സഹകരണ സംഘങ്ങളുടെ വാർഷിക പൊതുയോഗം ജില്ലാ ഭരണകൂടങ്ങൾക്ക് തലവേദനയാകുന്നു.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വാർഷിക പൊതുയോഗം നടത്തുന്നത്തിന് മാർച്ച് 31 വരെ സമയപരിധി ദീർഘിപ്പിച്ച് നൽകിയതായി അറിയുന്നു. നിലവിൽ ഡിസംബർ 31 വരെയാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്. സംഘങ്ങളുടെ വാർഷിക പൊതുയോഗം നടത്തുന്നത് നിലവിൽ ജില്ലാ ഭരണകൂടങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്‌. കോവിഡ് മാനദണ്ഡം പാലിച്ച് പരമാവധി 100 പേർക്കാണ് പങ്കെടുക്കാൻ സാധിക്കുക. എന്നാൽ സഹകരണസംഘങ്ങളുടെ മെമ്പർമാർ അഞ്ഞൂറും ആയിരവും അതിൽ കൂടുതലും ഉണ്ട്. ഇതാണ് കോവിഡ് കാലത്ത് ജില്ലാ ഭരണകൂടങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്നത്. നൂറു പേർക്കാണ് പരമാവധി പരിപാടിയിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകുന്നത്. നിരവധി സഹകരണസംഘങ്ങൾ ആണ് ഡിസംബർ 31നകം വാർഷിക പൊതുയോഗം നടത്തുന്നതിനായി പത്രങ്ങളിൽ പരസ്യം നൽകുന്നത്. ഇതിനെല്ലാം തന്നെ മൗനസമ്മതം നൽകുകയാണ് ഇപ്പോൾ ജില്ലാഭരണകൂടങ്ങൾ ചെയ്യുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർമാരുടെ അഭിപ്രായം ആരാ യുമ്പോൾ വ്യക്തമായ മറുപടി ലഭിക്കുന്നില്ല. ഇക്കാര്യം മൂന്നാംവഴി ആഴ്ചകൾക്ക് മുമ്പ് തന്നെ സഹകരണവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയിരുന്നു.

വാർഷിക പൊതുയോഗം നടത്തുന്നതിന് കാലാവധി നീട്ടി നൽകുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഇന്നുവരെയും സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ ഇറങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ വകുപ്പുമന്ത്രി മാർച്ച് 31 വരെ സമയം ദീർഘിപ്പിച്ച് നൽകണമെന്ന് രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയതായി അറിയുന്നു. വരുംദിവസങ്ങളിൽ മാർച്ച് 31 വരെയെങ്കിലും കാലാവധി നീട്ടി നൽകും എന്നുള്ള ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് സഹകാരികൾ. നിലവിൽ പൊതുയോഗം നടത്തുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി നൽകിയിട്ടുണ്ടെങ്കിലും കോവിഡ്മൂലം മുഴുവൻ മെമ്പർമാരെയും പങ്കെടുപ്പിച്ചുകൊണ്ട് പൊതുയോഗം നടത്തുന്നതിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News