സഹകരണ സംഘങ്ങള്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുന്നതിന് സർക്കാർ അനുമതി

[mbzauthor]

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സഹകരണ സംഘങ്ങള്‍ക്കും ബാധകമാക്കി. സഹകരണ സംഘങ്ങള്‍ക്ക് സ്വന്തം നിലയിലോ ഒന്നിലേറെ സഹകരണ സംഘങ്ങളുടെ സംയുക്ത സംരംഭങ്ങളായോ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാനാകും. സംസ്ഥാനത്ത് വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഭൂമി ലഭ്യതയുടെ ദൗര്‍ലഭ്യം നേരിടാനുള്ള നടപടികളുടെ ഭാഗമായാണ് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

10 ഏക്കറോ അതിനുമുകളിലോ ഭൂമിയുണ്ടെങ്കില്‍ വ്യവസായ പാര്‍ക്കിന് അപേക്ഷ സമര്‍പ്പിക്കാം. വ്യക്തികള്‍, ട്രസ്റ്റുകള്‍, കൂട്ടു സംരംഭങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവര്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ നടത്താം. ഏക്കര്‍ ഒന്നിന് 30 ലക്ഷം രൂപ എന്ന നിരക്കില്‍ പരമാവധി 3 കോടി രൂപ വരെയുള്ള ധനസഹായം സര്‍ക്കാര്‍ നല്‍കും. ഭൂമിയുടെ വിസ്തൃതി 5 ഏക്കര്‍ മാത്രമേ ഉള്ളൂവെങ്കിലും ഈ പദ്ധതിയുടെ ഭാഗമാകാം. അഞ്ച് ഏക്കര്‍ ഭൂമിയില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികളാണ് ആരംഭിക്കാനാവുക.

വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം, ഡ്രെയിനേജ് ഉള്‍പ്പെടെയുള്ള പൊതു സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിന് മൂന്ന് കോടി രൂപ വരെ ധനസഹായം നല്‍കും. വകുപ്പു സെക്രട്ടറിമാര്‍ അടങ്ങുന്ന ഉന്നതതല സമിതി പരിശോധിച്ച് അപേക്ഷകളില്‍ തീരുമാനമെടുക്കും. അനുമതി നല്‍കുന്നവര്‍ക്ക് എസ്റ്റേറ്റ് ഡവലപ്പര്‍ പെര്‍മിറ്റ് നല്‍കും. കണ്ണൂര്‍ വി.പി.എം.എസ് ഫുഡ് പാര്‍ക്ക് ആന്റ് വെന്‍ചേഴ്‌സ്, കോട്ടയം ഇന്ത്യന്‍ വിര്‍ജിന്‍ സ്‌പൈസസ് പ്രൈവറ്റ് ലിമിറ്റഡ്, മലപ്പുറം മലബാര്‍ എന്റര്‍പ്രൈസസ്, പാലക്കാട് കടമ്പൂര്‍ ഇന്‍ഡസ്റ്റ്രിയല്‍ പാര്‍ക്ക് എന്നീ നാല് എസ്റ്റേറ്റുകള്‍ക്കാണ് ഇതിനകം പെര്‍മിറ്റ് നല്‍കിയത്. ആകെ 24 അപേക്ഷകളാണ് പുതിയ നയം പ്രഖ്യാപിച്ച ശേഷം സര്‍ക്കാരിന് ലഭിച്ചത്.

മൂന്നര വര്‍ഷത്തിനുള്ളില്‍ 100 വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ സമര്‍പ്പിക്കപ്പെട്ട 24 അപേക്ഷകരില്‍ നിന്ന് 11 എണ്ണം സംസ്ഥാനതല കമ്മിറ്റിക്ക് മുന്നില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. സ്വകാര്യ എസ്റ്റേറ്റുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ കാലതാമസം നേരിടാതിരിക്കുന്നതിന് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.പതിനഞ്ച് ഏക്കറിനു മുകളിലാണ് നിര്‍ദ്ദിഷ്ട ഭൂമിയെങ്കില്‍ ഭൂപരിഷ്‌ക്കരണ നിയമത്തിനനുസൃതമായ ഇളവുകള്‍ ലഭിക്കേണ്ടതുണ്ട്. സഹകരണ സംഘങ്ങള്‍ക്ക് ഇത്തരത്തില്‍ ഇളവ് ആവശ്യമുണ്ടെങ്കില്‍ അതക് ആദ്യം സഹകരണ വകുപ്പ് പരിശോധിച്ചതിന് ശേഷമാകും സര്‍ക്കാര്‍ അംഗീകാരത്തിനായി നല്‍കുക. മന്ത്രിതല കമ്മിറ്റി പരിശോധിച്ച് ശേഷം ക്യാബിനറ്റ് അംഗീകാരത്തിനായി സമര്‍പ്പിക്കും.

സമാന സ്വഭാവമുള്ള വ്യവസായങ്ങള്‍ക്ക് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സംരഭകര്‍ക്ക് സഹായങ്ങള്‍ക്ക് 1153 ഇന്റേണുകളുടെ സേവനം നിലവില്‍ ലഭ്യമാണ്. സംരഭകരുടെ പരാതി പരിഹാരത്തിന് ടോള്‍ ഫ്രീ നമ്പറുകളും , സഹായങ്ങള്‍ക്ക് വിദഗ്ദ്ധ പാനലിന്റെ സഹായവും ലഭ്യമാകും. സംസ്ഥാനത്ത് കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതിനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ ഇതുവഴി ലക്ഷ്യമിടുന്നതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.