സുപ്രീംകോടതിവിധിയിലൂടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവോ ?
മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിബില്ലും ( 2022 )
കേരള സഹകരണസംഘം നിയമവും – 3
————————————————————- ( Reverse )
ബാങ്കിങ് നിയന്ത്രണനിയമത്തിലെ മൂന്നാം വകുപ്പില്‍ 2020 ജൂണ്‍ 26 നു വരുത്തിയ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങള്‍ക്കു നിക്ഷേപ സമാഹരണത്തിലും അംഗങ്ങളുമായി നടത്തുന്ന ബാങ്കിങ് പ്രവര്‍ത്തനങ്ങളിലും സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഭാവിയിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണു ലേഖകന്റെ വിലയിരുത്തല്‍. വായ്പാ സംഘങ്ങളിലെ നിക്ഷേപകരുടെ നിക്ഷേപസുരക്ഷിതത്വത്തില് ആശങ്ക ജനിപ്പിക്കുന്നവിധം മേലില്‍ റിസര്‍വ് ബാങ്ക് വിജ്ഞാപനങ്ങള്‍ ഉണ്ടാകാതിരിക്കാനാവശ്യമായ നിയമവ്യവസ്ഥകളും പ്രവര്‍ത്തനരീതിയും കേരളത്തില്‍ ഉണ്ടാകേണ്ടതാണ് എന്നു ലേഖകന്‍ നിര്‍ദേശിക്കുന്നു.
2023 ഏപ്രില്‍ 23 നു സുപ്രീംകോടതി പുറപ്പെടുവിച്ച നിര്‍ണായകവിധിയില്‍ ആദായനികുതിനിയമത്തിലെ വകുപ്പ് 80 ( പി ) ( 2 ) പ്രകാരമുള്ള നികുതിയിളവിനു പ്രാഥമിക കാര്ഷികവായ്പാസംഘത്തോടൊപ്പം കാര്‍ഷികേതര വായ്പാസംഘങ്ങള്‍ക്കും അര്‍ഹതയുണ്ടെന്നു പ്രസ്താവിക്കുകയുണ്ടായി. 2021 ജനുവരിയില്‍ കണ്ണൂര്‍ മാവിലായി സര്‍വീസ് സഹകരണ ബാങ്കിന്റെ അപ്പീലിലാണു പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ അവയുടെ നാമമാത്രഅംഗങ്ങളുള്പ്പെടെയുള്ള അംഗങ്ങളുമായി നടത്തുന്ന വായ്പാപ്രവര്ത്തനങ്ങളിലൂടെ ലഭിക്കുന്ന ആദായനികുതിയിളവിന് അര്‍ഹമാണെന്ന ശ്രദ്ധേയമായ വിധിയുണ്ടാകുന്നത്. ആദായനികുതി നല്കുന്നതില്നിന്നു സഹകരണസംഘങ്ങളെയും സഹകരണ ബാങ്കുകളെയും ആദ്യകാലങ്ങളില്‍ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. 2006 ലെ ആദായനികുതി നിയമഭേദഗതിയില്‍ വകുപ്പ് 80 ( പി ) അനുസരിച്ച് സഹകരണസ്ഥാപനങ്ങള്‍ക്കു ലഭിച്ചിരുന്ന ആദായനികുതിയിളവുകള്‍ സഹകരണ ബാങ്കുകള്‍ക്കു ലഭിക്കില്ലെന്നായിരുന്നു പ്രസ്തുത ഭേദഗതി. 2007 മുതലാണു സഹകരണ ബാങ്കുകളായ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും ആദായനികുതിയിളവ് ഇല്ലാതാകുന്നത്. പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളും ബാങ്കിങ് പ്രവര്‍ത്തനമാണു നടത്തുന്നത് എന്ന വാദമുയര്‍ത്തി 2009 മുതല്‍ സംസ്ഥാനത്തെ ചില പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളില്‍ ആദായനികുതിവകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ആദായനികുതിയടയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുതുടങ്ങി. കണ്ണൂര്‍ മാടായി റൂറല്‍ ബാങ്കിലാണ് ആദ്യമായി ആദായനികുതിവകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തി അതിന്റെ മൊത്തം വായ്പയില്‍ 0.8 ശതമാനം മാത്രമേ കാര്ഷികവായ്പയുള്ളു എന്നതിനാല്‍ അതു ബാങ്കിങ് പ്രവര്‍ത്തനമാണു നടത്തുന്നതെന്നു നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് നിരവധി പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്ക് ആദായനികുതി അടയ്ക്കാന്‍ നോട്ടീസ് നല്കി. മിക്ക സംഘങ്ങളും ആവശ്യപ്പെട്ട ആദായനികുതിയടച്ചപ്പോള് ഏതാനും സംഘങ്ങള്‍ ആദായനികുതിവകുപ്പിന്റെ നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. 2021 ലെയും 2023 ലെയും സുപ്രീംകോടതിവിധികള് രാജ്യത്തെ പ്രാഥമിക കാര്‍ഷിക-കാര്‍ഷികേതര വായ്പാസംഘങ്ങള്‍ക്കു വലിയ ആശ്വാസം നല്‍കുന്നതാണെന്നതില്‍ തര്‍ക്കമില്ല. വായ്പേതരപ്രവര്ത്തനങ്ങള് നടത്തുന്ന പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കും കാര്‍ഷികേതര വായ്പാസംഘങ്ങള്‍ക്കും അതിലൂടെ ലഭിക്കുന്ന ലാഭം നികുതി നല്കുന്നതില്നിന്നും ഒഴിവാക്കിയിട്ടില്ല.
