സഹകരണ വകുപ്പ് ആധുനിക വല്‍ക്കരിക്കാന്‍ ഒന്നരക്കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി  

moonamvazhi

സഹകരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെയും സഹകാരികളെയും അറിയിക്കാന്‍ സമൂഹമാധ്യമ ഇടപെടല്‍ ശക്തമാക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പദ്ധതി നടപ്പാക്കുന്നു. വകുപ്പിന്റെ ആധുനികവല്‍ക്കരണത്തിനായി ഒന്നരക്കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഒരുകോടി രൂപ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനാണ്. 150 കമ്പ്യൂട്ടര്‍, 50 പ്രിന്റര്‍, 40 സ്‌കാനര്‍ എന്നിവയാണ് പുതുതായി വാങ്ങുന്നത്.

സഹകരണ ട്രൈബ്യൂണല്‍ ഓഫീസില്‍ ഇ-കോര്‍ട്ട് സംവിധാനം സ്ഥാപിക്കും. 3.55 ലക്ഷം രൂപയാണ് ഇതിന് ചെലവ് കണക്കാക്കിയിട്ടുള്ളത്. സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസില്‍ പുതിയ സോഫ്റ്റ് വെയര്‍ കൊണ്ടുവരും. സി-ഡിറ്റിനാണ് ഇതിന്റെ ചുമതല നല്‍കിയിട്ടുള്ളത്. ഐ.സി.ഡി.എം.എസ്. സോഫ്റ്റ് വെയര്‍ വികസനിപ്പിക്കുന്നതിനും സി-ഡിറ്റിനെ ഏല്‍പിച്ചിട്ടുണ്ട്.

സഹകരണ വകുപ്പിന്റെ വെബ് സൈറ്റ് പരിഷ്‌കരിക്കും. വെബ് സൈറ്റിലെ വിവരങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാകുന്ന വിധത്തിലായിരിക്കും വെബ് സൈറ്റിന്റെ ഘടന. സമൂഹമാധ്യമ ഇടപെടല്‍ ശക്തമാക്കുന്നതിനായി പുതിയ ഉപകരണങ്ങള്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. അഞ്ചുലക്ഷം രൂപയാണ് ഇതിനായി കണക്കാക്കിയിട്ടുള്ളത്. ഓഫീസ് നെറ്റ് വര്‍ക്കിങ് , ഐ.ടി. അനുബന്ധ അടിസ്ഥാന സൗകര്യവികസനം, പരിശീലനം എന്നിവയ്ക്കായി 11.99 ലക്ഷം രൂപ പദ്ധതിയില്‍ നിശ്ചയിച്ചിട്ടുണ്ട്.

സഹകരണ സംഘം രജിസ്ട്രാറാണ് ആധുനവല്‍ക്കരണത്തിനുള്ള പ്രപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. മെയ് 23ന് ചേര്‍ന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ഇതിനുള്ള അംഗീകാരം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ ഭരണാനുമതി നല്‍കി സഹകരണ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News