളുണ്ട്. ഇറ്റലിയില്‍ 95 ശതമാനം സ്ത്രീ അംഗത്വ പങ്കാളിത്തമുള്ള ഫാഷന്‍ കോ-ഓപ്പറേറ്റീവും സഹകരണ മേഖലയില്‍ സ്ത്രീസാന്നിധ്യം ഊട്ടിയുറപ്പിക്കുന്നു. എന്നാല്‍, അറബ് രാജ്യങ്ങളിലും, ഇന്ത്യ , ശ്രീലങ്ക ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും വനിതാംഗങ്ങള്‍ 25 ശതമാനത്തിലും താഴയേ ഉള്ളൂ.

സ്വന്തമായ വരുമാനമാര്‍ഗങ്ങളില്ലായ്മ, വിദ്യാഭ്യാസപരമായും സാംസ്‌കാരികപരമായും ഉയര്‍ന്നു വരാനുള്ള അവസരമില്ലായ്മ എന്നിവയൊക്കെ സഹകരണ മേഖലയില്‍ പുതിയ സംരംഭങ്ങളുമായി മുന്നോട്ടു വരുന്നതില്‍ നിന്നു സ്ത്രീസമൂഹത്തെ പിന്തിരിപ്പിക്കുന്നുണ്ട്. സ്വന്തം വരുമാനം കൈകാര്യം ചെയ്യാനുള്ള അനുവാദമില്ലാത്ത സ്ത്രീകളേയും നമുക്കു കണ്ടുമുട്ടാനാവും. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഇപ്പോഴും നമ്മുടെ സ്ത്രീകള്‍ക്കു കടന്നു ചെല്ലാന്‍ സാധിക്കാത്ത ഇടങ്ങളായി ഭാരതത്തിലെ പല ഭാഗങ്ങളിലും തുടര്‍ന്നുപോരുന്നു എന്നതു ലജ്ജാവഹം തന്നെ

ലിംഗസമത്വം – പ്രതീക്ഷകള്‍

മറ്റു പൊതു-സ്വകാര്യ സംരംഭങ്ങളെ അപേക്ഷിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭങ്ങളാണു സഹകരണ മേഖലയിലുള്ളത്. അതുകൊണ്ടുതന്നെ ലിംഗസമത്വത്തിന്റെ ആദ്യപടി എല്ലായ്‌പ്പോഴും സഹകരണ മേഖലയില്‍ നിന്നുതന്നെ സമാരംഭിക്കേണ്ടതാണ്. സഹകരണ നിയമത്തിന്റെ പരിരക്ഷയില്‍ എഴുതപ്പെട്ടിട്ടുള്ള ചട്ടങ്ങളും നിയമങ്ങളും പ്രവൃത്തിപഥത്തില്‍ എത്തിക്കുക എന്നതുതന്നെയാണ് ആദ്യപടി. തുറന്ന അംഗത്വം , ജനാധിപത്യ നിയന്ത്രണം തുടങ്ങിയ സഹകരണ തത്വങ്ങളുടെ യഥാര്‍ഥ അര്‍ഥം ഉള്‍ക്കൊണ്ടുകൊണ്ട് സ്ത്രീസമൂഹത്തിനു കൂടി പ്രാപ്യമായ പ്രായോഗിക പ്രവര്‍ത്തന തലത്തിലേക്കു കൊണ്ടുവരുന്നതിനുവേണ്ട നടപടികള്‍ ഓരോ സഹകരണ സ്ഥാപനവും സ്വീകരിക്കേണ്ടതാണ്.

വനിതാ ശാക്തീകരണം എന്ന ദീര്‍ഘകാല ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ അംഗങ്ങളുടെ എണ്ണത്തിലും ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിലും വിവിധ ഉപസംരംഭങ്ങളുടേയും കമ്മിറ്റികളുടേയും നേതൃത്വ നിരയിലും ബോധപൂര്‍വ്വം വനിതകളെ ഉള്‍പ്പെടുത്താനായി ശ്രമിക്കണം. എല്ലാത്തരം അവസരങ്ങളും സ്ത്രീ, പുരുഷ വിഭാഗങ്ങളുടെ ഇടയില്‍ തുല്യമായി വിഭജിച്ചു നല്‍കുന്ന രീതിയിലുള്ള ഒരു ഉന്നതതല മാനേജ്മെന്റ് പോളിസിയും അവയെ ഏറ്റവും ഫലപ്രദമായ രീതിയില്‍ നടപ്പാക്കുന്ന ഒരു അടിസ്ഥാന മാനേജ്മെന്റ് പ്രവര്‍ത്തനവുമാണ് ഇത്തരം നൂതനാശയങ്ങളെ യാഥാര്‍ഥ്യത്തിലേക്കു നയിക്കുന്നത്.

സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലും പ്രോത്സാഹനവും സ്ത്രീകളുടെ പങ്കാളിത്തം സഹകരണ മേഖലയില്‍ ഉറപ്പാക്കാന്‍ അത്യന്താപേക്ഷിതമാണ്. നിയമനിര്‍മാണം, അവ നടപ്പാക്കുന്നതിലുള്ള മേല്‍നോട്ടം, ഭരണസമിതി നേതൃത്വ നിരയില്‍ 50 ശതമാനം സ്ത്രീസംവരണം ഉറപ്പാക്കല്‍, സ്്ത്രീകള്‍ മാത്രം അംഗങ്ങളായ വനിതാ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ എന്നിവ പ്രാവര്‍ത്തികമാക്കണം. ജില്ലാ അടിസ്ഥാനത്തില്‍ വനിതാ സഹകരണ സംഘങ്ങളുടെ രൂപവത്കരണത്തിനും തുടര്‍ച്ചയായ മാര്‍ഗനിര്‍ദേശങ്ങളോടെ അത്തരം സംഘങ്ങളെ ലാഭകരമായി പ്രവര്‍ത്തിപ്പിച്ച് മുന്‍നിര സംഘങ്ങളിലേക്ക് എത്തിക്കാനും നടപടികള്‍ വേണം. സഹകരണ മേഖലയെ സ്ത്രീസൗഹ്യദ കേന്ദ്രീകൃത മേഖലയായി വികസിപ്പിച്ച് പ്രായോഗിക തലത്തില്‍ സ്ത്രീപ്രാതിനിധ്യം കൂട്ടത്തക്ക രീതിയിലുള്ളള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ ഇച്ഛാശക്തിയുള്ള ഒരു ഗവണ്‍മെന്റിനു കഴിയും.

കാര്യക്ഷമതാ പരിപോഷണം പ്രത്യേക ശ്രദ്ധ വേണ്ട ഒരു പ്രധാന മേഖലയാണ്. വനിതാ സംരംഭകരുടേയും തൊഴിലന്വേഷികളുടേയും കാര്യക്ഷമത പരിപോഷിപ്പിക്കുന്നതിലും അവരെ സ്വന്തം സംരംഭങ്ങള്‍ ആരംഭിച്ച് വെല്ലുവിളികള്‍ നേരിട്ട് ധൈര്യപൂര്‍വ്വം മുന്നേറുന്നവരാക്കിത്തീര്‍ക്കുന്നതിലും സഹകരണ മേഖലക്കു വലിയ പങ്കു വഹിക്കാനാകും. സാമൂഹിക, സംസ്‌കാരിക പ്രതിബന്ധങ്ങളെ തരണം ചെയ്തു മുന്‍നിരയിലേക്കു വരണമെങ്കില്‍ പുറമെയുള്ള പ്രതീകാത്മകമായ പരിപോഷണമല്ല സ്ത്രീകള്‍ക്കാവശ്യം. ഓരോ സ്ത്രീയുടേയും കഴിവുകളും കഴിവില്ലായ്മയും തിരിച്ചറിഞ്ഞ് അവരെ വിവിധ മേഖലകളിലെ ചുമതലകള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരാക്കുന്ന അഡ്വാന്‍സ്ഡ് ട്രെയിനിങ്ങും മെന്ററിങ്ങും കൗണ്‍സലിങ്ങും അടങ്ങുന്ന ഒരു പാക്കേജാണ് ഓരോരുത്തര്‍ക്കും ആവശ്യം. അവരുടെ കരിയറിലുടനീളം അവര്‍ക്ക് താങ്ങായും തണലായും നില്‍ക്കാന്‍ സാധിക്കുന്ന വഴികാട്ടികളുംകൂടി ഉണ്ടെങ്കിലേ ആരംഭിക്കുന്ന സംരംഭങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ എത്തുകയുള്ളൂ.