നഷ്ടത്തിലുള്ള
വ്യാപാരം
വ്യാപാരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സഹകരണസംഘങ്ങളുടെ ട്രേഡിങ് അക്കൗണ്ടില്‍ ട്രേഡ് എക്സ്പെന്‍സ് എന്ന തലക്കെട്ടില്‍ നേരിട്ടുള്ള ചെലവുകളായ വാടക, ശമ്പളം, ദിവസക്കൂലി, കേടുപാടുകള്‍ നന്നാക്കല്‍, പരിപാലനച്ചെലവ്, സ്റ്റോക്കിന്റെ മുടക്കുമുതലിനുണ്ടാകുന്ന പലിശച്ചെലവ് തുടങ്ങിയ നിരവധി പ്രധാന ചെലവുകള്‍ വ്യാപാരച്ചെലവില് ഉള്‍പ്പെടുത്താറില്ല. ഒരു സഹകരണസംഘത്തിന്റെ വ്യാപാരമേഖലയിലെ ശരാശരി സ്റ്റോക്കിനുണ്ടാകുന്ന പലിശച്ചെലവ് വ്യാപാര ലാഭനഷ്ടക്കണക്കില്‍ ഉള്‍പ്പെടുത്താറില്ല. വാര്‍ഷിക ശരാശരി സ്റ്റോക്ക് 80 ലക്ഷം രൂപയ്ക്കുള്ള ഒരു സംഘത്തിന്റെ നിക്ഷേപത്തിനു ശരാശരി ഏഴു ശതമാനം പലിശച്ചെലവുണ്ടായാല് നിക്ഷേപമുപയോഗിച്ചു നടത്തിയ വ്യാപാരപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വര്‍ഷം 5.6 ലക്ഷം രൂപ ചെലവുണ്ടാകും. ആ സംഘത്തിന്റെ ട്രേഡിങ് അക്കൗണ്ടില്‍ 4.5 ലക്ഷം രൂപയാണു വ്യാപാരലാഭമായി കാണിച്ചിട്ടുള്ളതെങ്കില് അതിന്റെ വ്യാപാരപ്രവര്‍ത്തനം യഥാര്‍ഥത്തില്‍ നഷ്ടത്തിലാണ്. പരോക്ഷച്ചെലവുകളില് പ്രധാന ചെലവായ വില്‍പ്പനച്ചരക്കിന്റെ സ്റ്റോക്കിനുണ്ടാകുന്ന പലിശച്ചെലവുകൂടി പരിഗണിച്ചുകൊണ്ട് യാഥാര്‍ഥ്യാധിഷ്ഠിതമായി വ്യാപാരക്കണക്കു തയാറാക്കുമ്പോള്‍ വ്യാപാരലാഭമുള്ള നിരവധി സംഘങ്ങളുടെ വ്യാപാരപ്രവര്‍ത്തനങ്ങള്‍ നഷ്ടത്തിലാണെന്നു ബോധ്യപ്പെടും. വ്യാപാരക്കണക്ക് എല്ലാവിധ പരോക്ഷച്ചെലവുകളും പരിഗണിച്ചു തയാറാക്കുന്ന സാഹചര്യമുണ്ടായാല്‍ വ്യാപാരലാഭത്തിന് ആദായനികുതി നല്കേണ്ടിവരുന്ന സംഘങ്ങളുടെ എണ്ണം കുറയുകയും വ്യാപാരലാഭമുണ്ടാക്കുന്ന സംഘങ്ങള്‍ നല്കേണ്ടിവരുന്ന ആദായനികുതി കാര്യമായി കുറയുകയും ചെയ്യും.
