സഹകരണ ഹൗസിംഗ് ഫെഡറേഷന്‍ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു

Deepthi Vipin lal

സംസ്ഥാന സഹകരണ ഹൗസിംഗ് ഫെഡറേഷന്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവിറങ്ങി. 2014 ന് ശേഷം ആദ്യമായാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നത്. 2015 ജനുവരി ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്. സഹകരണ മന്ത്രി വി.എന്‍. വാസവന്റെ നിര്‍ദ്ദേശ പ്രകാരമാണ് അടിയന്തര ഉത്തരവിറങ്ങിയത്.

ശമ്പള പരിഷ്‌കരണത്തിന് കാലതാമസമുണ്ടായതിന്റെ നഷ്ടം ജീവനക്കാര്‍ക്കുണ്ടാകരുതെന്ന സഹകരണ വകുപ്പിന്റെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് മുന്‍കാല പ്രാബല്യം നടപ്പാക്കിയത്. അടിസ്ഥാന ശമ്പളത്തോടൊപ്പം 38 ശതമാനം ക്ഷാമബത്ത ലയിപ്പിച്ച് കിട്ടുന്ന തുകയോടൊപ്പം നാലു ശതമാനം ഫിറ്റ്‌മെന്റ് ആനുകൂല്യംകൂടി ലഭ്യമാകും. അഞ്ചു വര്‍ഷത്തിനു മുകളില്‍ സര്‍വീസുള്ളവര്‍ക്ക് പുതുക്കിയ സ്‌കെയിലില്‍ ഒരു ഇന്‍ക്രിമെന്റ്കൂടി അനുവദിച്ചു. വീട്ടുവാടക അലവന്‍സ് പരിഷ്‌കരിച്ച സ്‌കെയിലിന്റെ പത്ത് ശതമാനമായി നിജപ്പെടുത്തി. പരമാവധി 2250 ആയും നിര്‍ണയിച്ചിട്ടുണ്ട്.

സ്റ്റാഗ്നേഷന്‍ ഇന്‍ക്രിമെന്റ് മൂന്നായി പുനര്‍ നിര്‍ണയിച്ചു. 2015ലുണ്ടായിരുന്ന ക്ഷാമബത്തയുടെ 36 ശതമാനം അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചു. ഇതിന് ശേഷം 35 ശതമാനം നിരക്കില്‍ ക്ഷാമബത്ത അനുവദിച്ചിട്ടുണ്ട്. നാല് ഹയര്‍ ഗ്രേഡുകള്‍ കൃത്യമായ ഇടവേളകളില്‍ നല്‍കാന്‍ നിശ്ചയിച്ചു. മെഡിക്കല്‍ അലവന്‍സ് പരമാവധി 2500 രൂപയായിരിക്കും. യൂണിഫോം ധരിക്കുന്നവര്‍ക്ക് 300 രൂപ വാഷിംഗ് അലവന്‍സ് നല്‍കും. റിസ്‌ക് അലവന്‍സ് 400 രൂപ, സ്ഥിരം യാത്രപ്പടി 1250 രൂപ. ജില്ലയ്ക്ക് പുറത്തേക്കുള്ള യാത്രയ്ക്ക് ഓരോ ജില്ലയ്ക്കും 600 രൂപ വീതവും യാത്രപ്പടിയുണ്ടാകും. പുതുക്കിയ സ്‌കെയിലില്‍ ശമ്പളം നിര്‍ണയിച്ച ശേഷം 2016 ല്‍ അടുത്ത ഇന്‍ക്രിമെന്റ് അനുവദിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതുക്കിയ സ്‌കെയിലിന് മുന്‍കാല പ്രാബല്യമുണ്ടെങ്കിലും വീട്ട് വാടക അടക്കമുള്ള അലവന്‍സുകള്‍ക്ക് ഉത്തരവിറങ്ങിയ തീയതി മുതലായിരിക്കും പ്രാബല്യമുണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News