സഹകരണ മേഖലയും പോസ്റ്റ് കോവിഡ് കാലത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് പുതിയ ശീലങ്ങളിലേക്ക് മാറുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി.
സഹകരണ മേഖലയും പോസ്റ്റ് കോവിഡ് കാലത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് പുതിയ ശീലങ്ങളിലേക്ക് മാറുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.കോവിഡാനന്തരം ലോകത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ സംവിധാനം ഒരുക്കിയും മീറ്റിങ്ങുകള്‍ വീഡിയോ കോണ്‍ഫറന്‍സിലേക്കും മറ്റും സർക്കാർ സ്വകാര്യ മേഖലകൾ മാറി കഴിഞ്ഞു. പല കമ്പനികളും നിലവിലെ സംവിധാനം തുടര്‍ന്നും പ്രയോജനപ്പെടുത്താനാണ് ആലോചിക്കുന്നത്. വിദ്യാഭ്യാസ രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. സഹകരണ മേഖലയും പുതിയ ശീലങ്ങളിലേക്ക് മാറുകയാണ്.
ഇന്ന് കൊല്ലം വടക്കേവിള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനം ഓണ്‍ലൈനായാണ് നിര്‍വഹിച്ചതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കാനും യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തെ മാനിച്ചാണ് കണ്ടോലില്‍ ശാഖയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നടത്താന്‍ ബാങ്ക് തീരുമാനിച്ചത്.
കേരളത്തില്‍ ആദ്യമായാണ് ഒരു സഹകരണ ബാങ്ക് ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇത്തരത്തില്‍ നടത്തുന്നത്. കൗണ്ടര്‍ ഉദ്ഘാടനം കൊല്ലം മേയര്‍ ഹണി ബെഞ്ചമിനും ലോക്കര്‍ ഉദ്ഘാടനം എം.നൗഷാദ് എം.എല്‍.എയും വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ആര്‍.രാമചന്ദ്രന്‍ എം.എല്‍.എയും ആദ്യ നിക്ഷേപം സ്വീകരിക്കല്‍ നോര്‍ക്കാ റൂട്ട്സ് വൈസ് ചെയര്‍മാന്‍ കെ.വരദരാജനും എന്നിവരും നിര്‍വഹിച്ചു.