ജെന്‍ഡര്‍ റെസ്പോണ്‍സീവ്

1995 ല്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് ( ഐ.സി.എ ) അംഗീകരിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ലിംഗസമത്വം എല്ലാ സഹകരണ സ്ഥാപനങ്ങളുടേയും പ്രഥമപ്രധാനമായ അജണ്ടയായി തീരുമാനിക്കുകയുണ്ടായി. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനു ( ഐ.എല്‍.ഒ. ) മായി ചേര്‍ന്നു വിവിധ രാജ്യങ്ങളില്‍ ഐ.സി.എ. ഈ ഉദ്ദേശ്യത്തോടെ വിവിധതരം പരിപാടികള്‍ നടപ്പാക്കി വരുന്നു. നമ്മുടെ നാട്ടിലും വളരെ കേന്ദ്രീകൃതമായ ഒരു പരിശ്രമം ഈ വിഷയത്തില്‍ ആവശ്യമാണ്. ജെന്‍ഡര്‍ റെസ്പോണ്‍സീവ് സംസ്‌കാരം, ജെന്‍ഡര്‍ ഓഡിറ്റ്, ജെന്‍ഡര്‍ സെന്‍സിറ്റീവ് പോളിസി എന്നിവയിലൂടെ സഹകരണ സ്ഥാപനങ്ങളിലും ലിംഗസമത്വം ഒരു പരിധിവരെ നടപ്പാക്കാം.

സ്ഥാപന സംസ്‌കാരം

ലിംഗസമത്വം ഉറപ്പാക്കുന്ന രീതിയിലുള്ള ഒരു സ്ഥാപന സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുന്നതിലൂടെ സഹകരണ സ്ഥാപനങ്ങള്‍ക്കു ജന്‍ഡര്‍ റെസ്പോണ്‍സീവ് സ്ഥാപനങ്ങളായി വളര്‍ന്നുവരാന്‍ സാധിക്കും. ഓരോ സഹകരണ സ്ഥാപനത്തിന്റെയും പ്രവര്‍ത്തനമേഖലയും സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും വിലയിരുത്തി അതിനെ വിവിധ ഘടകങ്ങളായി വേര്‍തിരിച്ച് ഓരോ മേഖലയിലും സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നതാണ് ആദ്യപടി. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും സ്ത്രീകളെയും അവരുടെ കഴിവിനെയും സ്ഥാനമാനങ്ങളെയും ആദരിക്കുകയും ഔദ്യോഗിക തലത്തില്‍ അവരെ ഒരു പങ്കാളിയെപ്പോലെ തുല്യരായി കരുതാനുള്ള മാനസിക തയാറെടുപ്പ് നടത്തുകയും വേണം. ഓരോരുത്തരുടെയും ആശയവിനിമയത്തിലും ജോലി പങ്കിടലിലും മറ്റ് എല്ലാ ഔദ്യോഗിക കൃത്യനിര്‍വഹണത്തിലും ഈ തുല്യത ഉറപ്പുവരുത്തുന്ന രീതിയിലുള്ള ഒരു തൊഴില്‍ സംസ്‌കാരമാണ് ജെന്‍ഡര്‍ റെസ്പോണ്‍സീവായ സ്ഥാപനങ്ങളായി മാറാന്‍ സഹകരണ മേഖലയ്ക്കാവശ്യം. സ്ഥാപന സംസ്‌കാര രൂപവത്കരണം വളരെ ആസൂത്രിതമായി നടപ്പാക്കേണ്ടതാണ്. അടിസ്ഥാനശില പാകിയ ശേഷം ഓരോ ഘട്ടമായി ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീസമത്വം എന്ന ലക്ഷ്യത്തിലേക്ക്് എത്തിച്ചേരാം. വിദേശ സഹകരണ സംഘങ്ങളുടെ സ്ത്രീസമത്വത്തിലൂന്നിയ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ മാതൃകയായി സ്വീകരിക്കാവുന്നതാണ്.