പലവക
വരുമാനം
സഹകരണച്ചട്ടം 63 അനുസരിച്ച് നിക്ഷേപം പ്രവര്ത്തനമൂലധനമാക്കിയിട്ടുള്ളതും ബാങ്കിങ് നിയന്ത്രണനിയമത്തിന്റെ പരിധിയ്ക്കുള്ളില്‍ വരാത്തതുമായ സഹകരണസംഘങ്ങള്‍ അവയുടെ കാലാവധി പൂര്‍ത്തിയാക്കിയതും നിക്ഷേപകനു മടക്കിക്കൊടുക്കാന്‍ സമയമായതുമായ നിക്ഷേപഭാഗത്തിന്റെ 100 ശതമാനവും മറ്റു ഡിമാന്റ് ടൈം നിക്ഷേപങ്ങളുടെ 20 ശതമാനവും എപ്പോഴും തരളധനമായി സൂക്ഷിക്കേണ്ടതാണ്. തരളധനമായി സൂക്ഷിക്കേണ്ട നിക്ഷേപഭാഗത്തിന്റെ ചെറിയൊരു ഭാഗം കാഷ് ബാലന്‍സായി വെച്ചശേഷം ബാക്കിയുള്ള തരളധനഭാഗവും വായ്പ കൊടുക്കാന്‍ കഴിയാതെവരുന്ന മിച്ചനിക്ഷേപവും കേരള ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തുകയാണു ചെയ്യുക. മൊത്തനിക്ഷേപത്തിന്റെ പകുതിയിലധികം തുക കേരള ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളും കേരളത്തിലുണ്ട്. ഈ നിക്ഷേപത്തിനു കേരള ബാങ്കില്‍നിന്നു ലഭിക്കുന്ന പലിശ ആദായനികുതി നല്കാന് ബാധ്യസ്ഥമല്ലാത്ത വരുമാനമാണ്. എന്നാല്‍, വായ്പാസംഘങ്ങളുടെ ലാഭനഷ്ടക്കണക്കില്‍ ഈ വരുമാനം കേരള ബാങ്കിലെ നിക്ഷേപത്തിനു ലഭിച്ച പലിശ എന്ന വിഭാഗത്തിലല്ല വരുമാനമായി കാണിക്കുന്നത്. പകരം, പലവകവരുമാനം എന്ന വിഭാഗത്തിലാണ്. കാലോചിതമായി ഓഡിറ്റ് മാന്വലും വായ്പാസംഘങ്ങളുടെ ലാഭനഷ്ടക്കണക്കിന്റെ മാതൃകയും പരിഷ്കരിക്കാത്തതിനാല് ആദായനികുതി നല്കാന് ബാധ്യസ്ഥമല്ലാത്ത കേരള ബാങ്കിലെ നിക്ഷേപത്തിന്മേല് സംഘത്തിനു ലഭിക്കുന്ന പലിശ പലവക വരുമാനമായി കാണിക്കുന്നതിനാല്‍ അതിന് ആദായനികുതി നല്കാന് നിര്‍ബന്ധിതമാവുന്നു.
