സഹകരണ വിജിലന്‍സ് എട്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് പുനര്‍നിയമനം നല്‍കി
സഹകരണ വിജിലന്‍സ് വിഭാഗത്തില്‍ എട്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ പുനര്‍നിയമനം നല്‍കി. നിലവില്‍ ഇതേ ഓഫീസില്‍ ജോലി ചെയ്യുന്നവരുടെ കാലാവധിയാണ് നീട്ടി നല്‍കിയത്. സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സഹകരണ വിജിലന്‍സ് സംവിധാനം ശക്തമാക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ നിയമസഭയുടെ പരിഗണനയിലുള്ള ബില്ല് പാസാകുന്നതോടെ വിജിലന്‍സ് വിഭാഗത്തെ ഘടനാപരമായി തന്നെ പരിഷ്‌കരിക്കും.
തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ രണ്ട്, ആലപ്പുഴ, തൃശൂര്‍ എന്നീ ഓഫീസുകളില്‍ മൂന്നുവീതവും സിവില്‍ പോലീസ് ഓഫീസര്‍മാരുടെ കാലാവധിയാണ് നീട്ടിനല്‍കിയത്. എസ്.ശിവകുമാര്‍, എസ്.ശരത് എന്നിവരാണ് തിരുവനന്തപുരം ഓഫീസിലുള്ളത്. കെ.പി.ബിനില്‍, കെ.ടി. ഇന്ദ്രജിത്ത്, എ.എസ്.ഷാഹിദ എന്നിവര്‍ ആലപ്പുഴ ഓഫീസിലും കെ.സി.സുനില്‍, എം.എല്‍.വിജോഷ്, വി.എം. സജീവന്‍ എന്നിവര്‍ തൃശൂര്‍ ഓഫീസിലും ജോലി ചെയ്യും.
നിലവില്‍ മേഖലാടിസ്ഥാനത്തിലാണ് സഹകരണ വിജിലന്‍സിന് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇത് എല്ലാ ജില്ലകളിലും തുടങ്ങാനും ഓരോ ജില്ലയിലും ഓരോ ഡി.വൈ.എസ്.പി.മാരെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കാനുമാണ് സഹകരണ വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള വ്യവസ്ഥയാണ് നിയമസഭ പരിഗണിക്കുന്ന ബില്ലിലുള്ളത്. സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശിക്കുന്ന കേസുകള്‍ മാത്രമാണ് ഇപ്പോള്‍ സഹകരണ വിജിലന്‍സ് അന്വേഷിക്കുന്നത്. അതിന് പകരം ലഭിക്കുന്ന പരാതികളിലും അന്വേഷണം നടത്താന്‍ കഴിയുന്ന വിധത്തിലാണ് വരാനിരിക്കുന്ന മാറ്റം. ഇങ്ങനെ വരുമ്പോള്‍ കൂടുതല്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ ഓരോ ജില്ലയിലും വേണ്ടിവരും. അതുകൊണ്ടാണ് നിലവിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ച്ച അനുവദിച്ചത്.