സഹകരണ മേഖലയിലൂടെ 17500 തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

adminmoonam

സഹകരണ മേഖലയിലൂടെ 17500 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. ഇന്നത്തെ ആപദ്ഘട്ടത്തിൽ സഹകരണ മേഖലയാണ് സംസ്ഥാന സർക്കാരിനും സമ്പദ്ഘടനയ്ക്കും ഏറ്റവും വലിയ കരുത്തായി മാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 17500 തൊഴിൽ അവസരങ്ങളിൽ 13000ൽപ്പരം അവസരങ്ങൾ പ്രാഥമിക സഹകരണ സംഘങ്ങളോ കേരള ബാങ്കിന്റെ ശാഖകളോ സംരംഭകർക്കു നൽകുന്ന വായ്പയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെടുന്നവയാണ്. അഞ്ചു ലക്ഷം രൂപ വരെ വായ്പ നൽകുന്ന 3138 സംരംഭങ്ങളും 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന 1569 സംരംഭങ്ങളും 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകുന്ന 800 സംരംഭങ്ങളും 25 ലക്ഷത്തിനു മുകളിൽ വായ്പ ലഭ്യമാക്കുന്ന 300 സംരംഭങ്ങളുമുണ്ട്. 800 പ്രാഥമിക വായ്പാ സംഘങ്ങൾക്കും കേരള ബാങ്കിന്റെ 769 ശാഖകൾക്കും ഇതിനുള്ള ടാർജെറ്റ് നിശ്ചയിച്ചു നൽകാനാണ് പദ്ധതി.

ഒരു പ്രാഥമിക സഹകരണസംഘമോ ബ്രാഞ്ചോ 5 ലക്ഷം രൂപയുടെ രണ്ടു സംരംഭങ്ങളോ 10 ലക്ഷം രൂപയുടെ ഒരു സംരംഭമോ ആരംഭിച്ചാൽ ഈ ലക്ഷ്യത്തിലെത്തും. . ഇതിനായി 1000 കോടി രൂപ വായ്പയായി ലഭ്യമാക്കും. ഏതെങ്കിലും പ്രാഥമിക സഹകരണ സംഘത്തിന് സംരംഭക പ്രോത്സാഹനത്തിന് പണമില്ലെങ്കിൽ കേരള ബാങ്ക് വഴി റീ ഫിനാൻസ് ചെയ്യും.100 നാളികേര സംസ്ക്കരണ യൂണിറ്റുകളിലായി 1000 പേർക്കും 750 പച്ചക്കറി സംഭരണ വിൽപന കേന്ദ്രങ്ങളിലായി 1500 പേർക്കും തൊഴിൽ നൽകും. ഇതിനു പുറമേ പലയിനങ്ങളിലായി സംഘങ്ങൾ നേരിട്ടു മറ്റു സംരംഭങ്ങൾക്കു രൂപം നൽകും. ഇവയിലൂടെ 3000 പേർക്ക് തൊഴിൽ നൽകാനും ഉദ്ദേശിക്കുന്നു.അപ്പക്സ് സഹകരണ സംഘങ്ങളായ കൺസ്യൂമർഫെഡിൽ 1000, മാർക്കറ്റ് ഫെഡിൽ12, വനിതാഫെഡിൽ 174, റബ്ബർ മാർക്കിൽ 36, എസ്.സി/എസ്ടി ഫെഡിൽ 28 എന്നിങ്ങനെ 1250 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.സഹകരണ മേഖലയിലെ വായ്പാ ഇതര സംഘങ്ങളിലൂടെ 474 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സഹകരണ വകുപ്പ്/സഹകരണ ബാങ്കുകൾ/സഹകരണ സംഘങ്ങൾ എന്നിവയിലെ സ്ഥിര നിയമനങ്ങളിലൂടെ 500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മത്സ്യഫെഡിന്റെ മുൻകൈയ്യിൽ രൂപം കൊള്ളുന്ന വിവിധ തരത്തിലുള്ള സംരംഭങ്ങളിലായി 579 പേർക്കെങ്കിലും തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News