ബാങ്കിങ്
നിയന്ത്രണനിയമം
2020 ജൂണ്‍ 26 നു ബാങ്കിങ് നിയന്ത്രണ നിയമഭേദഗതി ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നപ്പോള്‍ നിയമത്തിലെ വകുപ്പ് മൂന്നിലും ഭേദഗതി വരുത്തുകയുണ്ടായി. വകുപ്പ് മൂന്നിലെ ഭേദഗതി ജൂണ്‍ 26 മുതല്‍ത്തന്നെ പ്രാബല്യത്തില്‍ വന്നു. ഭേദഗതി ചെയ്യപ്പെട്ട വകുപ്പ് മൂന്നിലെ വ്യവസ്ഥപ്രകാരം ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകളൊന്നും പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കും കാര്‍ഷികവികസനത്തിനായി ദീര്‍ഘകാല വായ്പകള്‍ നല്കുകയെന്നതു പ്രാഥമികലക്ഷ്യവും പ്രധാന ബിസിനസ്സും ആയിട്ടുള്ള സഹകരണസംഘങ്ങള്‍ക്കും മൂന്നു നിബന്ധനകള്‍ക്കു വിധേയമായി ഇപ്പോള്‍ ബാധകമല്ല. 1966 മാര്‍ച്ച് ഒന്നിനു ബാങ്കിങ് നിയന്ത്രണനിയമം സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കിയപ്പോള്‍ രാജ്യത്തെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളെയും സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്കുകളെയും നിരുപാധികമായി ബാങ്കിങ് നിയന്ത്രണനിയമത്തില്‍ നിന്നൊഴിവാക്കിയിരുന്നു. മേല്‍സൂചിപ്പിച്ച വിഭാഗം സംഘങ്ങള്‍ അവയുടെ പേരിനൊപ്പം ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്നീ വാക്കുകളൊന്നും ഉപയോഗിക്കാന്‍ പാടില്ലെന്നും ബാങ്കിങ് അവയുടെ ബിസിനസ്സിന്റെ ഭാഗമായിക്കൂടെന്നും ചെക്കിന്റെ ഡ്രോയിയായി അവ പ്രവര്‍ത്തിച്ചുകൂടെന്നും ഇപ്പോള്‍ നിഷ്കര്‍ഷിക്കുന്നു. ഈ മൂന്നു വ്യവസ്ഥകളും പാലിച്ചാല്‍മാത്രം ബാങ്കിങ് നിയന്ത്രണനിയമവ്യവസ്ഥകള്‍ ബാധകമാവില്ല എന്ന വ്യവസ്ഥയാണ് ഇപ്പോള്‍ വകുപ്പ് മൂന്നിലുള്ളത്.
ബാങ്കിങ് നിയന്ത്രണനിയമത്തിന്റെ മൂന്നാം വകുപ്പില്‍ വന്ന ഭേദഗതിയുടെ പശ്ചാത്തലത്തില്‍ 2021 നവംബറില്‍ പത്രമാധ്യമങ്ങളില്‍ രണ്ടു പ്രാവശ്യം റിസര്‍വ് ബാങ്ക് വിജ്ഞാപനം നല്കുകയുണ്ടായി. ചില സഹകരണസംഘങ്ങള്‍ അവയുടെ പേരിനൊപ്പം ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ അവയ്ക്കു റിസര്‍വ് ബാങ്ക് ലൈസന്‍സില്ലെന്നും അവ നാമമാത്രഅംഗങ്ങളില്നിന്നും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നും നാമമാത്രഅംഗങ്ങളില്നിന്നുള്ള നിക്ഷേപം പൊതുജനനിക്ഷേപത്തില് കുറഞ്ഞ ഒന്നല്ലെന്നും അവയുടെ നിക്ഷേപങ്ങള്‍ക്കു റിസര്‍വ് ബാങ്കിന്റെ കീഴിലുള്ള ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്റെ പരിരക്ഷയില്ലെന്നും കാണിച്ചുകൊണ്ട് പൊതുജനത്തിനുള്ള ഒരു മുന്നറിയിപ്പായിരുന്നു പത്രവിജ്ഞാപനത്തിന്റെ ഉദ്ദേശ്യം. റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനത്തിന്റെ വെളിച്ചത്തില്‍ 2021 ഡിസംബര്‍ ഒന്നിനു സഹകരണസംഘം രജിസ്ട്രാറും ഡിസംബര്‍ രണ്ടിനു സംസ്ഥാന സഹകരണമന്ത്രിയും മേല്‍സൂചിപ്പിച്ച മുന്നറിയിപ്പുനോട്ടീസ് പിന്വലിക്കാന്വേണ്ടിയുള്ള അപേക്ഷ കേന്ദ്ര സഹകരണമന്ത്രിക്കു നല്കുകയുണ്ടായി.
