സഹകരണ സംഘങ്ങളുടെ സംരംഭങ്ങള്‍ക്ക് സാങ്കേതിക സഹായത്തിന് ധാരണ
തേങ്ങയില്‍നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്ന സംരംഭങ്ങള്‍ക്ക് സാങ്കേതിക സഹായം ലഭ്യമാക്കാന്‍ കോക്കനട്ട് ഡവലപ്‌മെന്റ് ബോര്‍ഡ് സന്നദ്ധത അറിയിച്ചു. സഹകരണ സംഘങ്ങളിലൂടെ കാര്‍ഷിക വിളകളുടെ മൂല്യവര്‍ദ്ധിത ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങുന്നതിന് സഹകരണ വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നബാര്‍ഡിന്റെ കാര്‍ഷിക അടിസ്ഥാന സൗകര്യവികസന നിധി ഉപയോഗിച്ച് സഹകരണ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനാണ് വകുപ്പിന്റെ ശ്രമം.
പത്ത് കാര്‍ഷിക വിളകളെ അടിസ്ഥാനമാക്കി സംരംഭങ്ങള്‍ തുടങ്ങാനാണ് സഹകരണ വകുപ്പിന്റെ തീരുമാനം. തേങ്ങ, റബ്ബര്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. തേങ്ങയില്‍നിന്ന് ഏഴ് ഉല്‍പന്നങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ എന്നിവയില്‍ ഒതുങ്ങി നില്‍ക്കുകയാണ് തേങ്ങയില്‍നിന്നുള്ള സഹകരണ ഉല്‍പന്നങ്ങള്‍. തേങ്ങ ചിപ്‌സ് പോലുള്ള ഉല്‍പന്നങ്ങള്‍ക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ വിപണിയുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്താനാണ് കോക്കനട്ട് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ സംരംഭങ്ങള്‍ തുടങ്ങാന്‍ ആലോചിക്കുന്നത്. ഇത്തരം ഉല്‍പാദന യൂണിറ്റുകള്‍ക്ക് കോക്കനട്ട് ഡവലപ്‌മെന്റ് ബോര്‍ഡിന് ടെക്‌നോളജി സഹായമുണ്ട്. അത് സഹകരണ സംഘങ്ങള്‍ക്കുമായി പങ്കുവെക്കാമെന്നാണ് ബോര്‍ഡ് അറിയിച്ചിട്ടുള്ളത്.
റബ്ബര്‍ മേഖലയിലുള്ള സഹകരണ സംരംഭങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡും സഹായം അറിയിച്ചിട്ടുണ്ട്. ഗ്ലൗസ് പോലുള്ളവയുടെ നിര്‍മ്മാണ യൂണിറ്റാണ് ഇതില്‍ ആലോചിക്കുന്നത്. അതിന് പുറമെ, റബ്ബര്‍ തോട്ടങ്ങളില്‍ സഹകരണ സംഘങ്ങളുടെ മേല്‍നോട്ടത്തില്‍ കാര്‍ഷിക പദ്ധതി നടപ്പാക്കുകയാണ് മറ്റൊന്ന്. മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, കാന്താരി എന്നിവയുടെ ഉല്‍പാദനമാണ് ലക്ഷ്യം. ഇവ വന്‍തോതില്‍ ഉല്‍പാദിപ്പിക്കാനായാല്‍, സംസ്‌കരണ-ഗ്രേഡിങ്- പാക്കിങ് യൂണിറ്റുകളും സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ അനുബന്ധമായി തുടങ്ങാനാകും.
കേരളത്തിലെ സുഗന്ധദ്രവ്യങ്ങളുടെ വിപണി മൂല്യം സഹകരണ സംഘങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ട്രൈഫെഡ് കേരളത്തില്‍ നിന്ന് കുറെ ഉല്‍പന്നങ്ങള്‍ ഏറ്റെടുത്ത് വില്‍പന നടത്തുന്നുണ്ട്. അത് പരിമിതമാണ്. പട്ടികവിഭാഗം സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുകയും, അവയിലൂടെ ഇത്തരം ഉല്‍പന്നങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുമാണ് ആലോചിക്കുന്നത്. ഈ ഉല്‍പന്നങ്ങള്‍ കോഓപ് കേരള മുദ്രയോടെ വിപണിയിലെത്തിക്കും. ദേശീയതലത്തില്‍ സഹകരണ ബ്രാന്‍ഡിലുള്ള സുഗന്ധദ്രവ്യങ്ങളെ പരിചയപ്പെടുത്തി വിപണി കണ്ടെത്താനുള്ള ഇടപെടലും സഹകരണ വകുപ്പ് നടത്തുന്നുണ്ട്.