ജെന്‍ഡര്‍ ഓഡിറ്റ്

സ്ത്രീ പുരുഷ അനുപാതവും വിവിധ മേഖലകളിലെ സ്ത്രീ പങ്കാളിത്തവും തിട്ടപ്പെടുത്തത്തക്ക രീതിയിലുള്ള ഒരു ജെന്‍ഡര്‍ ഓഡിറ്റിന് എല്ലാ സഹകരണ സ്ഥാപനങ്ങളും വിധേയമകുന്നതു ലിംഗസമത്വത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പാണ്. അത്തരം ഒരു സമഗ്ര ഓഡിറ്റില്‍ താഴെപ്പറയുന്ന ചില സൂചികകള്‍ ഉള്‍പ്പെടുത്താവുന്നതാണ്.

* അംഗങ്ങളുടെ എണ്ണത്തിലുള്ള സ്ത്രീ , പുരുഷ അനുപാതം
* സീനിയര്‍ മാനേജ്മെന്റ് തലത്തിലും ഭരണസമിതി, മറ്റു വിവിധ തരം കമ്മിറ്റികള്‍ എന്നിവയിലുമുള്ള അനുപാതം
* വിവിധതരം തൊഴില്‍ തലങ്ങളില്‍ (പാര്‍ട്ട് ടൈം, ഫുള്‍ടൈം, പെയ്ഡ് , അണ്‍പെയ്ഡ്, വോളണ്ടിയര്‍ ) അനുപാതം
* ജോലിയുടെ ഗുണഫലമനുസരിച്ചുള്ള അനുപാതം ( കോണ്‍ട്രാക്ട് , സോഷ്യല്‍ സര്‍വീസ് )
* സ്ഥാപനത്തിലേക്കു ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ ഏതെങ്കിലും രീതിയിലുള്ള വിവേചനമോ മാറ്റിനിര്‍ത്തലോ ഉണ്ടാകുന്നുണ്ടോ ?
* ജീവനക്കാര്‍ക്കു വിവിധ ചുമതലകള്‍ ഏല്‍പ്പിച്ചു കൊടുക്കുമ്പോഴും സേവന-വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കുമ്പോഴും സ്ത്രീ , പുരുഷ തുല്യത ഉറപ്പു വരുത്താറുണ്ടോ?
* ട്രെയിനിങ് , ടെക്നോളജി നവീകരണം മുതലായ കാര്യക്ഷമതാ പരിപോഷണങ്ങളിലെ സ്ത്രീ, പുരുഷ പങ്കാളിത്തം
* ജീവനക്കാരുടെ തൊഴില്‍ക്ഷമതയിലും പ്രകടനം വിലയിരുത്തുന്നതിലും ദൃശ്യമാകുന്ന സ്ത്രീ, പുരുഷ വ്യത്യാസങ്ങള്‍

മേല്‍പ്പറഞ്ഞ സൂചികകളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ ഓരോ സഹകരണ സ്ഥാപനത്തിന്റെയും പ്രവര്‍ത്തന മേഖലകള്‍ക്കനുസൃതമായി വിവിധ തരം സൂചികകള്‍ കണ്ടെത്തി അവയേയുംകൂടി ഉള്‍പ്പെടുത്തുന്ന സമഗ്രമായ ഒരു ഓഡിറ്റ് ഈ മേഖലയില്‍ അത്യന്താപേക്ഷിതമാണ്. ഇത്തരം ഓഡിറ്റുകളുടെ അന്തിമ കണക്കെടുപ്പുകള്‍ പരസ്യപ്പെടുത്തുകയും കാലാകാലങ്ങളില്‍ സൂചികകളുടെ മാനദണ്ഡങ്ങളിലേക്കു കൂടുതല്‍ അടുത്തു വരത്തക്ക രീതിയില്‍ സ്ഥാപനത്തില്‍ സ്ത്രീ സൗഹ്യദപരമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്താലേ ഇത്തരം ഓഡിറ്റുകളുടെ ലക്ഷ്യം പൂര്‍ണമായും സാക്ഷാത്കരിക്കാനാവൂ