ഭാവിയില്‍ പ്രശ്നം
സങ്കീര്‍ണമാകാം
ബാങ്കിങ് നിയന്ത്രണനിയമത്തിലെ മൂന്നാം വകുപ്പില്‍ വരുത്തിയ ഭേദഗതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രാഥമിക കാര്ഷികവായ്പാസഹകരണസംഘങ്ങള്ക്കു നിക്ഷേപസമാഹരണത്തിലും അംഗങ്ങളുമായി നടത്തുന്ന ബാങ്കിങ് പ്രവര്‍ത്തനങ്ങളിലും സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഭാവിയിലുണ്ടാകാം. സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ നിക്ഷേപത്തിന്റെ നല്ലൊരു ഭാഗം നാമമാത്രഅംഗങ്ങളില്നിന്നുള്ള നിക്ഷേപമാണ്. കേരള സഹകരണസംഘംനിയമത്തിലെ വകുപ്പ് രണ്ടിന്റെ ക്ലോസ് ( ഒ എ എ ) യില്‍ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ പ്രവര്‍ത്തനമേഖല ഒരു വില്ലേജോ പഞ്ചായത്തോ അല്ലെങ്കില്‍ മുനിസിപ്പാലിറ്റിയോ അധികരിച്ചുകൂടെന്നു നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍, സര്‍വീസ് സഹകരണസംഘത്തിന്റെയും സര്‍വീസ് സഹകരണ ബാങ്കിന്റെയും ഫാര്‍മേഴ്സ സര്‍വീസ് സഹകരണ ബാങ്കിന്റെയും റൂറല്‍ ബാങ്കിന്റെയും നിയമാവലികളില്‍ അവയുടെ നാമമാത്രഅംഗത്വം ഒരു താലൂക്കിലോ അല്ലെങ്കില്‍ ഒരു റവന്യൂ ജില്ലക്കുള്ളിലോഉള്ള 18 വയസ് പൂര്‍ത്തിയായ ഏതു വ്യക്തിക്കും നല്കാന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അംഗത്വം ലഭിക്കാന്‍ ഒരു വ്യക്തിക്കുണ്ടായിരിക്കേണ്ട യോഗ്യതകള്‍ സഹകരണസംഘം നിയമത്തിലെ വകുപ്പ് 16 ലും ചട്ടം 16 ലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, നോമിനല്‍ അംഗത്വം നല്കുമ്പോള് വകുപ്പിലും ചട്ടത്തിലുമുള്ള യോഗ്യതകള്‍ പരിഗണിക്കാറില്ല. ഒരു പ്രാഥമിക കാര്ഷികവായ്പാസംഘത്തിലെ നാമമാത്രഅംഗം മറ്റു പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളിലും നാമമാത്രഅംഗത്വമുള്ളവരാകാന് സാധ്യത ഏറെയാണ്. രണ്ടു വായ്പാസംഘങ്ങളില്‍ അംഗമാകുന്നതിനു നിരോധനം കല്‍പ്പിച്ചിട്ടുള്ള സഹകരണച്ചട്ടം 27 ല്‍ എ ക്ലാസ് അംഗത്വം എന്നു വ്യക്തമാക്കാത്തസ്ഥിതിക്കു പ്രസ്തുത ചട്ടവ്യവസ്ഥ നാമമാത്രഅംഗങ്ങള്ക്കും ബാധകമാണ്. നിയമത്തിലെ വകുപ്പ് രണ്ടിന്റെ ക്ലോസ് ( എല്‍ ) ല്‍ അംഗം എന്നതിന്റെ നിര്‍വചനത്തില്‍, സഹകരണസംഘം രജിസ്ട്രേഷന് പ്രക്രിയയില്‍ ചേര്‍ന്ന വ്യക്തിയോ നിയമത്തിന്റെയും ചട്ടങ്ങളുടെയും നിയമാവലിയുടെയും അടിസ്ഥാനത്തില്‍ രജിസ്ട്രേഷനുശേഷം നാമമാത്ര, സഹായകാംഗം ഉള്‍പ്പെടെ അംഗത്വം ലഭിച്ചിട്ടുള്ള വ്യക്തിയോ ആയിട്ടാണ് അംഗത്തെ കാണുന്നത്. അതിനാല്‍ ദ്വയാംഗത്വം നാമമാത്രഅംഗങ്ങള്ക്കും പാടില്ലാത്തതാണ്. മേല്‍സൂചിപ്പിച്ച നിയമവ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാത്ത അംഗത്വമായി നാമമാത്രഅംഗത്വം കാണുന്നതുകൊണ്ടാകാം റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനത്തില്‍ നോമിനല്‍ അംഗങ്ങളില്‍നിന്നും സ്വീകരിക്കുന്ന നിക്ഷേപം പൊതുജനനിക്ഷേപമായി വ്യാഖ്യാനിക്കുന്നത്.
