സഹകരണമികവിനുള്ള എന്‍സിഡിസി പുരസ്‌ക്കാരം യുഎല്‍സിസിഎസിന്
സഹകരണരംഗത്തെ മികവിനും യോഗ്യതയ്ക്കുമുള്ള ദേശീയ സഹകരണവികസന കോര്‍പ്പറേഷന്റെ (NCDC) 2021-ലെ ദക്ഷിണേന്‍ഡ്യന്‍ മേഖലാപുരസ്‌ക്കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി(യുഎല്‍സിസിഎസ്)ക്ക്.
തിരുവനന്തപുരം പൂജപ്പുരയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റില്‍ എന്‍.സി.ഡി.സി. സംഘാടിപ്പിച്ച ചടങ്ങില്‍ സഹകരണമന്ത്രി വി.എന്‍. വാസവനില്‍ നിന്നും സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പലേരിയും മാനേജിങ് ഡിറക്ടര്‍ എസ്. ഷാജുവും ചേര്‍ന്ന് പുരസ്‌ക്കാരം ഏറ്റുവാങ്ങി.
എന്‍സിഡിസിയുടെ ദേശീയപുരസ്‌ക്കാരം 2008-ലും മേഖലാപുരസ്‌ക്കാരം 2018-ലും സൊസൈറ്റിക്കു ലഭിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റിക്കുള്ള അവാര്‍ഡ് നാഷണല്‍ ലേബര്‍ കോപ്പറേറ്റീവ് ഫെഡറേഷന്‍ 2013-ലും നാഷണല്‍ കോപ്പറേറ്റീവ് യൂണിയന്‍ 2016-ലും സൊസൈറ്റിക്കു സമ്മാനിച്ചിരുന്നു.