സഹകാരിജീവിതം അവഗണിക്കാനുള്ളതല്ല

[email protected]

ഒരു നാടിന്റെ നന്മ, അവിടെയുള്ള ജനങ്ങളുടെ ജീവിതാവശ്യം നിറവേറ്റാനുള്ള കരുതല്‍ – അതാണ് ഒരു സഹകരണ സംഘം പിറക്കുന്നതിലൂടെ ഉണ്ടാകുന്നത്. മറ്റൊരു ബിസിനസ് സംരംഭം പോലെയല്ല സഹകരണ സംഘം. വലിയ മൂലധനമിറക്കി അതിലേറെ ലാഭം കൊയ്യുകയല്ല സഹകരണ സംഘത്തിന്റെ ലക്ഷ്യവും രീതിയും. ഒരു പ്രദേശത്തിന്റെ ആവശ്യം മനസ്സിലാക്കി, സഹകരണ നിയമം അനുശാസിക്കുന്ന വിധത്തില്‍ അതിന് പ്രവര്‍ത്തന പദ്ധതിയുണ്ടാക്കി, ആ നാടുള്‍ക്കൊള്ളുന്ന ജനങ്ങളുടെ ജീവിത പുരോഗതിയ്ക്കായി പ്രവര്‍ത്തിക്കുന്നതാണ് സഹകരണ സംഘത്തിന്റെ ഘടന. തൊഴിലാളികള്‍, കര്‍ഷകര്‍, വനിതകള്‍, പട്ടിക വിഭാഗക്കാര്‍ തുടങ്ങി ഓരോ വിഭാഗത്തിനിടയിലും സഹകരണ ഗ്രൂപ്പുകളുണ്ടായി. ഇതൊന്നും സ്വാഭാവികമായ കൂടിച്ചേരലുകളായല്ല സംഭവിച്ചത്. അതിന് പിന്നില്‍ ദീര്‍ഘവീക്ഷണത്തോടെ, നിസ്വാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച സഹകാരികളുടെ കഠിനാദ്ധ്വാനമുണ്ട്. സംഘത്തെ അഹോരാത്രം നയിച്ച ഒരു സഹകാരി നായകനുണ്ട്. പിറവിയില്‍ മാത്രമല്ല, കാലത്തിനനുസരിച്ച് സേവനവും പ്രവര്‍ത്തനവും മെച്ചപ്പെടുത്തിക്കൊണ്ടുള്ള സംഘത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നിലും ആ നായകന്റെ വിയര്‍പ്പുണ്ട്. കേരളത്തിലെ സഹകരണ അടിത്തറ ശക്തമാക്കുന്നതിന് ഇത്രയേറെ ത്യാഗം സഹിച്ച സഹകാരികള്‍ക്ക് എന്തു തിരിച്ചുനല്‍കിയെന്ന് ഇപ്പോളെങ്കിലും ചിന്തിക്കേണ്ടതുണ്ട്.

ഓരോ സഹകരണ സംഘത്തിനും തസ്തിക നിര്‍ണയവും ശമ്പളഘടനയും നിശ്ചയിച്ച സംസ്ഥാനമാണ് കേരളം. ഈ മാതൃക അനുകരണീയമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിക്കുകയും അവിടത്തെ മന്ത്രിതല സംഘം ഇവിടെയെത്തി പഠിക്കുകയും ചെയ്തു. ശമ്പളഘടന മാത്രമല്ല, പെന്‍ഷന്‍ തുടങ്ങിയ മറ്റാനുകൂല്യങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാരുടേതിന് സമാനമായ പരിഗണന സഹകരണ മേഖലയിലും നല്‍കുന്നുണ്ട്. എന്നാല്‍, സഹകരണ സംഘം പ്രസിഡന്റുമാര്‍ക്ക് ഇത്തരമൊരു പരിഗണന ഇതുവരെ ലഭിച്ചിട്ടില്ല. പ്രസിഡന്റ് പദവി സ്ഥാപനത്തിന്റെ തസ്തികയുടെ ഭാഗമല്ല. ഇവര്‍ക്ക് ശമ്പളവുമില്ല. ഓണറേറിയം എന്ന പേരിലുള്ള നാമമാത്ര വിഹിതമാണ് സഹകാരികള്‍ക്കുള്ളത്. പാര്‍ട് ടൈം സ്വീപ്പര്‍ക്ക് ലഭിക്കുന്ന വേതനം പോലും ഓണറേറിയമായി സഹകാരികള്‍ക്ക് കിട്ടുന്നില്ല. ജീവിതസായാഹ്നത്തില്‍ നിസ്സഹായരായി, ഒരു സഹായവും കിട്ടാതെ ബുദ്ധിമുട്ടുന്ന സഹകാരികള്‍ ഏറെയുണ്ട്. ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ ഓടിനടന്ന് വളര്‍ത്തിയ സഹകരണ സംഘം പോലും ക്ഷീണാവസ്ഥയില്‍ ആ സഹകാരിക്ക് തുണയാകുന്നില്ല. പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ഇല്ല. ഇതിനൊക്കെ കാലോചിതമായ പരിഷ്‌കാരം അനിവാര്യമായിരിക്കുന്നു. പുതുതലമുറയില്‍ നിന്നാരും സഹകാരികളായി വരുന്നില്ലെന്നതാണ് ഇപ്പോള്‍ പലരും ഉന്നയിക്കുന്ന ആശങ്ക. എന്തുകൊണ്ട് ഇങ്ങനെ എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ചുള്ള പ്രതിഫലം പോലും കിട്ടാത്ത സേവനത്തിന് പുതുതലമുറയില്‍നിന്ന് ഇനി ആരെങ്കിലും എത്തുമെന്ന് പ്രതീക്ഷിക്കാനാവില്ല. പ്രൊഫഷണലിസം എല്ലാ മേഖലയിലും ഉണ്ടാകുമ്പോഴാണ് സഹകരണ രംഗത്തിനും കാലോചിതമായി മാറാനാവുക. അവഗണിക്കേണ്ടതല്ല സഹകാരികളുടെ ജീവിതവും അവരുടെ സേവനവും.

Leave a Reply

Your email address will not be published. Required fields are marked *

Latest News