പ്രവര്‍ത്തനപരിധി
ഒഴിവാക്കണം
ബാങ്കിങ് നിയന്ത്രണനിയമത്തിലെ വകുപ്പ് അഞ്ചു ബി ബാങ്കിങ്ങിനു നല്‍കിയിട്ടുള്ള നിര്‍വചനത്തില്‍ വായ്പ നല്‍കുന്നതിനോ നിക്ഷേപം നടത്തുന്നതിനോവേണ്ടി പൊതുജനങ്ങളില്‍നിന്നു നിക്ഷേപം പണമായി സ്വീകരിക്കുകയും നിക്ഷേപകന് ആവശ്യപ്പെടുമ്പോഴോ അല്ലാത്തപക്ഷമോ മടക്കിക്കൊടുക്കേണ്ടതും ചെക്കായും ഡ്രാഫ്റ്റായും പെ ഓര്‍ഡറായും മറ്റു രീതിയിലും പിന്വലിക്കാനനുവദിക്കുന്നതുമായ പ്രവൃത്തിയായിട്ടാണു ബാങ്കിങ്ങിനെ വിവക്ഷിച്ചിട്ടുള്ളത്. അംഗങ്ങളുടെ മാത്രം നിക്ഷേപം സ്വീകരിക്കുകയും അത് അംഗങ്ങള്‍ക്കു വായ്പ നല്‍കുന്നതിനോ നിക്ഷേപം നടത്തുന്നതിനോ ഉപയോഗിക്കുകയും ചെയ്യുന്ന പ്രവൃത്തിയെ ബാങ്കിങ്ങായി നിയമത്തില്‍ കാണുന്നില്ല. ആയതിനാല്‍ വോട്ടവകാശമുള്ള എ ക്ലാസംഗങ്ങളുടെ മാത്രം നിക്ഷേപം സ്വീകരിക്കുന്നപക്ഷം പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ റിസര്‍വ് ബാങ്ക് ഇടപെടുകയില്ല. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ സംസ്ഥാനം മുഴുവന്‍ പ്രവര്ത്തനമേഖലയാക്കിക്കൊണ്ട് കേരളത്തില്‍ എവിടെ താമസിക്കുന്നയാള്‍ക്കും എ ക്ലാസ് അംഗത്വം നല്കി അവരുടെ നിക്ഷേപം ഉയര്‍ന്ന പലിശ നല്കി സ്വീകരിക്കുമ്പോള്‍ ഒരു വില്ലേജിലോ പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോനിന്നുമാത്രം എ ക്ലാസ് അംഗങ്ങളുടെ നിക്ഷേപം സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുന്ന പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ നിക്ഷേപസമാഹരണ സാധ്യതകള്‍ പരിമിതപ്പെടുന്നു. ഈ പരിമിതി ഒഴിവാക്കാന്‍ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ പ്രവര്‍ത്തനപരിധി ഒരു വില്ലേജോ പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ ആയിരിക്കണമെന്ന നിയന്ത്രണവ്യവസ്ഥ നിര്‍വചനത്തില്‍നിന്നു നീക്കം ചെയ്യേണ്ടതാണ്.