ജന്‍ഡര്‍ സെന്‍സിറ്റീവ് സ്ഥാപനങ്ങളാവാം

സഹകരണ മേഖല മറ്റ് ബിസിനസ് മേഖലകളോട് കിടപിടിക്കത്തക്ക രീതിയില്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്വകാര്യ മേഖലയിലെ പ്രൊഫഷണല്‍ സംസ്‌കാരം ഈ മേഖലയിലും ഗുണമേന്മ-യോടെ നടപ്പാക്കുന്നതിനോടൊപ്പം സഹകരണ സ്ഥാപനങ്ങളും ജെന്‍ഡര്‍ സെന്‍സിറ്റീവ് സ്ഥാപനങ്ങളായി ഉയര്‍ന്നുവരേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. തൊഴിലിടങ്ങള്‍ കൂടുതല്‍ ജന്‍ഡര്‍ സെന്‍സിറ്റീവാകണമെങ്കില്‍ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാനുള്ള പരീക്ഷ, ഇന്റര്‍വ്യൂ മുതലായ ആദ്യഘട്ടങ്ങള്‍ മുതല്‍ അവരുടെ കരിയറിലെ ഓരോ ഘട്ടത്തിലും ലിംഗസമത്വം ഉറപ്പാക്കാനാവണം. നേതൃത്വ നിരയില്‍ സ്ത്രീ, പുരുഷാനുപാതം തുല്യമായി നിലനിര്‍ത്തല്‍, ശമ്പളവും മറ്റ് അലവന്‍സുകളും സ്ത്രീ, പുരുഷ ഭേദമില്ലാതെ വിതരണം ചെയ്യല്‍, തൊഴില്‍ – ജീവിത ബാലന്‍സ് ഉറപ്പുവരുത്തുന്ന രീതിയിലുള്ള മാനവവിഭവശേഷി ക്രമീകരണങ്ങള്‍, തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളും മറ്റു പരാതികളും കൈകാര്യം ചെയ്യാന്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍, അവ യഥാവിധി കൈകാര്യം ചെയ്യപ്പെടുന്നുണ്ടോ എന്നറിയാനുള്ള പുനഃപരിശോധന, ഉപഭോക്താക്കളുടെ ഇടയില്‍ ലിംഗ വിവേചനത്തിനിട കൊടുക്കാതെ ഒരേതരത്തില്‍ ഗുണമേന്മയുള്ള സേവനം പ്രദാനം ചെയ്യല്‍, ഉപഭോക്തൃ പരാതികള്‍ യഥാവിധി കൈകാര്യം ചെയ്യല്‍ – അങ്ങനെയങ്ങനെ ഒരു സഹകരണ സ്ഥാപനത്തിന്റെ എല്ലാ പ്രവര്‍ത്തന മേഖലകളിലും സ്ത്രീസമത്വം ഉറപ്പുവരുത്തത്തക്ക രീതിയില്‍ ബോധപൂര്‍വ്വമായ ഒരിടപെടല്‍ ഉണ്ടായാലേ നമ്മുടെ സഹകരണ സ്ഥാപനങ്ങളെ സ്ത്രീസൗഹൃദ സ്ഥാപനങ്ങളായി മാറ്റിയെടുക്കാന്‍ സാധിക്കൂ.

ലോകത്ത് ഇന്നു നിലനില്‍ക്കുന്ന വിവിധ തരം ബിസിനസ് മോഡലുകള്‍ക്കു വിഭിന്നമായി സഹകരണ മേഖലയും അവര്‍ മുന്നോട്ടുവെച്ച ബിസിനസ് മോഡലുകളും എല്ലായ്പ്പോഴും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിലേക്കു നയിക്കാന്‍ കഴിവുള്ളവയായിരുന്നു. ലിംഗസമത്വം ഉപ്പുവരുത്തി സ്ത്രീസമൂഹത്തെ മുഖ്യധാരയിലെത്തിക്കാനും അതിലുടെ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക ശാക്തീകരണത്തിനു വഴികാട്ടിയാകാനും തീര്‍ച്ചയായും സഹകരണ സ്ഥാപനങ്ങള്‍ക്കു സാധിക്കും. വിപുലമായ ജനാധിപത്യ അടിത്തറയും ആഗോള പ്രാതിനിധ്യവും ശക്തമായ സര്‍ക്കാര്‍ പിന്തുണയുമുള്ള ഒരു പ്രസ്ഥാനം എന്ന നിലയില്‍ സഹകരണ മേഖല ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുക്കുകയും അതിലൂടെ ജെന്‍ഡര്‍ റെസ്പോണ്‍സീവ് സഹകരണ സംഘങ്ങള്‍ എന്ന നൂതനാശയം പ്രവൃത്തിപഥത്തില്‍ എത്തിക്കുകയും ചെയ്യും എന്നു നമുക്കു പ്രത്യാശിക്കാം.

[mbzshare]

Leave a Reply

Your email address will not be published.