ബാങ്കിങ് നിയന്ത്രണനിയമത്തിലെ വകുപ്പ് ഏഴില്‍ ഒരു സഹകരണ ബാങ്കൊഴികെ മറ്റു സഹകരണസംഘങ്ങളൊന്നും അതിന്റെ പേരിന്റെ ഭാഗമായോ അല്ലെങ്കില്‍ ബിസിനസ്സുമായി ബന്ധപ്പെട്ടോ ബാങ്ക്, ബാങ്കര്‍, ബാങ്കിങ് പദങ്ങളൊന്നും ഉപയോഗിച്ചുകൂടെന്നു നിഷ്കര്‍ഷിക്കുന്നുണ്ട്. പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ പേരില്‍നിന്നും ബാങ്ക് എന്ന വാക്ക് നീക്കം ചെയ്യണമെന്നു കാണിച്ചുള്ള കത്തുകള്‍ റിസര്‍വ് ബാങ്കില്‍നിന്നു ചീഫ് സെക്രട്ടറിക്കും സഹകരണവകുപ്പു സെക്രട്ടറിക്കും സഹകരണസംഘം രജിസ്ട്രാര്‍ക്കും ലഭിച്ചിട്ടുണ്ട്. പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ പേരില്‍നിന്നു ബാങ്ക് എന്ന വാക്ക് നീക്കുന്നതു അവയുടെ നിക്ഷേപസമാഹരണസാധ്യതയേയോ ജനവിശ്വാസത്തേയോ പ്രതികൂലമായി ബാധിക്കുന്നതല്ല. മിസലേനിയസ് സഹകരണസംഘമായ അനന്തപുരി സഹകരണസംഘം 600 കോടി രൂപയിലധികം നിക്ഷേപം സമാഹരിച്ചിട്ടുള്ളതും മലബാര്‍ മേഖലയിലെ ഏതാനും വനിതാസഹകരണസംഘങ്ങള്‍ 100 കോടിയിലധികം നിക്ഷേപം സമാഹരിച്ചിട്ടുള്ളതും മേല്‍സൂചിപ്പിച്ച വസ്തുതയ്ക്കുള്ള തെളിവുകളാണ്. റിസര്‍വ് ബാങ്ക് പത്രമാധ്യമങ്ങളില്‍ തുടര്‍ന്നും പ്രാഥമിക കാര്ഷികവായ്പാസംഘങ്ങള്ക്കെതിരെ വിജ്ഞാപനം നല്കി അവയുടെ അംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും മനസ്സില്‍ സംശയം ജനിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ അവയുടെ നിയന്ത്രണമേധാവിയായ സഹകരണസംഘം രജിസ്ട്രാറുടെ ഭാഗത്തുനിന്നും അനുയോജ്യമായ നടപടികള്‍ ഉണ്ടാകേണ്ടതാണ്.
ഇന്ത്യയിലെ പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ 1.7 ശതമാനംമാത്രമുള്ള കേരളത്തിലെ കാര്‍ഷികവായ്പാസംഘങ്ങള്‍ക്ക് അവയുടെ നിക്ഷേപത്തിന്റെ 70 ശതമാനത്തോളം സമാഹരിക്കാന്‍ കഴിയുന്നുവെന്നതു സര്‍ക്കാരിന്റെ ഓഹരിമൂലധന പങ്കാളിത്തവും ഡെപ്പോസിറ്റ് ഗാരണ്ടി സ്കീം, റിസ്ക്ഫണ്ട് സ്കീം തുടങ്ങിയ സര്ക്കാര്പദ്ധതികളുമുള്ളതുകൊണ്ടാണ്. കഴിഞ്ഞ 13 വര്‍ഷമായി ആദായനികുതിവകുപ്പിന്റെ നിയമവിരുദ്ധമായ നടപടികളിലൂടെ ആദായനികുതി നല്കിക്കൊണ്ടിരുന്ന വായ്പാസംഘങ്ങള്‍ക്കു സുപ്രീംകോടതിവിധികള് വളരെ ആശ്വാസമായിട്ടുണ്ട്. വായ്പാസംഘങ്ങളിലെ നിക്ഷേപകരുടെ നിക്ഷേപസുരക്ഷിതത്വത്തില് ആശങ്ക ജനിപ്പിക്കുന്നവിധമുള്ള റിസര്‍വ് ബാങ്ക് വിജ്ഞാപനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായകമായ നിയമവ്യവസ്ഥകളും പ്രവര്‍ത്തനരീതിയും ഉണ്ടാകേണ്ടതാണ്. അതോടൊപ്പം, തുടര്‍ന്നും ആദായനികുതി നല്കാന് ബാധ്യസ്ഥമായ പലിശയിതര വരുമാനം കുറേക്കൂടി യാഥാര്‍ഥ്യാധിഷ്ഠിതമായി തിട്ടപ്പെടുത്താനും തരളധനവും മിച്ചഫണ്ടും കേരള ബാങ്കില്‍ നിക്ഷേപം നടത്തുമ്പോള്‍ അതിനു ലഭിക്കുന്ന പലിശ കേരള ബാങ്കിലെ നിക്ഷേപത്തിനു ലഭിച്ച പലിശയായിത്തന്നെ ലാഭനഷ്ടക്കണക്കില്‍ കാണിക്കാനും കാലതാമസമില്ലാതെ സംവിധാനമുണ്ടാകണം. ( അവസാനിച്ചു ).
(മൂന്നാംവഴി സഹകണ മാസിക ജൂലായ് ലക്കം 2023)
[mbzshare]